26 Jul 2024 00:21 IST
Share News :
മസ്കറ്റ്: ഒമാനിലെ സാമൂഹ്യ പ്രവർത്തകയും, ഇന്ത്യൻ സോഷ്യൽ ക്ലബ് കേരള വിഭാഗത്തിന്റെ രൂപീകരണകാലം മുതലുള്ള സജീവ പ്രവർത്തകയുമായ മോളി ഷാജിയുടെ വിയോഗത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് ഹാളിൽ വച്ച് കേരള വിഭാഗം സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഒമാനിലെ പ്രമുഖ സംഘടനാ പ്രതിനിധികളും സാമൂഹിക പ്രവർത്തകരുമുൾപ്പെടെ നൂറിലേറെ പേർ പങ്കെടുത്തു.
ലോക കേരളസഭ അംഗവും, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടറുമായ വിൽസൺ ജോർജ് അധ്യക്ഷനായ യോഗത്തിൽ, കേരള വിഭാഗം കൺവീനർ സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു. കേരള വിഭാഗം വനിതാ കോ-ഓർഡിനേറ്റർ ശ്രീജ രമേശ് അനുശോചന പ്രമേയം അവതരിപ്പിച്ചു. മോളി ഷാജിയുടെ അപ്രതീക്ഷിത വേർപാട് ഒമാനിലെ പ്രവാസി സമൂഹത്തെയാകെ ദുഃഖാർത്തമാക്കിയിരിക്കുന്നുവെന്ന് അനുശോചന പ്രമേയത്തിൽ പറഞ്ഞു.
ഇന്ത്യൻ സോഷ്യൽ ക്ലബ് ചെയർമാൻ ബാബു രാജേന്ദ്രൻ, മലബാർ വിംഗ് കോ കൺവീനർ സിദ്ദിഖ് ഹസ്സൻ, കേരളാ വിംഗ് ട്രഷറർ അംബുജാക്ഷൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സാമൂഹിക പ്രവർത്തകരായ സുനിൽ കുമാർ, അജയൻ പൊയ്യാറ, സുധി പദ്മനാഭൻ , കൃഷ്ണേന്ദു, നിധീഷ് മണി, എൻ.ഒ. ഉമ്മൻ, അബ്ദുൾകരീം തുടങ്ങി നിരവധി പേർ മോളി ഷാജിയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.
ഒമാനിലെ സാമൂഹ്യ സേവന രംഗത്ത് കാലങ്ങളായി നിറഞ്ഞു നിന്നിരുന്ന വ്യക്തിത്വമായിരുന്ന മോളി ഷാജി, ഭർത്താവ് ഷാജി സെബാസ്റ്റ്യാനൊപ്പം പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ പതിറ്റാണ്ടുകളായി സജീവമായി ഇടപെട്ടിരുന്നു. ഒമാനിലെ ഇന്ത്യൻ സാമൂഹ്യ സേവന രംഗത്തും, സാംസ്കാരിക മേഖലയിലും, വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങളിലും മോളി ഷാജി സജീവമായിരുന്നെന്നും. സാധുവായ രേഖകളില്ലാത്ത പ്രവാസികൾക്ക് ഒമാൻ ഗവൺമൻ്റ് പ്രഖ്യാപിച്ച പൊതുമാപ്പിൻ്റെ അവസരങ്ങളിൽ ഇന്ത്യൻ എംബസി കേന്ദ്രീകരിച്ചു കൊണ്ട് നടത്തിയ വളണ്ടിയർ പ്രവർത്തനങ്ങളിൽ മോളി ഷാജി വഹിച്ച നേതൃത്വപരമായ പങ്ക് ശ്രദ്ധേയമായിരുന്നു എന്നും പങ്കെടുത്തവർ അനുസ്മരിച്ചു. കേരള വിങ്ങ് കോ-കൺവീനർ വിജയൻ കെ.വി. യോഗത്തിൽ നന്ദി പറഞ്ഞു.
ഗൾഫ് വാർത്തകൾക്കായി:
https://enlightmedia.in/news/category/gulf
For: News & Advertisements: +968 95210987 / +974 55374122
Follow us on :
Tags:
More in Related News
Please select your location.