Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Feb 2025 19:34 IST
Share News :
കൊണ്ടോട്ടി : മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഭാഗത്ത് അനധികൃത ക്വാറിയും ചെങ്കൽ ഖനനവും മണ്ണെടുപ്പും മൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന ബുദ്ധിമുട്ടുകളെപ്പറ്റി പഠിക്കാൻ പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയിലെ 10 ഓളം പ്രവർത്തകർ പ്രശ്നബാധിത പ്രദേശം സന്ദർശിച്ചു. വാഴക്കാട് പഞ്ചായത്തിലെ 14, 15, 16, 17 വാർഡുകളിൽ ഉൾപ്പെടുന്ന മൈലാടിക്കുന്നിലും ചീക്കോട് പഞ്ചായത്തിലെ 12-ാം വാർഡിൽ ഉൾപ്പെട്ട പാണ്ടിയത്ത് കൊറോയിൽ മല, കീരിയാട്ട് ചോല ഭാഗങ്ങളിലും 14-ാം വാർഡിലെ മാണിപ്പറമ്പത്ത്, ഓട്ടുപാറ എന്നീ പ്രദേശങ്ങളിലും 11-ാം വാർഡ് തടപ്പറമ്പിലും പുളിക്കൽ പഞ്ചായത്തിലെ 4-ാം വാർഡിലെ രാവാട്ടിരി പ്രദേശത്തും അനധികൃതമായി മണ്ണെടുപ്പും ചെങ്കൽ ഖനനവും കരിങ്കൽ ക്വാറി പ്രവർത്തനവും നടന്നു വരുന്നതായി സമിതിയുടെ നേതൃത്വത്തിൽ പരിസ്ഥിതി മനുഷ്യാവകാശ പ്രവർത്തകർ നടത്തിയ അന്വേഷണത്തിൽ കാണാനായി.
അനേകം നീർച്ചാലുകൾ സംഗമിച്ച് ഉലുവായിൽ ചോല രൂപപ്പെടുകയും ആ ചോല ചാലിയാറിൽ സംഗമിക്കുകയും ചെയ്യുന്നു. ഈ ചോലയെ ആശ്രയിച്ച് 31 പട്ടികവർഗ്ഗ കുടുബങ്ങളടക്കം 400 ഓളം കുടുംബങ്ങൾ കഴിഞ്ഞുകൂടുന്നുണ്ട്. ആ കുടിവെള്ളം കൂടി അന്യമാകുമെന്നും തൽഫലമായി കൃഷി പൂർണമായും നശിക്കുമെന്നും മനുഷ്യ ജീവിതത്തിനു തന്നെ ഇതു വെല്ലുവിളിയാകുമെന്നുമാണ് ഈ പ്രദേശത്തുകാർ പറയുന്നത്. കൂടാതെ അപൂർവ്വ ഇനത്തിൽപ്പെട്ട സസ്യകലവറയും പക്ഷി മൃഗാദികളും ഇവിടെയുണ്ട്. കാട്ടുതടിയായ ചന്ദനവും ധാരാളമിവിടെയുണ്ട്. ധാരാളം സ്കൂൾ കുട്ടികൾ വീതികുറഞ്ഞ ഈ റോഡുകളിലൂടെ വാഹനങ്ങളിൽ കഷ്ടപ്പെട്ടാണ് യാത്ര ചെയ്യുന്നത്. ഇവിടുത്തെ ഗതാഗതം വലിയ ബുദ്ധിമുട്ടി മുട്ടിലാണ്.
പഞ്ചായത്തീരാജ് ആക്ടിൻ്റെ സെക്ഷൻ 231, 232, 233 പ്രകാരം ഇത്തരം ജനവിരുദ്ധ സ്ഥാപനങ്ങൾക്കെതിരെ അതാതു പഞ്ചായത്തുകൾ നടപടി സ്വീകരിക്കണ മെന്നിരിക്കെ പ്രത്യേക ഗ്രാമസഭ കൂടുകയും 441 പേർ ഐകകണ്‌ഠ്യേന ഈ ക്വാറി തുടങ്ങുന്നതിനെതിനെതിരെ പ്രമേയം പാസ്സാക്കിയിട്ടുള്ളതുമാണ്.
18-1 - 25 ൽ വില്ലേജ് ഓഫീസർ തഹസിൽദാർക്ക് നൽകിയ റിപ്പോർട്ടിൽ ദുരന്ത സാധ്യതയുള്ള അതീവ ദുർബല പ്രദേശമാണ് ചീക്കോട് വില്ലേജ് -പഞ്ചായത്ത് പ്രദേശമെന്ന് അസന്ദിഗ്ദ്ധമായി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഒരു ദുരന്തമുണ്ടാകുമ്പോൾ മാത്രം സടകുടഞ്ഞെഴുന്നേൽക്കുന്ന ഉദ്യോഗസ്ഥ വൃന്ദവും
ദുരന്ത നിവാരണ സമിതിയുടെ ജില്ലാ ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ വി. ആർ വിനോദ് ഉൾപ്പെടെയുള്ളവരും ഈ കാര്യത്തിൽ അടിയന്തിരമായി ഇടപെടണമെന്നും പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി പ്രവർത്തകരും പരിസ്ഥിതി മനുഷ്യാവകാശ രംഗത്തെ പ്രമുഖരും ആവശ്യപ്പെടുന്നു.
ജില്ലാ പഞ്ചായത്ത് 50 ലക്ഷം സർക്കാർ ഫണ്ടിൽ നിന്നും തുക വകയിരുത്തി പണിയാനുദ്ദേശിക്കുന്ന ആശുപത്രിക്കുള്ള സ്ഥലവും ഇവിടെയുണ്ടെന്നും വർഷങ്ങൾക്കുമുമ്പ് ഉരുൾപൊട്ടൽ സംഭവിച്ച ഈ പ്രദേശം വിമാനത്താവളം പണിയാനായും ജപ്പാൻ കുടിവെള്ള ടാങ്ക് നിർമ്മാണത്തിനായും പരിശോധന നടത്തിയപ്പോൾ, അതീവ ദുർബല പ്രദേശമായതിനാൽ അതിന് അനുയോജ്യമല്ലെന്നു കണ്ട് മാറ്റിയതാണെന്നും പ്രദേശവാസികൾ പറയുന്നു. ചീക്കോട് വില്ലേജ് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഒരു ഗ്രാനൈറ്റ് കമ്പനി ബന്ധപ്പെട്ട അധികാരികൾക്ക് സമർപ്പിച്ചിരിക്കുന്ന സർവ്വേ മാപ്പ്, യാഥാർത്ഥ്യങ്ങൾക്ക് വിരുദ്ധമായിട്ടുള്ളതാണെന്നും കൃത്രിമമായി ഉണ്ടാക്കിയതാണെന്നും ഇവർ പറയുന്നു.
ഇവിടെ മൂന്ന് അംഗനവാടികൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, മദ്രസയും പള്ളികളും കൊടക്കാട് അമ്പലവും സ്ഥിതി ചെയ്യുന്നു. സർക്കാർ ഹോമിയോ ഡിസ്പെൻസറി, വനിതാമിൽ, പാറയ്ക്ക് മേലെയും താഴെയും പഞ്ചായത്ത് കുളം, വികലാംഗർക്കും ഓട്ടിസം ബാധിതർക്കുമായി ഓമാനൂർ സി എച്ച് സി കെട്ടിടത്തിൽ പരത ക്കാട് സബ് സെൻ്റർ എന്ന പേരിൽ അനുവദിച്ച സ്ഥലം,ചീക്കോട് പഞ്ചായത്തിലെ ഏറ്റവും വലിയ പഞ്ചായത്ത് ഗ്രൗണ്ട് തുടങ്ങിയവ
ഇവിടെയുണ്ട്. 11 കെ വി ഇലക്ട്രിക് ലൈൻ ഇതിനു മുകളിലൂടെ കടന്നു പോകുന്നുമുണ്ട്.
സർക്കാരിൻ്റെ പ്രൊജക്റ്റുകൾക്കായി സ്ഥലം സർവേ നടത്തിയതിൽ ഉരുൾപൊട്ടൽ സാധ്യതാ പ്രദേശമായതിനാൽ അവ ഉപേക്ഷിച്ചു പോകുകയുണ്ടായി.
വർഷങ്ങൾക്കു മുൻപ് കൊറായി മല ഉരുൾപൊട്ടിയതും വില്ലേജധികാരികൾ ഇവിടുത്തെ ജനങ്ങളെ മാറ്റി പാർപ്പിച്ചതും കഴിഞ്ഞ വർഷം ചുഴലിക്കാററ് മൂലം വൻ നാശനഷ്ടം സംഭവിച്ചതുമായ പ്രദേശമാണ്.ഈ മലയെ ആശ്രയിച്ച് മാത്രം 400 ഓളം കുടുംബങ്ങൾ ജീവിക്കുന്നു. കവളപ്പാറ, പുത്തുമല, പെട്ടിമുടി പോലുള്ള ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ ഈ ക്വാറി കൾക്ക് അനുമതി കൊടുക്കരുത് എന്ന് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
ഇവിടെ സന്ദർശിച്ച പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതിയുടെ വസ്തുതാ പഠന സംഘ
ത്തിനും ഇക്കാര്യം ബോധ്യപ്പെട്ടു. ഇവയുടെ പ്രവർത്തനങ്ങൾ ക്രമീകരിക്കുവാൻ ഉത്തരവാദിത്തപ്പെട്ട മൈനിങ് ആൻഡ് ജിയോളജി, പോലീസ് , റവന്യൂ ,ദുരന്ത നിവാരണ മാനേജ്മെന്റ്, ആരോഗ്യ , കൃഷി, വിദ്യാഭ്യാസം, ജൈവ വൈവിധ്യ ബോർഡ്, സംസ്ഥാന സമിതി ആഘാത പഠന അതോറിറ്റി, പിസിബി , വനം വകുപ്പ്, തണ്ണീർത്തട ബോർഡ്, മോട്ടോർ വാഹന വകുപ്പ് തുടങ്ങിയവരുടെ ശ്രദ്ധ ഇവിടേക്ക് പതിയണ മെന്നും വേണ്ട നടപടികൾ കൈകൊള്ളണമെന്നും പശ്ചിമഘട്ട സംരക്ഷണ ഏകോപന സമിതി പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അഡ്വ പി.എ പൗരൻ, ബൽക്കീസ് ബാനു, മുസ്തഫ മമ്പാട്, മജീദ് മുല്ലഞ്ചേരി, ശിവദാസൻ ,അസ്കർ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.
Follow us on :
Tags:
More in Related News
Please select your location.