Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Oct 2024 08:16 IST
Share News :
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആരോപണം നേരിടുന്ന കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി ദിവ്യക്കെതിരെ കളക്ടറേറ്റ് ജീവനക്കാരുടെ മൊഴി. അപ്രതീക്ഷിതമായാണ് ദിവ്യ പരിപാടിയിലേക്ക് കടന്നുവന്നതെന്നും അവരെ ക്ഷണിച്ചതായി അറിയില്ലെന്നും യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്ത കളക്ടറേറ്റ് ജീവനക്കാര്‍ മൊഴി നല്‍കി. എഡിഎം മൂന്നുവരിയില്‍ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തവര്‍ പൊലീസിനോട് പറഞ്ഞു.
ദിവ്യയുടെ പ്രസംഗത്തിനുശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും ജീവനക്കാര്‍ നല്‍കിയ മൊഴിയില്‍ പറയുന്നു. 'ദിവ്യ മാത്രമാണ് എഡിഎമ്മിനെ കുറ്റപ്പെടുത്തി സംസാരിച്ചത്. മറുപടി പ്രസംഗം എഡിഎം മൂന്ന് വരിയില്‍ അവസാനിപ്പിച്ചു. ജില്ലാ കളക്ടറും പ്രസംഗം ചുരുക്കിയിരുന്നു. ദിവ്യയുടെ പ്രസംഗത്തിനുശേഷം എഡിഎമ്മിന് മാനസികപ്രയാസം ഉള്ളതായി തോന്നിയിരുന്നു.' കണ്ണൂര്‍ ടൗണ്‍ പോലീസിന് നല്‍കിയ മൊഴിയില്‍ ജീവനക്കാര്‍ പറയുന്നു.
അതേസമയം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തപ്പെട്ട പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് അപേക്ഷ നല്‍കിയത്. തന്റെ പ്രസംഗം സദുദ്ദേശപരമായിരുന്നുവെന്നും ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്നും ദിവ്യ ജാമ്യ ഹര്‍ജിയില്‍ പറയുന്നു. എഡിഎമ്മിനെതിരെ പ്രശാന്തന്‍ മാത്രമല്ല ഗംഗാധരന്‍ എന്ന മറ്റൊരു സംരംഭകന്‍ കൂടി പരാതി പറഞ്ഞിട്ടുണ്ട് എന്നാണ് അവര്‍ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പറയുന്നത്. പരിപാടിയില്‍ വെറുതെ കയറി വന്നതല്ലെന്നും ജില്ലാ കളക്ടര്‍ ക്ഷണിച്ചിട്ടാണ് ആ യാത്രയയപ്പ് ചടങ്ങിലേക്ക് വന്നതെന്നുമാണ് മറ്റൊരു വാദം. ആരോപണ നിഴലില്‍ നില്‍ക്കുന്ന കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ.വിജയനെ പ്രതിരോധത്തിലാക്കുന്നതാണ് ദിവ്യയുടെ ഈ വാദം.
ദിവ്യക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസെടുത്തതിന് പിന്നാലെയാണ് വിവാദ ചടങ്ങില്‍ പങ്കെടുത്ത ജീവനക്കാരുടെ മൊഴിയെടുത്തത്. നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെയും മൊഴി രേഖപ്പെടുത്തി. പക്ഷെ ഇതുവരെ ആരോപണവിധേയയായ പി.പി.ദിവ്യയെ പൊലീസ് വിളിപ്പിച്ചിട്ടില്ല. കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച രാവിലെയാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പി.പി ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ ആരോപിച്ചിരിക്കുന്നത്. ഇതിന്റെ വിവരങ്ങളെല്ലാം തന്റെ കൈവശമുണ്ടെന്നും ആവശ്യമുള്ളപ്പോള്‍ പുറത്തുവിടുമെന്നുമായിരുന്നു അവര്‍ പറഞ്ഞത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് ദിവ്യയെ ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനത്തുനിന്നും സി.പി.എം നീക്കിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.