Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Feb 2025 12:27 IST
Share News :
മലപ്പുറം : സംസ്ഥാന കയര്‍ വികസന വകുപ്പിന്റെയും പൊന്നാനി കയര്‍ പ്രോജക്ട് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തില്‍ ബ്ലോക്ക്, നഗരസഭ, ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ക്കായി കയര്‍ ഭൂവസ്ത്ര വിതാനം അടിസ്ഥാനമാക്കി ജില്ലാതല ഏകദിന സെമിനാര്‍ സംഘടിപ്പിച്ചു. മലപ്പുറം ടൗണ്‍ ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് മുഖ്യാതിഥിയായി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണില്‍ ബെന്‍സീറ ടീച്ചര്‍ അധ്യക്ഷയായി. എല്‍. എസ്. ജി.ടി ജോയിന്റ് പ്രോഗ്രാം കോഡിനേറ്റര്‍ (എം.ജി.എന്‍.ആര്‍.ഇ.ജി.എസ്.) പ്രീതി മേനോന്‍ മുഖ്യ പ്രഭാഷണം നടത്തി.
ജലക്ഷാമം പരിഹരിക്കുന്നതിനും മണ്ണൊലിപ്പ് തടയുന്നതിനും നീര്‍ച്ചാലുകളെ സംരക്ഷിക്കുന്നതിനും കയര്‍ ഭൂവസ്ത്ര വിതാനം മികച്ച മാതൃകയാണെന്നും ഇത്തരത്തിലുള്ള നൂതന പദ്ധതികള്‍ തദ്ദേശസ്ഥാപനങ്ങള്‍ ആവിഷ്‌കരിച്ച് നടത്തണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. നീര്‍ച്ചാലുകളുടെയും കുളങ്ങളുടെയും റോഡുകളുടെയും പാര്‍ശ്വഭിത്തി ബലപ്പെടുത്തുന്നതിന് പ്രകൃതിയില്‍ നിന്നും ഖനനം ചെയ്‌തെടുക്കുന്ന അസംസ്‌കൃത വസ്തുക്കളെ കൂടുതലായും ആശ്രയിക്കാതെ സുസ്ഥിരവികസനത്തിലൂന്നിയ ഹരിത മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും അതില്‍ പ്രധാനപ്പെട്ട ഒന്നാണ് കയര്‍ ഭൂവസ്ത്രമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
ചടങ്ങില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വിതാനിച്ച തദ്ദേശ സ്ഥാപനങ്ങളെയും തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച തദ്ദേശ സ്ഥാപനങ്ങളെയും ആദരിച്ചു. ചുങ്കത്തറ പഞ്ചായത്തിനെ ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വിതാനിച്ച പഞ്ചായത്തായി തിരഞ്ഞെടുത്തു. ചാലിയാര്‍, നന്നംമുക്ക് എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. ബ്ലോക്ക് പഞ്ചായത്തുകളില്‍ നിലമ്പൂര്‍ ബ്ലോക്ക് ഒന്നാമതെത്തി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നിര്‍വഹണത്തില്‍ എടപ്പാള്‍ ഗ്രാമപഞ്ചായത്ത് ഒന്നാമതെത്തി. മുതുവല്ലൂര്‍, പെരുമ്പടപ്പ് പഞ്ചായത്തുകള്‍ രണ്ടും മൂന്നും സ്ഥാനം നേടി. മികച്ച ബ്ലോക്ക് പഞ്ചായത്തായി കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തിനെ തിരഞ്ഞെടുത്തു. ഇവര്‍ക്ക് ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് മെമന്റോ നല്‍കി ആദരിച്ചു.
Follow us on :
Tags:
More in Related News
Please select your location.