Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയത്ത് കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന്റെ കുടുംബത്തിന് എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി

10 Feb 2025 22:43 IST

CN Remya

Share News :

കോട്ടയം: കോട്ടയത്ത് അക്രമിയുടെ ചവിട്ടേറ്റ് കൊല്ലപ്പെട്ട പോലിസ് ഉദ്യോഗസ്ഥൻ വെസ്റ്റ് പോലീസ് സ്റ്റേഷനിലെ സിപിഒ ശ്യാം പ്രസാദിൻ്റെ കുടുംബത്തിന് ആനുകൂല്യങ്ങൾ ലഭ്യമാക്കുമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ സഭയില്‍ ഡോ. എന്‍. ജയരാജിൻ്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. തൻ്റെ ഉത്തരവാദിത്വം നിറവേറ്റുന്നതിനിടെയാണ് അദ്ദേഹത്തിന് ജീവൻ നഷ്ടമായതെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്യാം പ്രസാദിന്റെ കുടുംബത്തിന് നിലവിലെ വ്യവസ്ഥ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ മറുപടിയുടെ പൂര്‍ണ രൂപം: ‘കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സി.പി.ഒ ശ്യാംപ്രസാദ് 02.02.2025-ന് ഡ്യൂട്ടിക്ക് കഴിഞ്ഞ് മടങ്ങവെ രാത്രി പതിനൊന്നര മണിയോടെ ഏറ്റുമാനൂരില്‍ കട നടത്തുന്ന ഒരു സ്ത്രീയെയും സഹായിയെയും ഒരാള്‍ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് അക്രമി ശ്യാം പ്രസാദിനെ മാരകമായി ചവിട്ടി പരിക്കേല്‍പ്പിക്കുകയും ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ശ്യാം പ്രസാദ് 03.02.2025-ന് പുലര്‍ച്ചെ മരണപ്പെടുകയുമുണ്ടായി. ഇക്കാര്യത്തില്‍ ക്രൈം നമ്പര്‍ 170/2025 ആയി ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവദിവസം തന്നെ അറസ്റ്റിലായ പ്രതി ജിബിന്‍ ജോര്‍ജ്ജ് റിമാന്റിലാണ്.

ഒരു പോലീസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട ഉത്തരവാദിത്വം നിറവേറ്റുന്നതിനിടെയാണ് ശ്യാം പ്രസാദ് അതിദാരുണമായി കൊല്ലപ്പെട്ടത്. സമൂഹമനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തില്‍ പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിന് എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ശ്യാം പ്രസാദിന്റെ കുടുംബത്തിന് നിലവിലെ വ്യവസ്ഥ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്.

Follow us on :

More in Related News