Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2024 03:50 IST
Share News :
യൂറോ കപ്പ് രണ്ടാം ദിവസത്തെ കളികളിൽ വമ്പന്മാർക്ക് ജയം. ഗ്രൂപ്പ് എ പോരാട്ടത്തിൽ സ്വിറ്റ്സർലണ്ട് ഹംഗറിയെ (3-1)തോൽപ്പിച്ചപ്പോൾ ഗ്രൂപ്പ് ബി യിൽ സ്പെയിനും ഇറ്റലിയും ആദ്യ ജയം കുറിച്ചു. തുല്യശക്തികളുടെ പോരാട്ടത്തിൽ ക്രൊയേഷ്യയെയാണ് സ്പെയിൻ വീഴ്ത്തിയത്(3-0). ഇറ്റലി അൽബേനിയയെയും തോൽപ്പിച്ചു (2-1).
വിരസമായ ആദ്യ കളിയിൽ ഹംഗറി നന്നായി പൊരുതിയെങ്കിലും സ്വിസിന്റെ പരിചയസമ്പന്നതയ്ക്ക് മുന്നിൽ തോൽവി വഴങ്ങുകയായിരുന്നു. ക്വദ്വ ദുആ (12'), ഐബിഷേർ (45), എംബോളോ (90) എന്നിവർ സ്വിസ് പടയ്ക്കായി ലക്ഷ്യം കണ്ടു. സലായിമാരുടെ അകമ്പടിയിൽ നന്നായി കളിച്ച ഹംഗറിക്ക് വേണ്ടി ബർണബാസ് വർഗ (66)ആശ്വാസഗോൾ കണ്ടെത്തി.
മരണ ഗ്രൂപ്പിലെ സ്പെയിൻ -ക്രൊയേഷ്യ മത്സരം അത്യന്തം ആവേശകരമായിരുന്നു. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് സ്പാനിഷ് കഴുകന്മാർ കളി കൊത്തിയെടുത്തെങ്കിലും ഒട്ടും ഏകപക്ഷീയമായിരുന്നില്ല മത്സരം. ഒരുപാട് അവസരങ്ങൾ കളഞ്ഞു കുളിച്ച തങ്ങളുടെ ദിവസമായിരുന്നില്ല ഇതെന്ന് ക്രോക്കുകൾക്ക് സ്വയം പഴിക്കാം. കളിയുടെ ഒന്നാം പകുതിയിൽ തന്നെയാണ് മൂന്ന് ഗോളുകളും പിറന്നത്. അൽവാരോ മൊറാട്ട (29), ഫാബിയൻ റൂയിസ് (32), കർവജാൽ(45) എന്നിവർ സ്പെയിനിനായി സ്കോർ ചെയ്തു. 4-3-3 ശൈലിയിൽ ഇറങ്ങിയ സ്പെയിനിന് വേണ്ടി മൊറാട്ടയും ലാമിനെ യമാലും നിക്കോ വില്യംസും ആക്രമണം നയിച്ചു. പെഡ്രിയും റോഡ്രിയും റൂയിസും എല്ലാം ചേർന്ന പുതു തലമുറ താരങ്ങൾ സ്പാനിഷ് ടീമിന്റെ ഭാവി നിർണയിക്കുന്നവരാണെന്ന് ഈ താരങ്ങളുടെ പോരാട്ട വീര്യം തെളിയിക്കുന്നു. ക്രൊയേഷ്യയുടെ ലോകോത്തര താരം ലൂക്കാ മോഡ്രിച്, കൊവാസിച്, ബ്രോസൊവിച് ത്രയം പല അടവുകൾ പ്രയോഗിച്ചിട്ടും സ്പാനിഷ് വല കുലുക്കാൻ കഴിയാതെ പോയി.
ഈ ടൂർണമെന്റിലെ ആദ്യ അട്ടിമറി സംഭവിക്കുന്നു എന്ന് തോന്നിയിടത്ത് നിന്നാണ് ഇറ്റലിയുടെ ജയിച്ചു കയറൽ. കളി തുടങ്ങി നിമിഷങ്ങൾ മാത്രം പിന്നിട്ടപ്പോഴേക്കും നിലവിലെ ചാമ്പ്യൻമാരുടെ വലയിൽ ഗോൾ നിക്ഷേപിക്കാൻ താരതമ്യേന ദുർബലരായ അൽബേനിയക്കായി. നദീം ബജ്റാമിയാണ് ഇറ്റലിയെ ഞെട്ടിച്ച് ഒന്നാം മിനിറ്റിൽ തന്നെ അൽബേനിയയുടെ ഗോൾ നേടിയത്. എന്നാൽ ആ ഞെട്ടലിൽ നിന്ന് മുക്തരാകാൻ അസൂരികൾക്ക് പത്തു മിനിറ്റേ വേണ്ടി വന്നുള്ളൂ. ബാസ്‌റ്റോണിയുടെ ഗോളിൽ(11) സമനില കണ്ടെത്തിയ ചാമ്പ്യൻമാർ ബരേല്ലയിലൂടെ 16 ആം മിനിറ്റിൽ വീണ്ടും ലക്ഷ്യം കണ്ടു. കളിയുടെ എല്ലാ മേഖലയും കയ്യടക്കിയിട്ടും കൂടുതൽ ഗോൾ കണ്ടെത്താൻ ഇറ്റലിക്കായില്ല.
Follow us on :
Tags:
More in Related News
Please select your location.