Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാര്‍ക്കോ ഒടിടിയില്‍ നിന്നും പിന്‍വലിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശം, ടിവി ചാനലുകളിലും വിലക്ക്

05 Mar 2025 13:54 IST

Shafeek cn

Share News :

ഉണ്ണി മുകുന്ദന്‍ നായകനായ മാര്‍ക്കോ ഒ ടി ടി പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പിന്‍വലിക്കാന്‍ സെന്‍ട്രന്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്റെ നിര്‍ദ്ദേശം. ടി വിചാനലുകളില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. മാര്‍ക്കോ സിനിമയിലെ വയലന്‍സ് ദൃശ്യങ്ങള്‍ കുട്ടികളില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നുവെന്ന പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് നീക്കമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ കേരള റീജിയണല്‍ മേധാവി നദീം തുഹൈല്‍് പറഞ്ഞു. ഒ ടി ടിയില്‍ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കത്തുനല്‍കിയതായും സെന്‍സര്‍ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.


എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനാലാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി. സിനിമയിലെ രംഗങ്ങള്‍ പൂര്‍ണമായും മുറിച്ചുമാറ്റിയുള്ള സെന്‍സറിങ് നിലവിലില്ലാത്തതിന്റെ അടിസ്ഥാനത്തില്‍ ഇല്ല. ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ കാറ്റഗറിയായി തരംതിരിച്ച സര്‍ട്ടിഫിക്കറ്റ് നല്‍കുകയാണ് രീതി. മാര്‍ക്കോപോലുള്ള സിനിമകള്‍ ഇനി നിര്‍മിക്കില്ലെന്ന പ്രതികരണവുമായി നിര്‍മാതാവും രംഗത്തെത്തിയിരിക്കയാണ്. സിനിമയെ സിനിമയായി കാണും എന്നാണ് കരുതിയിരുന്നതെന്നാണ് നിര്‍മാതാവ് ഷരീഫ് മുഹമ്മദ് പറയുന്നത്. മാര്‍ക്കോയ്ക്കെതിരെ സെന്‍സര്‍ബോര്‍ഡ് നിയമം കര്‍ശനമാക്കിയ സാഹചര്യത്തില്‍ മാര്‍ക്കോയുടെ ഹിന്ദി റീ മെയ്ക്കും പ്രതിസന്ധിയിലാവും.


മലയാളത്തില്‍ ഏറ്റവും വയലന്‍സ് നിറഞ്ഞ സിനിമയെന്ന നിലയില്‍ ഏറെ ആഘോഷിക്കപ്പെട്ട ചിത്രമാണ് മാര്‍ക്കോ. ചില കോണുകളില്‍ നിന്നും നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും ആരും പരാതിയുമായി രംഗത്തെത്തിയില്ല. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ വിവിധ അനിഷ്ടസംഭവങ്ങളെതുടര്‍ന്ന് നിയമസഭയില്‍ വിഷയം ചര്‍ച്ചയ്ക്കുവന്നിരുന്നു. ആവേശം സിനിമയിലെ പ്രശസ്ത ഡയലോ?ഗ് ഉദ്ധരിച്ച് മുഖ്യമന്ത്രി മാര്‍ക്കോ പോലുള്ള സിനിമകള്‍ക്കെതിരെ നിശിതമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. സെന്‍സര്‍ബോര്‍ഡിനെതിരെയും ആരോപണം കടുപ്പിച്ചതോടെയാണ് മാര്‍ക്കോ ഒടിടി പ്ലാറ്റ് ഫോമില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചത്.


വയലന്‍സ് കൂടുതലുള്ള സിനിമകള്‍ 18 ന് താഴെപ്രായമുള്ളകുട്ടികള്‍ കാണാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് നിയമം. ഇത് നിയന്ത്രിക്കേണ്ടത് മാതാപിതാക്കളാണ്. എ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങള്‍ തിയേറ്ററില്‍ 18 വയസിന് താഴേയുള്ളവര്‍ കാണ്ടതായി പരാതിയ ഉയര്‍ന്നാല്‍ തീയേറ്ററില്‍ നിന്നും പതിനായിരം രൂപ പിഴ ഈടാക്കും എന്നാണ് നിയമം. എന്നാല്‍ ബുക്ക് മൈഷോ പോലുള്ള ഏജന്‍സികള്‍ മുഖേന ടിക്കറ്റ് ബുക്കുചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ തീയേറ്റര്‍കാര്‍ക്കും പ്രായോഗികമല്ല.


മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു എ സര്‍ട്ടിഫിക്കറ്റ് ചിത്രത്തിന് ഇത്രയേറെ സ്വീകാര്യത ലഭിക്കുന്നത്. മാര്‍ക്കോയുടെ എ സര്‍ട്ടിഫിക്കറ്റ് യു / എ സര്‍ട്ടിഫിക്കറ്റാക്കാനുള്ള റീ സെന്‍സര്‍ അപേക്ഷയും ബോര്‍ഡ് തള്ളിയിരുന്നു. ഉണ്ണി മുകുന്ദന്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മലയാളം ആക്ഷന്‍ ത്രില്ലര്‍ മാര്‍ക്കോ ഇപ്പോള്‍ ഹിന്ദിയിലും OTT പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറില്‍ തീയറ്ററുകളില്‍ എത്തിയ ഈ ചിത്രത്തിന് അതിന്റെ ആഖ്യാനത്തിനും ഉയര്‍ന്ന ആക്ഷന്‍ സീക്വന്‍സുകള്‍ക്കും വ്യാപകമായ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. തിയേറ്ററില്‍ വന്‍ഹിറ്റായിമാറിയ മാര്‍ക്കോ ഈ മാസം ആദ്യം മലയാളത്തില്‍ ഒടിടിയില്‍ റിലീസ് ചെയ്തു. ഹിന്ദി-ഡബ്ബ് ചെയ്ത പതിപ്പ് ഔദ്യോഗികമായി സ്ട്രീമിംഗ് ആരംഭിച്ചതിനു തൊട്ടുപിന്നാലേയാണ് സെന്‍സര്‍ ബോര്‍ഡിന്റെ നടപടി.


ആമസോണ്‍ പ്രൈം വീഡിയോയിലാണ് മാര്‍ക്കോയുടെ ഹിന്ദിപതിപ്പ് റിലീസ് ചെയ്തത്. മലയാളം പതിപ്പ് നേരത്തെ സോണിലൈവിലുമായിരുന്നു പ്രദര്‍ശനത്തിന് എത്തിയത്. വ്യത്യസ്ത ഭാഷാ പതിപ്പുകള്‍ക്കായി വ്യത്യസ്ത പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്ന ചുരുക്കം ചില പ്രാദേശിക ചിത്രങ്ങളില്‍ ഒന്നായി മാര്‍ക്കോ ആഘോഷിക്കുന്നതിനിടയിലാണ് നിരോധനം വരുന്നത്.


Follow us on :

More in Related News