Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'കരുതലും കൈത്താങ്ങും': കൊണ്ടോട്ടി താലൂക്ക്തല അദാലത്തിൽ 223 പരാതികൾ തീർപ്പാക്കി

13 Jan 2025 21:21 IST

Jithu Vijay

Share News :

കൊണ്ടോട്ടി : പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി മന്ത്രിമാരുടെ നേതൃത്വത്തിൽ നടത്തുന്ന 'കരുതലും കൈത്താങ്ങും' അദാലത്തുളുടെ ഭാഗമായി കൊണ്ടോട്ടി താലൂക്ക്തല പരാതി പരിഹാര അദാലത്തിൽ 223 പരാതികൾക്ക് പരിഹാരം.


മന്ത്രിമാരായ വി. അബ്ദുറഹിമാന്‍, അഡ്വ. പി.എ മുഹമ്മദ് റിയാസ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി ഹജ്ജ് ഹൗസിലാണ് അദാലത്ത് നടന്നത്. അദാലത്തിൽ ആകെ 965 പരാതികളാണ് ലഭിച്ചത്. 383 പരാതികൾ മുൻകൂറായും 582 പരാതികൾ അദാലത്തു ദിവസവും ലഭിച്ചു. 144 പരാതിക്കാരെ മന്ത്രി നേരിൽ കേട്ടു. അദാലത്തിൽ 28 മുൻഗണന റേഷൻ കാർഡുകൾ വിതരണം ചെയ്തു. ഭൂമി സംബന്ധമായ രണ്ടു അപേക്ഷകളാണ് തീർപ്പാക്കിയത്.


ജനങ്ങളുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് സര്‍ക്കാറിന്റെ മുഖ്യലക്ഷ്യമെന്ന് കായിക, വഖഫ്, ഹജ്ജ്, ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. ജനങ്ങളോട് മന്ത്രിമാര്‍ നേരിട്ട് ഇടപെടുന്ന ഇത്തരം അദാലത്തുകള്‍ വഴി പരാതികളുടെ എണ്ണം കുറച്ചു കൊണ്ടു വരാനായി. വര്‍ഷങ്ങളായുള്ള പല പരാതികളും അദാലത്തുകളിലൂടെ പരിഹരിക്കാനായി. പരാതികളില്‍ ഉദ്യോഗസ്ഥര്‍ കാര്യക്ഷമമായി ഇടപെടുന്നു എന്നുള്ളത് ശ്ലാഘനീയമാണ്. അപക്ഷകള്‍ പരാതികളായി മാറാതെ ഉടനടി തീര്‍പ്പാക്കാന്‍ ഉദ്യാഗസ്ഥര്‍ക്ക് കഴിയണമെന്നും മന്ത്രി പറഞ്ഞു. 


കരുതലും കൈത്താങ്ങും അദാലത്തുകള്‍ വഴി പൊതുജനങ്ങളുടെ ഒട്ടേറെ പരാതികള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചതായി പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് പറഞ്ഞു. മന്ത്രിമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി നിന്നതാണ് അദാലത്തിന്റെ വിജയം. അദാലത്തില്‍ പരിഗണിക്കേണ്ട വിഷയങ്ങള്‍ നേരത്തെ നല്‍കിയതും ഓണ്‍ലൈന്‍ വഴി പരാതി സ്വീകരിച്ചതും മൂലം പെട്ടെന്ന് തന്നെ പരാതികളില്‍ തീര്‍പ്പുണ്ടാക്കാന്‍ സഹായിച്ചു. അദാലത്തില്‍ ലഭിക്കുന്ന തുടര്‍ നടപടികള്‍ വേണ്ട പരാതികളില്‍ രണ്ടാഴ്ചക്കകം പരിഹാരം കാണുമെന്നും മന്ത്രി പറഞ്ഞു.


കൊണ്ടോട്ടി ഹജ്ജ് ഹൗസില്‍ നടന്ന അദാലത്തില്‍ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്, പെരിന്തല്‍മണ്ണ സബ് കളക്ടര്‍ അപുര്‍വ ത്രിപാദി, എ.ഡി.എം എന്‍.എം മെഹറലി, വിവിധ ജില്ലാ-താലൂക്ക് തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Follow us on :

More in Related News