Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂർ കുടിവെള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അനുമതി: മന്ത്രി വി.എൻ. വാസവൻ

12 Sep 2024 17:21 IST

SUNITHA MEGAS

Share News :




കടുത്തുരുത്തി :ഏറ്റുമാനൂർ നഗരസഭയിലും ഇതിനോടു ചേർന്നുള്ള അതിരമ്പുഴ, കാണക്കാരി പഞ്ചായത്തുകളിലെ സമീപവാർഡുകളിലിലെയും എല്ലാ വീട്ടിലും കുടിവെള്ളം എത്തിക്കാനുള്ള ഏറ്റുമാനൂർ കുടിവെള്ള പദ്ധതിക്ക് മന്ത്രിസഭായോഗം അനുമതി നൽകിയതായി സഹകരണ-ദേവസ്വം-തുറമുഖ വകുപ്പു മന്ത്രി വി.എൻ. വാസവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കിഫ്ബി മുഖേന 93.22 കോടി രൂപ ചെലവിലാണ് പദ്ധതി യാഥാർഥ്യമാകുക. രണ്ടാംഘട്ടമായി 73.38 കോടി രൂപയുടെ നിർമാണ പ്രവർത്തികൾക്കാണ് മന്ത്രിസഭ അനുമതി നൽകിയത്. ഇതോടെ ദീർഘകാലമായി സാങ്കേതിക പ്രശ്‌നങ്ങളിൽ കുരുങ്ങിയ പദ്ധതിപ്രവർത്തനങ്ങൾക്കാണ് പരിഹാരമാവുന്നത്. 22 എം.എൽ.ഡി. ശേഷിയുള്ള ജലശുദ്ധീകരണശാലയും നേതാജി നഗറിൽ 16 ലക്ഷം ലിറ്റർ ശേഷിയുള്ള ഉന്നതതല സംഭരണിയും 20 ലക്ഷം ലിറ്റർ ശേഷിയുള്ള ഭൂതലസംഭരണിയുമാണ് നിർമിക്കുന്നത്. കച്ചേരിക്കുന്ന്, കട്ടച്ചിറ എന്നിവിടങ്ങളിലാണ് ടാങ്ക് നിർമിക്കുക. ഇതിന്റെ ടെണ്ടർ നടപടി പൂർത്തീകരിച്ച് നിർമാണപ്രവർത്തനങ്ങളിലേക്ക് കടന്നു. ഒന്നാം ഘട്ടത്തിൽ ശുദ്ധജല വിതരണത്തിനുള്ള പൈപ്പിടൽ പ്രവർത്തികൾ പുരോഗമിച്ചു വരികയാണ്. തുടർന്നുള്ള പ്രവർത്തികൾക്കാണ് കിഫ്ബി 73.38 കോടി രൂപ അനുവദിച്ചിരിക്കുന്നത്. പ്ലാന്റ് നിർമാണം ഉൾപ്പെടെ പവർ എൻഹാൻസ്‌മെന്റ്, ഇലക്ട്രിക്കൽ മെക്കാനിക്കൽ പ്രവർത്തികൾ, റോഡ് പുനഃസ്ഥാപിക്കൽ തുടങ്ങിയ പ്രവൃത്തികൾ ഉൾപ്പെടുത്തിയാണ് സർക്കാർ പണം അനുവദിച്ചത്.

ശുദ്ധീകരണശാലയിൽ നിന്ന് ടാങ്കുകളിലേക്ക് 13 കിലോമീറ്റർ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് വെള്ളം എത്തിക്കുക. ടാങ്കുകളിൽ നിന്ന് 43 കിലോമീറ്റർ നീളത്തിലാണ് വിതരണ ശൃംഖല സ്ഥാപിക്കുക. ഏറ്റുമാനൂർ നഗരസഭയിലും ഇതിനോടു ചേർന്നു കിടക്കുന്ന അതിരമ്പുഴ, കാണക്കാരി പഞ്ചായത്തിലെ സമീപവാർഡുകളിലും ഗാർഹിക കണക്ഷനിലൂടെ എല്ലാവർക്കും കുടിവെള്ളമെത്തിക്കും. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ അയ്മനം, ആർപ്പൂക്കര, നീണ്ടൂർ, അതിരമ്പുഴ എന്നീ പഞ്ചായത്തുകളിൽ കൂടുതൽ കാര്യക്ഷമമായി ശുദ്ധജല വിതരണം നടത്താനാകും. 

വാർത്താസമ്മേളനത്തിൽ പൊതുമരാമത്ത് നിരത്തുവിഭാഗം എക്‌സിക്യൂട്ടീവ് എൻജിനീയർ കെ. ജോസ് രാജൻ, നഗരസഭാംഗം ഇ.എസ്. ബിജു, ഡി.സി.എച്ച്. വൈസ് പ്രസിഡന്റ് കെ.എൻ. വേണുഗോപാൽ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



Follow us on :

More in Related News