Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രാജ്യത്തെ ആരോഗ്യ സംവിധാനങ്ങളെ കൂടുതൽ ജനകീയമാക്കുന്ന ബജറ്റ്: ഡോ. ആസാദ് മൂപ്പൻ ( സ്ഥാപക ചെയർമാൻ, ആസ്റ്റർ മിംസ് ഹെൽത്ത് കെയർ )

01 Feb 2025 18:07 IST

Fardis AV

Share News :


രാജ്യത്തെ ആരോഗ്യസംവിധാനങ്ങളെ ശക്തിപ്പെടുത്തി കൂടുതൽ ജനങ്ങളിലേക്ക് അതിന്റെ പ്രയോജനങ്ങൾ എത്തിക്കാൻ അനുവദിക്കുന്ന ബജറ്റാണ് ഇക്കൊല്ലം അവതരിപ്പിച്ചിട്ടുള്ളത്. എല്ലാ ജനവിഭാഗങ്ങൾക്കും എളുപ്പത്തിലും താങ്ങാനാവുന്ന നിലയിലും ഗുണമേന്മയുള്ള ചികിത്സ ലഭ്യമാക്കുന്നതിന് രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ബജറ്റ് തെളിയിക്കുന്നു.

ആരോഗ്യരംഗത്തെ ഡോക്ടർമാരുടെ ക്ഷാമം പരിഹരിക്കുന്നതിനായി 75,000 മെഡിക്കൽ സീറ്റുകൾ അധികം അനുവദിച്ച തീരുമാനം സ്വാഗതാർഹമാണ്. ആവശ്യത്തിന് ആശുപത്രി സൗകര്യങ്ങളില്ലാത്ത മേഖലകൾക്ക് തീരുമാനം ഗുണംചെയ്യും. ജില്ലാ ആശുപത്രികളിൽ കാൻസർ രോഗികളുടെ പരിചരണത്തിനായി 200 ഡേകെയർ കേന്ദ്രങ്ങൾ കൊണ്ടുവരുമെന്ന പ്രഖ്യാപനത്തെ ഏറെ പ്രതീക്ഷയോടെ വേണം കാണാൻ. കാൻസർ ചികിത്സാരംഗത്തെ വികേന്ദ്രീകരിക്കുന്നതിൽ ഈ ചുവടുവെയ്‌പ്പ് നിർണായകമാണ്. എല്ലാവർക്കും ആശ്രയിക്കാനാകുന്ന ഇടങ്ങളായി ഇവ മാറുമെന്ന് കരുതുന്നു. അർബുദത്താൽ കടുത്ത യാതനകൾ അനുഭവിക്കുന്നവർക്ക് ആവശ്യമായ ചികിത്സ കൃത്യസമയത്ത് ഉറപ്പാക്കുന്നതിനും ഈ നീക്കം സഹായിക്കും. 

കാൻസർ മരുന്നുകൾക്കും 36 ജീവൻരക്ഷാ മരുന്നുകൾക്കുമുള്ള കസ്റ്റംസ് തീരുവ ഒഴിവാക്കിയത് പാവപ്പെട്ട രോഗികൾക്ക് വലിയ സഹായമാകും. മറ്റ് 6 പ്രധാനമരുന്നുകൾക്കും നികുതിയിളവ് നൽകിയിട്ടുണ്ട്. നല്ല ചികിത്സ തേടുന്നതിന് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒരു കാരണമാകാൻ പാടില്ലെന്ന ഉദ്ദേശ്യലക്ഷ്യം ഇവിടെ പ്രകടമാണ്. അപൂർവ്വരോഗങ്ങളാലും ഗുരുതരരോഗങ്ങളാലും ബുദ്ധിമുട്ടുന്നവർക്ക് ഏറെ ആശ്വാസമാണ് ഈ പ്രഖ്യാപനം. ഏറ്റവും ദുർബലജനവിഭാഗങ്ങൾക്കും മെച്ചപ്പെട്ട ചികിത്സ തന്നെ കിട്ടണമെന്ന കേന്ദ്രസർക്കാരിന്റെ ദൃഢനിശ്ചയം ഒരിക്കൽക്കൂടി ഇവിടെ വെളിവാകുന്നു.

കരാർ/ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയുന്നവർക്ക് വേണ്ടി പ്രഖ്യാപിച്ച ഇ-ശ്രം ഹെൽത്ത്കെയർ ഇൻഷുറൻസും വൈദ്യശാസ്ത്ര ഗവേഷണത്തിനും ജനിതക പഠനങ്ങൾക്കും വേണ്ടി കൂടുതൽ തുക നീക്കിവെച്ചതും പൊതുജനാരോഗ്യ രംഗത്ത് കേന്ദ്ര സർക്കാരിനുള്ള ദീർഘദർശനമാണ് കാണിക്കുന്നത്. “ഹീൽ ഇൻ ഇന്ത്യ” പദ്ധതിയുടെ ഭാഗമായി ചികിത്സയ്ക്കായി ഇന്ത്യയിലെത്തുന്നവർക്ക് വിസ ചട്ടങ്ങളിൽ ഇളവുവരുത്തുകയും ചെയ്തിട്ടുണ്ട്. ആഗോളതലത്തിൽ ഇന്ത്യയെ ഒരു പ്രധാന മെഡിക്കൽ ടൂറിസം ഹബ്ബാക്കി മാറ്റാൻ ഈ തീരുമാനം സഹായിക്കും. രോഗികൾക്കും രാജ്യത്തിൻറെ സമ്പദ്വ്യവസ്ഥയ്ക്കും ഇത് ഗുണംചെയ്യും.

നമ്മുടെ ആരോഗ്യ രംഗത്തെ ഭാവിയിലെ വെല്ലുവിളികളെക്കൂടി നേരിടാൻ പ്രാപ്തിയുള്ളതാക്കി മാറ്റാൻ ഈ തീരുമാനങ്ങൾ സഹായിക്കുമെന്നതിൽ സംശയമില്ല. വൈദ്യശാസ്ത്ര മേഖലയിൽ നിലവിൽ അടിയന്തിരമായി പരിഗണിക്കേണ്ട വിഷയങ്ങളിലേക്കും ഭാവിയിലേക്കുള്ള വികസനക്കുതിപ്പിലേക്കും ഒരുപോലെ വെളിച്ചം വീശുന്നതാണ് ഈ വർഷത്തെ കേന്ദ്ര ബജറ്റ്. 


കേരളത്തെക്കുറിച്ച്:

മെഡിക്കൽ ടൂറിസത്തിനായി ഇന്ത്യയിലെത്തുന്ന വിദേശികളുടെ വിസ ചട്ടത്തിൽ ഇളവുകൾ വരുത്താനുള്ള തീരുമാനം കേരളത്തിന് ഏറെ ഗുണംചെയ്യും. വിദേശരാജ്യങ്ങളിലുള്ളവർ മെച്ചപ്പെട്ട ചികിത്സയ്ക്കായി എക്കാലവും ആശ്രയിക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. ലോകോത്തര നിലവാരമുള്ള ആശുപത്രികളും സമഗ്രമായ ആരോഗ്യ-സംരക്ഷണ സൗഖ്യ കേന്ദ്രങ്ങളും വിദഗ്ധരായ ഡോക്ടർമാരും മെഡിക്കൽ ജീവനക്കാരും കേരളത്തിന്റെ കരുത്താണ്. ഇക്കാരണങ്ങൾ കൊണ്ടുതന്നെ ആഗോളതലത്തിൽ കേരളത്തിലെ ചികിത്സാസംവിധാനങ്ങൾക്ക് മികച്ച പ്രതിച്ഛായയാണുള്ളത്. കേരളത്തെ ഒരു പ്രധാന മെഡിക്കൽ ടൂറിസം ഹബ്ബാക്കി മാറ്റുന്നതിനൊപ്പം നിരവധി പ്രാദേശിക ചെറുകിട ബിസിനസുകളുടെ വളർച്ചയ്ക്കും ഈ തീരുമാനം പ്രേരകമാകും. ഹോസ്പിറ്റാലിറ്റി രംഗത്തും മറ്റ് അനുബന്ധ മേഖലകളിലും അതിന്റെ നേട്ടങ്ങൾ പ്രതിഫലിക്കും. നിലവിൽ നിരവധി വിദേശികൾ ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ശൃംഖലയിലെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നുണ്ട്. മധ്യേഷ്യക്ക് പുറത്തേയ്ക്ക് വളരാനും പുതിയ വിപണികൾ കണ്ടെത്താനും ആസ്റ്റർ ഡിഎം ഹെൽത്ത്കെയറിനെ സഹായിക്കുന്ന ഒരു തീരുമാനം കൂടിയാണ് ഇപ്പോഴത്തെ നിർണായക പ്രഖ്യാപനം.

Follow us on :

More in Related News