Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പട്ടികജാതി വിദ്യാർഥികൾക്ക് എൻട്രൻസ് പരിശീലനത്തിനു സഹായം

04 Dec 2024 18:59 IST

SUNITHA MEGAS

Share News :


കടുത്തുരുത്തി: മെഡിക്കൽ/എൻജിനിയറിംഗ് എൻട്രൻസ് പരിശീലനത്തിന് ധനസഹായം നൽകുന്ന പട്ടികജാതി വികസന വകുപ്പിന്റെ ഉന്നതി വിഷൻ പ്ലസ് പദ്ധതിയിലേയ്ക്ക് ഡിസംബർ 20 വരെ അപേക്ഷിക്കാം. 2024 വർഷം പ്ലസ്ടു/വിഎച്ച്എസ്‌സി പരീക്ഷ പാസായ പട്ടികജാതി വിദ്യാർത്ഥികളെയാണ് പരിഗണിക്കുന്നത്. 2024 വർഷം സംസ്ഥാന സിലബസിൽ ഒരു വർഷത്തെ മെഡിക്കൽ എൻട്രൻസ് പരിശീലനത്തിന് പ്ലസ് ടു/വിഎച്ച്എസ്‌സി കോഴ്‌സിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് ബി പ്ലസിൽ കുറയാത്ത ഗ്രേഡ്, എൻജിനിയറിംഗ് എൻട്രൻസ് പരിശീലനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ ബി പ്ലസിൽ കുറയാത്ത ഗ്രേഡ് വാങ്ങി വിജയിച്ചവർക്കും, പ്ലസ് ടുവിന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്ക് എ ടു ഗ്രേഡിൽ കുറയാത്ത മാർക്കുളള സി ബി എസ് സി വിദ്യാർത്ഥികൾക്കും എ ഗ്രേഡിൽ കുറയാത്ത മാർക്കുളള ഐസിഎസ്‌സി/ഐഎസ് സി വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. കോട്ടയം ജില്ലയിൽ എംപാനൽ ചെയ്തിട്ടുളള ബ്രില്യന്റ് സ്റ്റഡി സെന്റർ പാലാ, ദർശന അക്കാദമി കോട്ടയം, എക്‌സലന്റ് ഇൻസ്റ്റിറ്റ്യൂട്ട് വൈക്കം എന്നിവടങ്ങളിൽ പരിശീലനം നേടുന്നവർക്കാണ് ധനസഹായം. അപേക്ഷകർ കോട്ടയം ജില്ലയിൽ താമസിക്കുന്നവരും കുടുംബ വരുമാനം ആറുലക്ഷം രൂപയിൽ കവിയാത്തവരുമായിരിക്കണം. അപേക്ഷകർ പ്ലസ്ടു സർട്ടിഫിക്കറ്റ്, സാധുതയുളള ജാതി വരുമാന സർട്ടിഫിക്കറ്റുകൾ, ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, എൻട്രൻസ് പരിശീലനം നേടുന്ന സ്ഥാപനത്തിൽ നിന്നുളള സാക്ഷ്യപത്രം, ഫീസ് രസീത് എന്നിവ സഹിതം നിശ്ചിത അപേക്ഷ ഫോമിൽ കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ ഫോമിനുമായി ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലോ, കോട്ടയം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബന്ധപ്പെടാം. ഫോൺ - 0481-2562503



Follow us on :

More in Related News