Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് കൂടുതലറിയാം

15 May 2024 20:53 IST

Jithu Vijay

Share News :

മലപ്പുറം : മലപ്പുറം മൂന്നിയൂര്‍ പഞ്ചായത്തിലെ 5 വയസുകാരിക്ക് സ്ഥിതീകരിച്ച അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് എന്ന രോഗത്തിന് ഫലപ്രദമായ മരുന്നുകളില്ല. നേഗ്ലെറിയയ്‌ക്കെതിരെ ഫലപ്രദമെന്ന് കരുതുന്ന ഒരു കൂട്ടം മരുന്നുകളുടെ സംയുക്തം ഉപയോഗിച്ചാണ് ഈ രോഗം ചികിത്സിക്കുന്നത്. ഇന്ത്യയിൽ ഈ രോഗത്തിന് മരുന്നുകളില്ല. മറ്റ് വിദേശ രാജ്യങ്ങളിലുള്‍പ്പെടെ മരുന്ന് കിട്ടാനുള്ള സാധ്യതയും തേടുകയാണ് സംസ്ഥാന സർക്കാർ.


എന്താണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്?



വളരെ വിരളമായി പതിനായിരത്തില്‍ ഒരാള്‍ക്ക് ബാധിക്കുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. അതിനാല്‍ തന്നെ ആശങ്ക വേണ്ട. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും എന്‍സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.


രോഗ ലക്ഷണങ്ങള്‍


രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങള്‍. പിന്നീട് ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ അപസ്മാരം, ബോധക്ഷയം, ഓര്‍മക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലില്‍ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിര്‍ണയം നടത്തുന്നത്.


പ്രതിരോധ നടപടികള്‍



കെട്ടിക്കിടക്കുന്നതോ വൃത്തിയില്ലാത്തതോയായ വെള്ളത്തില്‍ കുളിക്കുക, മൂക്കിലൂടെ വെള്ളമൊഴിക്കുക തുടങ്ങിയവയിലൂടെയാണ് അമീബ ശരീരത്തിലെത്തുക. ആയതിനാല്‍ കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീര്‍ച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവഗണിക്കാതെ എത്രയും പെട്ടെന്ന് ഡോക്ടറെ കാണിക്കുക. സ്‌കൂള്‍ അവധിയായതിനാല്‍ കുട്ടികള്‍ നീന്തല്‍ കുളത്തില്‍ ഇറങ്ങുന്നതും വെള്ളത്തില്‍ കളിക്കുന്നതും വ്യാപകമാണ്. അതുകൊണ്ട് ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. ശരിയായ രീതിയില്‍ ക്ലോറിനേറ്റ് ചെയ്ത നീന്തല്‍ കുളങ്ങളില്‍ കുട്ടികള്‍ കുളിക്കുന്നത് കൊണ്ട് പ്രശ്‌നമില്ല.

Follow us on :

Tags:

More in Related News