Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വികസന നേട്ടങ്ങള്‍ അക്കമിട്ട് അവതരിപ്പിച്ച് മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍ വികസന സദസ് നടന്നു

08 Oct 2025 17:37 IST

Jithu Vijay

Share News :

മലപ്പുറം : പഞ്ചായത്തിന്റെ അഞ്ച് വര്‍ഷത്തെ വികസന നേട്ടങ്ങള്‍ അക്കമിട്ട് അവതരിപ്പിച്ച് മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്തില്‍ വികസന സദസ് നടന്നു. മേലാറ്റൂര്‍ പഞ്ചായത്ത് പരിസരത്ത് വെച്ച് നടന്ന പരിപാടിയില്‍ 250 ഓളം ആളുകള്‍ പങ്കെടുത്തു.. വിദ്യാഭ്യാസ- ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ പി.പി. കബീര്‍ അധ്യക്ഷത വഹിച്ച പരിപാടി മേലാറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മുഹമ്മദ് ഇക്ബാല്‍ ഉത്ഘാടനം ചെയ്തു.


നിലവിലെ പഞ്ചായത്ത് ഭരണ സമിതി അധികാരത്തില്‍ വരുന്നതിന് മുമ്പ് ഏഴ് കോടി രൂപയുടെ കുടിശിക ഉണ്ടായിരുന്നെന്നും അത് തീര്‍പ്പാക്കി സ്വയം പര്യാപ്തതയിലേക്ക് എത്തിയെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഗ്രാമ പഞ്ചായത്തിന്റെ വരുമാനം വര്‍ധിപ്പിക്കാന്‍ ഷോപ്പിംഗ് കോംപ്ലക്സുകളിലേക്ക് വ്യാപാരികളെ ആകര്‍ഷിക്കാനും പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.

ലൈഫ് ഭവന പദ്ധതിയില്‍ 20 കോടി രൂപയോളം മാറ്റിവെച്ച് 550 വീടുകള്‍ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. 82 ലക്ഷം രൂപ ചിലവഴിച്ച് കാര്‍ഷിക മേഖലയില്‍ സബ്സിഡി, വിത്ത് വിതരണം, ജൈവവള വിതരണം എന്നിങ്ങനെ വ്യത്യസ്ത പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിച്ചു. സര്‍ക്കാരിന്റെ ''സുകൃതം'' പദ്ധതിയിലൂടെ വയോജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്‍കാന്‍ സാധിച്ചു. പരിരക്ഷ മേഖലയില്‍ 25 ലക്ഷത്തോളം രൂപ വകയിരുത്തിയാണ് പഞ്ചായത്ത് പ്രവര്‍ത്തിക്കുന്നത്. 


1810 തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് 12 കോടി രൂപയുടെ വികസന പ്രവര്‍ത്തങ്ങള്‍ നടപ്പിലാകാന്‍ സാധിച്ചു. ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാന്‍ 47 കോടി രൂപയുടെ പ്രവര്‍ത്തങ്ങളാണ് വിഭാവനം ചെയ്യുന്നത്. 113 അതിദാരിദ്ര്യ കുടുംബങ്ങളില്‍ 112 കുടുംബങ്ങളെയും അതിദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചു. ഇതില്‍ 18 പേര്‍ക്ക് വീടും നല്‍കി.

Follow us on :

More in Related News