Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് മൂന്ന് ഷവർമ കടകൾ അടച്ചുപൂട്ടി

26 May 2024 10:09 IST

enlight media

Share News :

വടകരയിലെ ജിഞ്ചർ കഫേ, കോഴിക്കോട് പാലാഴി റോഡിലെ ഹൗസ് ഓഫ് ഫലൂദ, നടക്കാവിലെ ഈ ദുനിയാവ് എന്നിവയാണ് ലൈസൻസ് അടപ്പിച്ചത്

കോഴിക്കോട് : ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി ഭക്ഷ്യസുരക്ഷ വകുപ്പ് കോഴിക്കോട് ജില്ലയിൽ പരിശോധന നടത്തിയത് 98 ഷവര്‍മ കടകളിൽ. മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിലായി നടത്തിയ ഈ പരിശോധനകളിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച മൂന്ന് കടകൾ അടച്ചുപൂട്ടുകയും 23 കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. ഇതിന് പുറമെ അഞ്ച് കടകൾക്ക് പിഴ ചുമത്തി. 


ജില്ലയിൽ ഷവർമ കടകളിലെ പ്രധാന പ്രശ്നം മയോണൈസിന്റെ തെറ്റായ നിർമാണ രീതിയാണെന്ന് അധികൃതർ പറയുന്നു. പച്ചമുട്ട ഉപയോഗിച്ചുള്ള മയോണൈസ് നിർമാണം നിരോധിച്ചതാണെങ്കിലും പലയിടത്തും ഈ രീതി തുടരുകയാണ്. പച്ചമുട്ട ഉപയോഗിക്കുമ്പോൾ രുചി കൂടുമെന്നതിനാലാണ് പലരും നിരോധിത മാർഗ്ഗം തേടുന്നത്. പാസ്ചറൈസ് ചെയ്ത മുട്ട (പച്ചമുട്ട മൂന്ന് മുതൽ 3.5 മിനിറ്റ് നേരം വരെ 60-65 ഡിഗ്രി ചൂടുവെള്ളത്തിൽ ഇട്ടുവെക്കുന്നത്) ഉപയോഗിച്ചാണ് ഷവർമ നിർമിക്കേണ്ടത്. ഷവർമ ഉണ്ടാക്കുന്നവരുടെ മെഡിക്കൽ ഫിറ്റ്നസും നിയമം കർശനമായി നിർദേശിക്കുന്നു. 


ഷവർമ പാർസലായി നൽകുന്ന വേളയിൽ ഒരു മണിക്കൂറിനകം ഉപയോഗിക്കണം എന്നുള്ള ലേബൽ പതിച്ചായിരിക്കണം നൽകേണ്ടത്. ഈ മൂന്ന് കാര്യങ്ങളാണ് പ്രധാനമായും ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയിൽ ശ്രദ്ധിക്കുന്നത്. 


ഷവര്‍മ തയ്യാറാക്കുകയും വില്‍പന നടത്തുകയും ചെയ്യുമ്പോൾ പാലിക്കേണ്ട പ്രത്യേക നിർദേശങ്ങൾക്ക് പുറമെ കടകൾ പൊതുവായി പാലിക്കേണ്ട ശുചിത്വ സംബന്ധമായ മാർഗനിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോ എന്നതും ഉദ്യോഗസ്ഥർ പരിശോധിക്കുന്നു. 


വടകരയിലെ ജിഞ്ചർ കഫേ, കോഴിക്കോട് സൗത്ത് പാലാഴി റോഡിലെ ഹൗസ് ഓഫ് ഫലൂദ, നടക്കാവിലെ ഈ ദുനിയാവ് എന്നിവയാണ് ലൈസൻസ് ഇല്ലാത്തത് കാരണം അടപ്പിച്ചത്.


പരിശോധനകള്‍ ഇനിയും തുടരാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ തീരുമാനം. ഭക്ഷണ കാര്യങ്ങളിൽ മുന്നിട്ട് നിൽക്കുന്ന ജില്ലയായതിനാൽ തന്നെ കോഴിക്കോട് കൂടുതൽ ശ്രദ്ധ പുലർത്തേണ്ടത് അനിവാര്യമാണെന്നാണ് അധികൃതർ പറയുന്നത്. ജില്ലയിൽ കോഴിക്കോട് നഗരത്തിലാണ് കൂടുതൽ ഷവർമ കടകൾ പ്രവർത്തിക്കുന്നത്. 


ഷവർമ നിർമാണത്തിനുള്ള പ്രധാന മാർഗനിർദേശങ്ങൾ


ഷവർമ സ്റ്റാൻഡിൽ കോണിൽ നിന്നുള്ള ഡ്രിപ് ശേഖരിക്കാനുള്ള ട്രേ ഉണ്ടായിരിക്കണം 


കത്തി വൃത്തിയുള്ളതും അണുമുക്തവുമായിരിക്കണം 


പെഡൽ കൊണ്ട് നിയന്ത്രിക്കുന്ന വേസ്റ്റ് ബിന്നുകൾ ആകണം 


ഭക്ഷണം കൈകാര്യം ചെയ്യുന്നവർ ഹെയർ ക്യാപ്, കയ്യുറ, വൃത്തിയുള്ള ഏപ്രൺ എന്നിവ ധരിക്കണം 


ഷവർമ കോൺ ഉണ്ടാക്കിയശേഷം ഉടൻ ഉപയോഗിക്കുന്നില്ലെങ്കിൽ ഫ്രീസറിലോ ചില്ലറിലോ സൂക്ഷിക്കണം 


കോണിലുള്ള ഇറച്ചി ആവശ്യമായ സമയം വേവിക്കണം. എത്ര ബർണർ ആണോ ഉള്ളത്, അത് മുഴുവൻ പ്രവർത്തിപ്പിക്കണം 


കോണിൽ നിന്നും മുറിച്ചെടുക്കുന്ന ഇറച്ചി വീണ്ടും ബേക് ചെയ്തോ ഗ്രിൽ ചെയ്തോ (സെക്കന്ററി കുക്കിങ്) മാത്രം നൽകുക 


ഉൽപ്പാദിപ്പിച്ച മയോണൈസ് അന്തരീക്ഷ ഊഷ്മാവിൽ രണ്ട് മണിക്കൂറിൽ കൂടുതൽ സൂക്ഷിക്കരുത് 


ഷവർമക്ക് ഉപയോഗിക്കുന്ന പച്ചക്കറികൾ ക്ലോറിൻ ലായനിയിൽ കഴുകി വൃത്തിയാക്കണം 


നാല് മണിക്കൂർ തുടർച്ചയായ ഉൽപ്പാദനശേഷം കോണിൽ ബാക്കി വരുന്ന ഇറച്ചി ഉപയോഗിക്കരുത്.

Follow us on :

More in Related News