Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തൊഴിലിടങ്ങളിലേക്ക് ആവശ്യങ്ങൾക്കായി എത്തുന്നവർക്കും പോഷ് നിയമപരിരക്ഷ: വി. ഉഷാ നന്ദിനി

11 Aug 2026 06:34 IST

NewsDelivery

Share News :

സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങളും പോഷ് നിയമത്തിന്റെ പരിധിയിൽ; പരാതി നൽകാൻ മൂന്ന് മാസം വരെ സമയം


കോഴിക്കോട്: തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമല്ല, വിവിധ ആവശ്യങ്ങൾക്കായി തൊഴിലിടങ്ങളിലേക്ക് എത്തുന്നവർക്കും പോഷ് (POSH) ആക്ടിന്റെ നിയമപരിരക്ഷ ലഭിക്കുമെന്ന് സുപ്രീം കോടതി സീനിയർ അഭിഭാഷക വി. ഉഷാ നന്ദിനി പറഞ്ഞു.


നവകേരള അഗ്രി ആൻഡ് അലൈഡ് മൾട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി (നാംകോസ്) സംഘടിപ്പിച്ച പോഷ് ആക്ട് ബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.


ലിംഗസമത്വം മാത്രം ലക്ഷ്യമിട്ടുള്ള നിയമമല്ല പോഷ് ആക്ടെന്നും 2013-ൽ പാർലമെന്റ് പാസാക്കിയ നിയമം വിശാഖ കേസിന്റെ പശ്ചാത്തലത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നിലവിൽ വന്നതെന്നും അവർ പറഞ്ഞു.


സ്ഥാപനങ്ങളിൽ നിയമാനുസൃതമായ പരാതി പരിഹാര സംവിധാനം നിലവിലില്ലെങ്കിൽ അതത് ജില്ലാ ആസ്ഥാനങ്ങളിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ചെയർമാനായുള്ള കമ്മിറ്റിയെ സമീപിക്കാം. സ്ത്രീകളെ ശാരീരികമായി സ്പർശിക്കുന്നതു മാത്രമല്ല, അപമാനകരമോ മോശമോ ആയ പരാമർശങ്ങൾ നടത്തുന്നതും നിയമത്തിന്റെ പരിധിയിൽ വരുമെന്നും അവർ വ്യക്തമാക്കി.


സാധാരണയായി മൂന്ന് മാസത്തിനകം പരാതി നൽകണം. സംഭവത്തെ തുടർന്ന് പരാതിക്കാരിക്ക് മാനസികമായി വീണ്ടെടുക്കുന്നതിനും പരാതി നൽകുന്നതിനുമുള്ള സമയപരിധിയായാണ് മൂന്ന് മാസം അനുവദിച്ചിട്ടുള്ളത്. പരാതിക്കാരിക്ക് നേരിട്ട് പരാതി നൽകാൻ കഴിയാത്ത സാഹചര്യത്തിൽ കുടുംബാംഗങ്ങൾക്കോ സാമൂഹിക പ്രവർത്തകർക്കോ പരാതി നൽകാം.


അന്വേഷണ കാലയളവിൽ പരാതിക്കാരിക്ക് നിയമാനുസൃതമായി മൂന്ന് മാസം വരെ അവധി അനുവദിക്കാവുന്നതാണ്. അന്വേഷണത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളിൽ തൃപ്തിയില്ലെങ്കിൽ അപ്പീൽ നൽകുന്നതിനും നിയമാനുസൃതമായ ഒത്തുതീർപ്പിനും അവസരമുണ്ടെന്നും അവർ പറഞ്ഞു.


അതേസമയം, നിയമം ദുരുപയോഗം ചെയ്യാതിരിക്കാനുള്ള ഉത്തരവാദിത്വം എല്ലാവർക്കുമുണ്ടെന്നും വി. ഉഷാ നന്ദിനി ചൂണ്ടിക്കാട്ടി. ആരെയെങ്കിലും പീഡിപ്പിക്കണമെന്ന ഉദ്ദേശത്തോടെയല്ല പുരുഷന്മാർ ജോലിക്ക് എത്തുന്നത് എന്ന വസ്തുത സ്ത്രീകളും മനസ്സിലാക്കണം. ചെറിയ പ്രശ്നങ്ങൾ പരസ്പര ധാരണയിലൂടെ പരിഹരിക്കാനുള്ള ശ്രമവും വേണം. തൊഴിലിടങ്ങളിൽ സൗഹൃദപരമായ അന്തരീക്ഷം സൃഷ്ടിക്കാനായാൽ അത് കുടുംബജീവിതത്തിനും ഗുണകരമാകുമെന്നും അവർ കൂട്ടിച്ചേർത്തു.


കെ. പി. കേശവമേനോൻ ഹാളിൽ നടന്ന പരിപാടിയിൽ നാംകോസ് ഉപദേഷ്ടാവും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബിനു ജി. കുറുപ്പ് അധ്യക്ഷത വഹിച്ചു. വനിതാ ശിശുക്ഷേമ സെൽ മുൻ എ.ഐ.ജി എ. എസ്. രാജു ഐ.പി.എസ്. മുഖ്യാതിഥിയായി. സൈക്കോളജിസ്റ്റ് ഡോ. കെ. ഷീല മുഖ്യപ്രഭാഷണം നടത്തി.


നാംകോസിൽ പോഷ് ആക്ട് നടപ്പാക്കുന്നതിന് മുന്നോടിയായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നൽകിയ സന്ദേശം ബിനു ജി. കുറുപ്പ് ചടങ്ങിൽ വായിച്ചു.


നാംകോസ് ചെയർമാൻ കെ. ബി. ശ്രീരാജ്, മാനേജിംഗ് ഡയറക്ടർ എൻ. ഫിറോസ്, വൈസ് ചെയർമാൻ പി. പി. സുരേഷ്, ഹ്യൂമൻ റൈറ്റ്സ് ഇന്റർനാഷണൽ ഓർഗനൈസേഷൻ സെക്രട്ടറി ഡോ. ജ്യോതി മേനോൻ, എക്സിക്യൂട്ടീവ് ഡയറക്ടർ ഷൈനി ചാർളി എന്നിവർ സംസാരിച്ചു.


നാംകോസിൽ പോഷ് ആക്ട് നടപ്പാക്കുന്നത് മറ്റ് സഹകരണ സ്ഥാപനങ്ങൾക്കും മാതൃകയാകുമെന്ന് ബിനു ജി. കുറുപ്പ് പറഞ്ഞു. “അവളുടെ സുരക്ഷ, ഞങ്ങളുടെ മുൻഗണന” എന്ന ടാഗ് ലൈനോടെയാണ് സെമിനാർ സംഘടിപ്പിച്ചത്..

Follow us on :

More in Related News