Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'എനിക്ക് വീട്ടിലെത്തിയതു പോലെ തോന്നുന്നു'; കെഎൽഎഫ് വേദിയിലെ സ്വീകരണത്തിൽ മനംനിറഞ്ഞ് സുനിത വില്യംസ്

23 Jan 2026 06:29 IST

enlight media

Share News :


'എനിക്ക് വീട്ടിലെത്തിയതു പോലെ തോന്നുന്നു'; കെഎൽഎഫ് വേദിയിലെ സ്വീകരണത്തിൽ മനംനിറഞ്ഞ് സുനിത വില്യംസ്


മൂന്ന് മിഷനുകളിലായി ബഹിരാകാശത്ത് അറുന്നൂറിലധികം ദിവസങ്ങൾ ചെലവഴിച്ച സുനിത വില്യംസ് കോഴിക്കോടിൻ്റെ സ്നേഹത്തിൽ അലിഞ്ഞു ചേർന്നു. ഇവിടെ ആയിരിക്കുമ്പോൾ തനിക്ക് വീട്ടിൽ എത്തിയതു പോലെയാണ് തോന്നുന്നതെന്ന് കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ 2026 വേദിയിൽ എത്തിയ സുനിത വില്യംസ് പറഞ്ഞു. മാധ്യമപ്രവർത്തക പ്രീതി ചൌധരി മോഡറേറ്റർ ആയ 'ഡ്രീംസ് റീച്ച് ഓർബിറ്റ്' എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു സുനിത വില്യംസ്.

കെ എൽ എഫ് വേദിയിലേക്ക് എത്തിയ സുനിത വില്യംസിനെ എഴുന്നേറ്റു നിന്നാണ് സദസ് സ്വീകരിച്ചത്. കോഴിക്കോടിൻ്റെ സ്വീകരണം കണ്ട് മനം നിറഞ്ഞ സുനിത വില്യംസ് 'വളരെ അദ്ഭുതം തോന്നുന്നു' എന്ന് പറഞ്ഞാണ് സംസാരിച്ച് തുടങ്ങിയത്. ആദ്യ ബഹിരാകാശ യാത്രയ്ക്കു മുമ്പായി തൻ്റെ പിതാവുമായി നടത്തിയ സംഭാഷണം ഓർത്തെടുത്തു കൊണ്ട് അവർ സംസാരിച്ചു തുടങ്ങി. യാത്രയ്ക്ക് മുമ്പായി, 'ഇന്ത്യയിലെ മുഴുവൻ ആളുകളും നിനക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ട്' എന്നാണ് പിതാവ് പറഞ്ഞത്. ബഹിരാകാശത്ത് നിന്ന് മടങ്ങി എത്തിയതിനു ശേഷം, ഇന്ത്യയിലെ സ്കൂളുകളിൽ തൻ്റെ ഫോട്ടോ പ്രദർശിപ്പിച്ചത് കണ്ടപ്പോഴാണ് ആ പറഞ്ഞതിൻ്റെ പൂർണമായ അർത്ഥം തനിക്ക് ആദ്യം മനസ്സിലായതെന്നും സുനിത വില്യംസ് പറഞ്ഞു.


സുനിത വില്യംസിൻ്റെ ഏറ്റവും അവസാനത്തെ ബഹിരാകാശ യാത്രയെക്കുറിച്ച് ആയിരുന്നു പ്രധാനമായും സെഷനിൽ ചർച്ചയായത്. എട്ടു ദിവസത്തെ പരീക്ഷണ പറക്കൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് ഏകദേശം ഒമ്പതു മാസത്തോളം നീണ്ടു പോയി. ഡോക്കിങ്ങിനിടെ ബഹിരാകാശ പേടകത്തിൻ്റെ ത്രസ്റ്ററുകൾ പരാജയപ്പെട്ടപ്പോൾ ഉണ്ടായ പിരിമുറുക്കം നിറഞ്ഞ നിമിഷങ്ങളെക്കുറിച്ചും സുനിത വില്യംസ് വിശദീകരിച്ചു.


അപ്രതീക്ഷിതമായ നീണ്ടു പോകലിൻ്റെ മാനസിക ആഘാതത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഏറ്റവും ബുദ്ധിമുട്ട് തോന്നിയത് അനിശ്ചിതത്വത്തെക്കുറിച്ച് ആണെന്നും അവർ വ്യക്തമാക്കി. ആറു മാസത്തേക്ക് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തന്നെ തുടരാനുള്ള തീരുമാനം ലഭിച്ചപ്പോൾ കുറച്ച് സമാധാനം തോന്നിയെന്നും അവർ പറഞ്ഞു. "ഒരു സമയം ഒരു പ്രശ്നം മാത്രം പരിഹരിക്കുക" എന്നതായിരുന്നു നയമെന്നും, മിഷൻ കൺട്രോളിലുള്ള വിശ്വാസമാണ് തന്നെ നയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു.


ബഹിരാകാശത്തെ നക്ഷത്രക്കാഴ്ചകൾ മാന്ത്രികമാണെങ്കിലും, ഭൂമിയിലെ മഴയും കാറ്റും മണലും താൻ ഒരുപാട് മിസ്സ് ചെയ്തതായും അവർ പറഞ്ഞു. വിഡിയോ കോൾ വഴി കുടുംബവുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നെന്നും എന്നാൽ, സ്ക്രീൻ മുഖേന ആശയവിനിമയം നടത്താൻ കഴിയാത്തതു കൊണ്ട് തൻ്റെ നായകളെ വല്ലാതെ മിസ് ചെയ്തെന്നും തമാശരൂപേണ അവർ പറഞ്ഞു.


ഇനിയും ബഹിരാകാശത്തേക്ക് യാത്ര ചെയ്യാൻ ആഗ്രഹം ഉണ്ടോ എന്ന ചോദ്യത്തിന് തനിക്ക് ആഗ്രഹമുണ്ട് പക്ഷേ ഇനി ഭാവി തലമുറ ആസ്വദിക്കട്ടെ എന്ന് സുനിത വില്യംസ് പറഞ്ഞു. ചന്ദ്ര ദൌത്യത്തിന് അവസരം ലഭിക്കുകയാണെങ്കിൽ പോകുമോ എന്ന ചോദ്യത്തിന് ചിരിച്ചു കൊണ്ട് ആയിരുന്നു അവരുടെ മറുപടി. 'തീർച്ചയായും, ഞാൻ പോകാൻ ആഗ്രഹിക്കുന്നു. പക്ഷേ, എൻ്റെ ഭർത്താവ് എന്നെ കൊല്ലും' എന്നായിരുന്നു അവർ പറഞ്ഞത്. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞ അവർ കുട്ടികളുമൊത്തുള്ള വരാനിരിക്കുന്ന സെഷനുകളിൽ പങ്കെടുക്കുന്നതിൻ്റെ ആവേശവും പങ്കുവെച്ചു.

Follow us on :

More in Related News