Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാടു കാണും രുചി: യാത്ര, ഭക്ഷണപ്രേമം പിന്നെ നമ്മളും

07 May 2024 08:22 IST

Enlight Media

Share News :


യാത്രികരോളം നാടിനെയും നാടിന്റെ സ്വാദിനെയും അറിഞ്ഞവരില്ല. ഊരു ചുറ്റുമ്പോൾ നാവിൽ കപ്പലോടിച്ച രുചിയനുഭവങ്ങളെക്കുറിച്ച് ദ ഗ്രേറ്റ് ഇന്ത്യൻ ഫുഡ് ആർട്ടിന്റെ വേദിയിൽ എഴുത്തുകാരും, യാത്രികരുമായ ഹന്ന മെഹ്ത്തർ, റിഹാൻ റാഷിദ്, സച്ചിൻ എസ്സ് എന്നിവർ നടത്തിയ സംഭാഷണത്തിൽ നിന്ന്....


   പ്രണയം പോലെയാണ് ഇഷ്ട ഭക്ഷണങ്ങളുടെ തെരഞ്ഞെടുപ്പ്. തികച്ചും വ്യക്തിഗതമായ ഒരനുഭവമാണത്. ദേശങ്ങളേയും, കാലങ്ങളേയും, തലമുറകളേയും ഭേദിക്കുന്ന ഒരു മാജിക്കുണ്ട് ഓരോ ഭക്ഷണത്തിന് പിന്നിലും. ഭക്ഷണം തേടിയും, പുത്തൻ അനുഭവങ്ങൾ തേടിയും അതിർത്തികൾ കടന്ന് യാത്ര ചെയ്ത മൂന്നു പേർ. ഹന്ന മെഹ്ത്തർ, റിഹാൻ റാഷിദ്, സച്ചിൻ എസ്സ്. ഭക്ഷണത്തെക്കുറിച്ച് ഇവർ പങ്കുവെച്ച അനുഭവ കഥകളെല്ലാം കൗതുകം ജനിപ്പിക്കുന്നതായിരുന്നു. കോഴിക്കോട്ടെ ഏറ്റവുമിഷ്ടപ്പെട്ട ഭക്ഷ്യവിഭവം കുറ്റിച്ചിറ ബിരിയാണിയെന്ന് എഴുത്തുകാരൻ റിഹാൻ റാഷിദ്. ഫുഡ് ട്രെൻഡുകൾ എത്ര മാറി വന്നാലും കുറ്റിച്ചിറ ബിരിയാണി പോലെ നാവിൽ തങ്ങി നിൽക്കുന്ന മറ്റൊരു രുചിയില്ല. അതുപോലെ ഓരോ വീട്ടിലേയും കല്യാണ സമയത്തുണ്ടാക്കുന്ന ബിരിയാണിയുടെ രുചി ഒന്നു വേറെ തന്നെയാണെന്നും റിഹാൻ പറയുന്നു. ഓരോ കല്യാണ വീട്ടിലേയും ബിരിയാണിയുടെ രുചി വ്യത്യസ്തമാണെങ്കിലും സ്നേഹവും, സൗഹാർദ്ദവും ഒന്നിക്കുന്ന ഒരു കോഴിക്കോടൻ ടച്ച് ഇവയ്ക്കെല്ലാം ഉണ്ടെന്ന് റിഹാൻ പറഞ്ഞു വെക്കുന്നു. ഭക്ഷണ കാര്യത്തിൽ തേടി പോയി കഴിച്ചിട്ടുള്ളത് കോഴിക്കോട് ഭാസ്ക്കരേട്ടന്റെ മിൽക്ക് സർബ്ബത്താണെന്നാണ് ഹന്ന മെഹ്ത്തർ ഓർത്തെടുക്കുന്നത്. മൈസൂർ പാക്ക് കഴിക്കാനായി മാത്രം ദേവരാജ സ്ട്രീറ്റിൽ പോയ യാത്രാനുഭവമാണ് സച്ചിൻ എസ്സിന് പറയാനുണ്ടായിരുന്നത്. 


ദൂരങ്ങൾ ചെറുതാക്കുന്ന ഭക്ഷണപ്രേമം


  നട്ടപ്പാതിര നേരത്ത് ചായ കുടിക്കാൻ തോന്നുമ്പോൾ, ഊട്ടിയ്ക്കോ, വയനാടൻ ചുരത്തിലേക്കോ യാത്ര തിരിക്കുന്നവർ ഇന്ന് ഒരു പുതിയ കാഴ്ചയല്ല. അത്തരം വട്ടൻ യാത്രകളുടെ കഥ പറയാനുണ്ട് റിഹാനും, സച്ചിനും. പക്ഷേ, കശ്മീരിലെ നംകീൻ ടീ ( ഉപ്പു ചേർത്ത ചായ), മൺ കപ്പിൽ കടുപ്പം കൂട്ടിയെടുക്കുന്ന ബം​ഗാളി ചായ അങ്ങനെ ഹന്നയ്ക്ക് പറയാനുള്ള ചായക്കഥ അൽപ്പം വ്യത്യസ്തമാണ്. സാഹിത്യത്തെക്കാൾ ഭക്ഷണത്തിന്റെ ഭം​ഗി ഒപ്പിയെടുത്തിട്ടുള്ളത് സിനിമകളാണ്. ​ഗന്ധത്തിലൂടെ രുചിയിലേക്ക് നയിക്കപ്പെടുന്ന കാന്തിക ശക്തിയാണ് ഭക്ഷണത്തിനുള്ളത്. ട്രെയിൻ യാത്രയിൽ ഒരു സഹയാത്രികൻ തുറക്കുന്ന പൊതിച്ചോറ് മുതൽ, തൊലി കള‍ഞ്ഞ് അകത്താക്കുന്ന ഓറഞ്ച് വരെ ഏതൊരു മനുഷ്യനേയും ആകർഷിക്കാൻ ​ഗന്ധത്തിന് കഴിയും. മാനസിക സമ്മർദ്ദമുണ്ടാകുമ്പോൾ ഏറ്റവും കൂടുതൽ ചെയ്യുന്നത് കുക്കിങ് ആണ്. പാചകം ഒരു തരത്തിൽ മാനസീക ആരോ​ഗ്യത്തെ പരോക്ഷമായി സഹായിക്കുന്നുണ്ട്. ഭക്ഷണത്തിന്റെ ആ തലം കൂടി പ്രധാനമാണെന്ന് റിഹാൻ പറയുന്നു. ഭക്ഷണ വൈവിധ്യങ്ങൾ എന്നും വിസ്മയത്തോടെ നോക്കി കാണുന്നവരാണ് നമ്മൾ മലയാളികൾ. അതിനു വേണ്ടി താണ്ടുന്ന ദൂരങ്ങൾ എത്ര വലുതായാലും നമുക്ക് അതൊരു പ്രയാസമേറിയ കാര്യമല്ലെന്നതാണ് യാഥാർത്ഥ്യം.

Follow us on :

More in Related News