Fri May 23, 2025 9:20 PM 1ST

Location  

Sign In

വേമ്പനാട്ടുകായലിൽ വേലിയേറ്റം;വൈക്കത്തെ വിവിധ പ്രദേശങ്ങൾ ഓരുവെള്ള ഭീഷണിയിൽ.

05 Jan 2025 09:39 IST

santhosh sharma.v

Share News :

വൈക്കം: കരിയാർ സ്‌പിൽവേയുടെ ഷട്ടർ താഴ്ത്താത്തത് കർഷകർക്ക് ഭീഷണിയാകുന്നു. വേമ്പനാട്ടുകായലിൽ വേലിയേറ്റം വർധിച്ചതോടെ, നെല്ല്, വാഴ, പച്ചക്കറി തുടങ്ങിയ കൃഷിയിടങ്ങളിൽ ഓരു വെള്ളം കയറുന്നത് മൂലം കൃഷിനാശം സംഭവിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ. ഗ്രാമീണ ജലാശയങ്ങളിൽ ഉപ്പുവെള്ളം കയറുന്നതോടെ ശുദ്ധജല ലഭ്യത ഇല്ലാതാകും എന്ന ആശങ്കയും വർദ്ധിക്കുന്നു. .ഇതിനെ പ്രതിരോധിക്കുന്നതിനായി വെച്ചൂർ, തലയാഴം, ടിവിപുരം, വൈക്കം നഗരസഭ പരിധികളിൽ ഓരുമുട്ട് സ്‌ഥാപിച്ചെങ്കിലും സ്‌പിൽവേയുടെ ഷട്ടർ താഴ്ത്താത്തതും, ഉദയനാപുരം പഞ്ചായത്തിൽ ഓരുമുട്ട് സ്‌ഥാപിക്കാത്തതും കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ഓരുവെള്ളം കയറി കൃഷി നാശം സംഭവിക്കുമോ എന്ന ആശങ്കയിലാണ് ഇവിടത്തെ കർഷകർ. കൃഷിയിടങ്ങളിലും കരപ്രദേശങ്ങളിലും ഓരുവെള്ളം കയറിയിട്ടും സ്‌പിൽവേയുടെ ഷട്ടർ താഴ്ത്താൻ ബന്ധപ്പെട്ട അധികാരികൾ തയാറാകാത്തത് കർഷകരോടുള്ള വെല്ലുവിളിയാണ്. ഷട്ടർ അടിയന്തരമായി താഴ്ത്തണമെന്ന് ജില്ല കലക്‌ടർ ഉൾപ്പെടെ ഉള്ളവരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും നടപടി എടുക്കാത്തത് പ്രതിഷേധാർഹമാണ്. ഷട്ടർ താഴ്ത്താൻ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ കർഷകരെ അണിനിരത്തി ശക്തമായ സമരം സംഘടിപ്പിക്കാനുള്ള തീരുമാനത്തിലാണ് വിവിധ കർഷക സംഘടനകൾ. അപ്രതീക്ഷികമായി ഓരുവെള്ളം കയറിയതിനെ തുടർന്ന് മറവൻതുരുത്ത് പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശങ്ങളായ തറവട്ടം, മേക്കര ,ചെമ്മനാകരി, പഞ്ഞിപ്പാലം തുടങ്ങിയ ഇടങ്ങളിലെ നൂറിലധികം വീടുകൾ ദുരിതത്തിലായി. ഉദയനാപുരം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിൽ 53ദിവസം വരെ പ്രായമായ നെൽച്ചെടികളാണ് ഉള്ളത്. ഡിസംബർ പകുതിയോടെ ഉപ്പുവെള്ളം കയറാതെ കണിയാംതോട്, തേനാമിറ്റം എന്നിവിടങ്ങളിൽ മുട്ട് സ്‌ഥാപിക്കാറുണ്ടെങ്കിലും ഈ വർഷം ഇതുവരെ മുട്ട് സ്‌ഥാപിച്ചിട്ടില്ല. കായലിൽ വേലിയേറ്റം വർധിച്ചതോടെ മിക്ക പാടശേഖരങ്ങളിലും ഉപ്പ് വെള്ളം കയറി ഇറങ്ങുന്ന സാഹചര്യമാണ്. മുട്ട് സ്‌ഥാപിച്ച് കൃഷി സംരക്ഷിക്കാൻ അടിയന്തര നടപടി ഉണ്ടാകണമെന്ന് ആവശ്യം ശക്തമാണ്. 

Follow us on :

More in Related News