Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Jan 2025 14:57 IST
Share News :
മുക്കം: കുഞ്ഞു കാലുകളിൽ കാൽപ്പന്തു കളിയുടെ മാസ്മരിക മുഹൂർത്തങ്ങൾ കോരിയിട്ട് കക്കാട് ജി.എൽ.പി സ്‌കൂൾ സംഘടിപ്പിച്ച ലഹരിക്കെതിരേയുള്ള ഉപജില്ലാ ഫുട്‌ബോൾ ടൂർണമെന്റിന് ആവേശോജ്വലമായ പരിസമാപ്തി. കുറിയ പാസുകളും മിന്നൽ നീക്കങ്ങളുമായി എതിർ പാളയങ്ങളിൽ വിള്ളൽ തീർത്ത് കളിയാസ്വാദകരിൽ ആഹ്ലാദത്തിന്റെയും ആനന്ദത്തിന്റെയും പുത്തൻ അനുഭൂതികൾ സമ്മാനിച്ച ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ കക്കാട് ജി.എൽ.പി സ്‌കൂളിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് കഴിഞ്ഞവർഷത്തെ റണ്ണേഴ്‌സ് അപ്പ് കൂടിയായ കാരശ്ശേരി എച്ച്.എൻ.സി.കെ യു.പി സ്‌കൂൾ കിരീടം ചൂടി.
നാളെയുടെ കൊച്ചു വാഗ്ദാനങ്ങളുടെ കളിനീക്കങ്ങൾക്ക് കൂടുതൽ നിറം പകരാനും ആവേശം പകരാനും കക്കാട് തൂക്കുപാലത്തോട് ചേർന്നുള്ള മംഗലശ്ശേരി മൈതാനിയിലേക്ക് ഒട്ടേറെ കളിയാസ്വാദകരാണ് ഒഴുകിയെത്തിയത്. ഉപജില്ലയിലെ മികച്ച എട്ടു ടീമുകൾ മാറ്റുരച്ച മേളയിൽ കരുത്തരായ മണാശ്ശേരി ജി.യു.പി സ്‌കൂളിനെ സെമിയിൽ തറപറ്റിച്ചാണ് കക്കാട് ജി.എൽ.പി സ്‌കൂൾ കലാശക്കളിക്ക് യോഗ്യത നേടിയത്. കൊടിയത്തൂർ ജി.എം.യു പി സ്‌കൂളിന്റെ കിരീടമോഹത്തിന് ഭംഗം വരുത്തിയാണ് കാരശ്ശേരി യു.പി സ്‌കൂൾ ഫൈനലിലേക്ക് ബർത്ത് നേടിയത്.
മേളയിലെ ഏറ്റവും മികച്ച കളിക്കാരനായി കാരശ്ശേരി സ്‌കൂളിലെ പി.പി യാസീനും ഏറ്റവും മികച്ച ഡിഫൻഡറായി കാരശ്ശേരിയുടെ തന്നെ ദുൽഖർ റഹ്മാനും തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലെ ടോപ് സ്‌കോററായി കാരശ്ശേരിയുടെ മുഹമ്മദ് ഷഫിനും ഏറ്റവും മികച്ച ഗോൾക്കീപ്പറായി കക്കാട് ജി..എൽ.പി സ്‌കൂളിലെ റസലും തെരഞ്ഞെടുക്കപ്പെട്ടു.
പ്രാഥമിക റൗണ്ടിലെ മാൻ ഓഫ് ദി മാച്ചായി കക്കാട് ജി.എൽ.പി സ്‌കൂളിലെ ടീം ക്യാപ്റ്റൻ നാബിഹ് അമീനും മണാശ്ശേരി ജി.യു.പി സ്‌കൂളിലെ ഗോൾക്കീപ്പർ ദേവദർശും തെരഞ്ഞെടുക്കപ്പെട്ടു.
വിജയികൾക്കും റണ്ണേഴ്‌സിനുമുള്ള മുകത്തെ കെയർ ആൻഡ് ക്യൂർ സ്‌പോൺസർ ചെയത ട്രോഫികൾ സ്ഥാപനത്തിന്റെ ഫിനാൻസ് മാനേജർ എം അർഷദ് റഹ്മാനും മാനേജർ ഇർഷാദ് കൊളായിയും സമ്മാനിച്ചു.
ജേതാക്കൾക്കുള്ള റസാസ് ഫുഡ് പ്രൊഡക്ട് കമ്പനി സ്‌പോൺസർ ചെയ്ത 5001 രൂപയുടെ പ്രൈസ് മണി ടി.പി.സി മുഹമ്മദ് ഹാജിയും റണ്ണേഴ്‌സിന് മുക്കത്തെ ചാലിയാർ ഏജൻസീസ് സ്‌പോൺസർ ചെയ്ത പ്രൈസ്മണി ലൈലാബി തോട്ടത്തിലും സമ്മാനിച്ചു. ഏറ്റവും മികച്ച കളിക്കാരനും, പ്രതിരോധ താരത്തിനും, ടോ സ്‌കോറർക്കും, മികച്ച ഗോൾക്കീപ്പർക്കുമുള്ള ട്രോഫികൾ സോയോ ബാത്ത് ഗ്യാലറി റീജ്യണൽ മാനേജർ ഇ.പി ജമാലുദ്ദീൻ വണ്ടൂർ സമ്മാനിച്ചു. പ്രാഥമിക റൗണ്ടിലെ മാൻ ഓഫ് ദ മാച്ചുകൾക്കുള്ള മുക്കത്തെ ഗ്രൗണ്ട് സീറോ സ്‌പോൺസർ ചെയ്ത ട്രോഫികൾ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ സമ്മാനിച്ചു. മേളയിൽ വിജയിച്ചവരും പരാജയപ്പെട്ടവരുമായ എല്ലാ ടീം അംഗങ്ങൾക്കും ചടങ്ങിൽ മെഡലുകൾ സമ്മാനിച്ചു. എല്ലാ ടീം മാനേജർമാർക്കും മുക്കം കാരശ്ശേരി ജംഗ്ഷനിലെ കോഡ് ജെൻസ്‌വെയർ സമ്മാനിച്ച പ്രത്യേക ഉപഹാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു.
കലാശക്കളിക്ക് യോഗ്യത നേടിയ ടീം അംഗങ്ങൾക്കുള്ള മുക്കത്തെ നാഫിയ സ്വീറ്റ്‌സിന്റെ പ്രത്യേക മധുര പാനീയവും ചടങ്ങിൽ താരങ്ങൾക്ക് കൈമാറി. തികഞ്ഞ അച്ചടക്കവും മികച്ച പങ്കാളിത്തവും മാതൃകാപരമായ സംഘാടനവും കൊണ്ട് ശ്രദ്ധേയമായ ഏകദിന ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിനെയും കക്കാട് സ്‌കൂളിൽ നടക്കുന്ന വൈവിധ്യമാർന്ന പാഠ്യ-പഠനാനുബന്ധ പ്രവർത്തനങ്ങളെയും അതിഥികൾ പ്രത്യേകം പ്രശംസിച്ചു. താരങ്ങൾക്കും അവരെ അനുഗമിച്ചവർക്കും കളിയാസ്വാദകർക്കും ഗ്രൗണ്ടിൽ റഫ്രഷ്‌മെന്റും ഒരുക്കിയിരുന്നു. ശേഷം ഉച്ചഭക്ഷണത്തോട് കൂടിയാണ് താരങ്ങളും കളിയാസ്വാദകരും സംഘാടകരും അതിഥികളും സന്തോഷമുഹൂർത്തം പങ്കുവെച്ച് പിരിഞ്ഞത്.
ചാമ്പ്യൻഷിപ്പ് മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു. മാവൂർ എസ്.ഐ സലീം മുട്ടാത്ത് മുഖ്യാതിഥിയായി കളിക്കാരുമായി പരിചയപ്പെട്ടു.
സമാപന സമ്മേളനം കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എടത്തിൽ ആമിന കളിക്കാർക്കുള്ള മെഡലുകൾ സമ്മാനിച്ചു. ഈവനിംഗ് പ്ലയേഴ്‌സ് താരവും സബ്ജൂനിയർ മുൻ ജില്ലാ താരവുമായ കെ.സി അസ്‌ലഹ്, ഫഹീം സി.കെ എന്നിവർ മത്സരം നിയന്ത്രിച്ചു.
അൻഷിദ ഫാൻസി എം.ഡി കെ.സി കാസിം, സനം നൂറുദ്ദീൻ, പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ്, സ്‌കൂൾ എച്ച്.എം ജാനീസ് ജോസഫ്, അസി.എച്ച്.എം ജി ഷംസു മാസ്റ്റർ, സീനിയർ അസിസ്റ്റന്റ് ഷഹനാസ് ടീച്ചർ, സംഘാടകസമിതി കൺവീനർ ഷാക്കിർ പാലിയിൽ, സ്റ്റാഫ് സെക്രട്ടറി കെ ഫിറോസ് മാസ്റ്റർ, സോഷ്യൽ മീഡിയ കൺവീനർ റഹീം മാസ്റ്റർ നെല്ലിക്കാപറമ്പ്, എസ്.എം.സി ചെയർമാൻ ജലാലുദ്ദീൻ, പി.ടി.എ എക്‌സിക്യൂട്ടീവ് അംഗങ്ങളായ മുനീർ പാറമ്മൽ, ശിഹാബ് പുന്നമണ്ണ്, റിയാസ് ഗോശാലക്കൽ, നൗഷാദ് എടത്തിൽ, എം.പി.ടി.എ ചെയർപേഴ്‌സൺ കമറുന്നീസ മൂലയിൽ, അംഗങ്ങളായ നസീബ എം, സാജിത ഗോശാലക്കൽ, ഷാഹിന തോട്ടത്തിൽ, ഷബ്‌ന എടക്കണ്ടി, പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് എടക്കണ്ടി അഹമ്മദ്കുട്ടി, സെക്രട്ടറി പി സാദിഖലി മാസ്റ്റർ, മുൻ സെക്രട്ടറി കെ അബ്ദു മാസ്റ്റർ, കെ.പി ആർ സ്മാരക വായനശാല പ്രസിഡന്റ് മഞ്ചറ അഹമ്മദ്കുട്ടി മാസ്റ്റർ, റിട്ട. എച്ച.എം മഞ്ചറ മുഹമ്മദലി മാസ്റ്റർ, ടി ഉമർ തുടങ്ങിയവർ വിവിധ ചടങ്ങുകളിൽ സംബന്ധിച്ചു.
അധ്യാപികമാരായ വിജില പേരാമ്പ്ര, ഗീതു മുക്കം, പി ഫസീല വെള്ളലശ്ശേരി, ഫർസാന വടകര, റജുല, ഷീബ എം, വിപിന്യ, ഹൻഫ, സ്‌കൂൾ സ്റ്റാഫ് ടി.സി മാത്യു, സലീന മഞ്ചറ, തസ്‌ലീന സി തുടങ്ങിയവർ നേതൃത്വം നൽകി.
മുൻവർഷത്തെ ചാമ്പ്യൻമാരായ ജി.എം.യു.പി സ്‌കൂൾ ചേന്ദമംഗല്ലൂർ, ജി.യു.പി.എസ് മണാശ്ശേരി, ജി.എം.യു.പി സ്‌കൂൾ കൊടിയത്തൂർ, എ.യു.പി സ്‌കൂൾ സൗത്ത് കൊടിയത്തൂർ, ജി.എൽ.പി.എസ് കൂമാരനല്ലൂർ, ജി.എൽ.പി.എസ് പന്നിക്കോട് തുടങ്ങിയ ടീമുകൾക്കായി മികച്ച പ്രകടനമാണ് കുട്ടികൾ മൈതാനത്ത് കാഴ്ചവെച്ചത്.
'ലഹരിക്കെതിരെ ഫുട്ബാൾ: ആരോഗ്യമുള്ള ശരീരം, ലഹരിമുക്ത ജീവിതം' എന്ന സന്ദേശത്തിൽ ഇത് രണ്ടാംതവണയാണ് കക്കാട് സ്‌കൂൾ ഉപജില്ലാ തലത്തിൽ പ്രൈസ്മണി ഏർപ്പെടുത്തിയുള്ള ഫുട്‌ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്. മൂന്നുകോടിയുടെ ബൃഹത് പദ്ധതിയുമായി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ചുവട് വയ്ക്കുന്ന സ്‌കൂളിന്റെ 67-ാം വാർഷികാഘോഷവും എൻഡോവ്‌മെന്റ് സമർപ്പണവും ഈമാസം 24ന് വെള്ളിയാഴ്ചയും വിവിധ സ്‌കൂളുകളെ പങ്കെടുപ്പിച്ച് പ്രീപ്രൈമറി, എൽ.പി വിഭാഗം കുട്ടികളുടെ ഒപ്പന ഫെസ്റ്റ് - മൈലാഞ്ചി മൊഞ്ച് ഈ മാസം 25നും സ്‌കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.