Tue Dec 12, 2023 10:56 PM 1ST
Location
Sign In
06 Feb 2025 11:23 IST
Share News :
കൊണ്ടോട്ടി: ഒരു മോഷണകേസന്വേഷണത്തിലൂടെ ഒടുവിൽ വധശ്രമത്തിനും തുമ്പുണ്ടാക്കിയിരിക്കുകയാണ് കൊണ്ടോട്ടി പോലീസ്. തുറക്കലിലെ മോഷണക്കേസില്‍ മൂവാറ്റുപുഴ പേഴയ്ക്കാപിള്ളി പാണ്ടിയാരപ്പള്ളി വീട്ടിൽ നൗഫല്‍ (39) എന്ന പപ്പന്‍ നൗഫലിനെയാണ് കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ താഴെമോങ്ങത്ത് ഗൃഹനാഥനെ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും നൗഫൽ ആണ് പ്രതിയെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
ഇതിനെ പറ്റി പോലീസ് പറയുന്നതിങ്ങനെ :
കഴിഞ്ഞ ഒക്ടോബറിൽ താഴെ മോങ്ങത്ത് അതിയാരത്ത് പറമ്പിൽ സൈതലവി (50)ക്ക് വെട്ടേറ്റിരുന്നു. മോഷ്ടിക്കാൻ വീട്ടിലെത്തിയ പ്രതി അപ്രതീക്ഷിതമായെത്തിയ സൈതലവിയെ മഴു ഉപയോഗിച്ച് വെട്ടി രക്ഷപ്പെടുകയായിരുന്നു. എന്നാൽ,ഈ കേസിന് ഒരു തുമ്പും കണ്ടെത്താൻ പോലീസിന് കഴിഞ്ഞില്ല.ജില്ല പൊലീസ് മേധാവി ആര്‍. വിശ്വനാഥ് നേതൃത്വം നല്‍കിയ കേസായിരുന്നു ഇത്. അതേ സമയം, വെട്ടേറ്റ സംഭവത്തില്‍ പലവിധത്തിലുള്ള വ്യാഖ്യാനങ്ങളും കിംവദ ന്തികളും നാട്ടില്‍ പരന്നതോടെ സൈതലവിയും കുടുംബവും മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നു. മുസ്ലിം ലീഗിന്റെ പ്രാദേശിക നേതാവ് കൂടിയായ അദ്ദേഹത്തിന് വെട്ടേറ്റതിന് രാഷ്ട്രീയ വ്യാഖ്യാനം നൽകിയവരും ഉണ്ടായിരുന്നു. എന്നാൽ, മോഷണ ശ്രമത്തിനിടെ രക്ഷപ്പെടാന്‍ വെട്ടിയതാണെന്നാണ് പിടിയിലായ നൗഫല്‍ അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്‍കിയത്.
കൊണ്ടോട്ടി തുറക്കലില്‍ ആള്‍താമസമില്ലാത്ത വീട് ഇക്കഴിഞ്ഞ ജനുവരി ആദ്യവാരം മഴു ഉപയോഗിച്ച് കുത്തി തുറന്ന് പണവും വാച്ചും മൊബൈല്‍ ഫോണും മോഷ്ടിച്ച കേസിലാണ് നൗഫല്‍ പൊലീസിന്റെ പിടിയിലാവുന്നത്. വീട്ടില്‍ നിന്നെടുത്ത വിരലടയാള പരിശോധനയിലൂടെയാണ് പ്രതിയെ തിരിച്ചറിയുന്നത്. നിലവില്‍ പശ്ചിമ ബംഗാളിലെ പൂര്‍വ ബര്‍ദ്ധ്മാന്‍ മേമാറി അത്താസ്പൂറില്‍ നൗഫല്‍ ഷെയ്ഖ് എന്ന പേരില്‍ കഴിഞ്ഞു വരികയായിരുന്ന പ്രതി കോഴിക്കോടെത്തിയെന്നവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒരു സ്വകാര്യ ലോഡ്ജില്‍ നിന്നും ഫെബ്രുവരി 2 ന് അന്വേഷണ സംഘം പിടികൂടുന്നത്. മോഷണത്തിനായി ആളില്ലാത്ത വീടുകള്‍ തിരഞ്ഞെടുക്കുന്നതും മഴു ആയുധമാക്കുന്നതും പ്രതിയുടെ രീതി ആയിരുന്നു. സൈതലവിയും ഒരു ഓട്ടോ ഡ്രൈവറും പറഞ്ഞ മൊഴി പ്രകാരമാണ് വളഞ്ഞ കാലുകളുള്ള പ്രതിയിലേക്ക് പോലീസ് എത്തുന്നത്.
ജില്ലക്കകത്തും പുറത്തുമായി സമാന രീതിയിൽ വന്‍തോതില്‍ സ്വര്‍ണ്ണവും പണവും ഫോണുകളുമെല്ലാം നൗഫല്‍ മോഷ്ടിച്ചിട്ടുണ്ട്. പെരിന്തൽമണ്ണ, കൊളത്തൂർ, കൽപകഞ്ചേരി, താനൂർ പോലീസ് സ്റ്റേഷനുകളിലെല്ലാം പ്രതിക്കെതിരെ കേസുകളുണ്ട്.
2 ഏക്കറോളം ഭൂമിയും ഇരുനില വീടും സ്വന്തമാക്കി മൂന്നു വർഷമായി പശ്ചിമ ബംഗാളിലാണ് പ്രതി താമസിച്ചു പോരുന്നത്. അവിടെ വലിയ രീതിയിൽ കൃഷിയും നടത്തി വരികയായിരുന്നു. നന്നായി ബംഗാളി ഭാഷ സംസാരിച്ചിരുന്ന നൗഫൽ അവിടത്തുകാരിയെ വിവാഹം ചെയ്യുകയായിരുന്നു.
ഖത്തറില്‍ ബിസിനസാണെന്നൊക്കെയാണ് ഭാര്യവീട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചത്. പാവങ്ങളെ സഹായിക്കുകയും ദാനം ചെയ്യുകയും ചെയ്തിരുന്ന പ്രതിയെ അന്നാട്ടുകാർ നൗഫല്‍ ഷെയ്‌ഖെന്നാണ് വിളിച്ചു പോന്നത്. അഞ്ചു നേരം നമസ്കരിക്കാൻ സ്ഥിരമായി പള്ളികളിലെത്തുമായിരുന്നു.
കേരളത്തിലേക്ക് മോഷണത്തിനായി തിരിക്കുമ്പോൾ ഖത്തറിലേക്ക് പോകുകയാണെന്നാണ് ഭാര്യ വീട്ടുകാരെ അറിയിച്ചിരുന്നത്.
ജില്ല പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം കൊണ്ടോട്ടി ഡി.വൈ.എസ്.പി കെ.സി. സേതു, ഇന്‍സ്‌പെക്ടര്‍ പി.എം. ഷമീര്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐമാരായ വി. ജിഷില്‍, കെ.ജെ. ജിജോ, എ.എസ്.ഐമാരായ രവീന്ദ്രന്‍, മുഹമ്മദ് ഷാഫി, നാരായണന്‍, സി പി ഒ പ്രിയ, ഡാന്‍സാഫ് അംഗങ്ങളായ പി. സഞ്ജീവ്, രതീഷ്, സതീഷ്, സുബ്രഹ്‌മണ്യന്‍, മുസ്തഫ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മഞ്ചേരി സ്‌പെഷ്യല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പും തിരിച്ചറിയല്‍ പരേഡും നടത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കൊണ്ടോട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എം. ഷമീര്‍ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.