Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലബനൻ സ്ഫോടനത്തിലെ മലയാളി പങ്ക്; റിൻസൺ ചതിക്കപ്പെട്ടിട്ടുണ്ടാകാം: അമ്മാവൻ

20 Sep 2024 16:08 IST

- Shafeek cn

Share News :

കല്‍പ്പറ്റ: ലബനനിലെ ഉണ്ടായ നിഗൂഢ പേജര്‍ സ്‌ഫോടനത്തില്‍ അന്വേഷണ സംഘം മലയാളിയായ റിന്‍സണിന്റെ കമ്പനിയിലേക്ക് കടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരണവുമായി ബന്ധുക്കളും സുഹൃത്തുക്കളും. സ്ഫോടനത്തില്‍ പങ്കാളിയാണെന്ന് പറയുന്ന റിന്‍സണ്‍ അവസാനമായി വയനാട്ടിലെത്തിയത് കഴിഞ്ഞ നവംബറിലാണെന്ന് റിന്‍സന്റെ അമ്മാവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഈ വര്‍ഷം ജനുവരിയിലാണ് റിന്‍സണ്‍ വയനാട്ടിലേക്ക് തിരിച്ചുപോയത്.


തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല, ചതിക്കപ്പെട്ടതാകാം..


10 വര്‍ഷം മുമ്പാണ് റിന്‍സണ്‍ നോര്‍വയിലേക്ക് പോയത്. അവന്‍ തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ചതിക്കപ്പെട്ടു എന്നാണ് സംശയിക്കുന്നത്. മൂന്നു ദിവസം മുമ്പ് റിന്‍സണ്‍ വിളിച്ചിരുന്നു. അന്ന് പ്രശ്‌നങ്ങളുള്ളതായി പറഞ്ഞിരുന്നില്ല. എന്നാല്‍ ഇന്ന് വിളിക്കാന്‍ ശ്രമിച്ചപ്പോള്‍ പറ്റിയില്ല ഭാര്യയുമൊത്താണ് അവന്‍ അവിടെ താമസിക്കുന്നത്. ഇരുവരെയും ബന്ധപ്പെടാന്‍ സാധിക്കുന്നില്ല. അതേസമയം റിന്‍സന്റെ ഇരട്ട സഹോദരന്‍ കഴിഞ്ഞയാഴ്ച നാട്ടില്‍ വന്ന് പോയതാണ്. റിന്‍സണ്‍ 100ശതമാനം തെറ്റ് ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മാവന്‍ പറഞ്ഞു.


നോര്‍വേയിലെ മലയാളി സുഹൃത്തുക്കള്‍ പറയുന്നത് റിന്‍സണ്‍ അമേരിക്കയിലേക്ക് പോയിട്ടുണ്ട് എന്നാണ്. ഒരുപക്ഷേ റിന്‍സന്റെ വിലാസം ഉപയോഗിച്ച് വ്യാജമായി കമ്പനി രജിസ്ട്രര്‍ ചെയ്തതാണോ എന്നാണ് സംശയമെന്നും നോര്‍വിലെ മലയാളി സുഹൃത്തുക്കള്‍ പറഞ്ഞു. ഇതിനിടെ, റിന്‍സന്റെ വയനാട്ടിലെ വീട്ടിലെത്തി സ്‌പെഷ്യല്‍ ബ്രാഞ്ച് വിവരങ്ങള്‍ ശേഖരിച്ചു.


നോര്‍വേ പൗരത്വമുള്ള വയനാട് സ്വദേശി റിന്‍സണ്‍ ജോസിന്റെ കമ്പനിയെ കുറിച്ചാണ് നിലവില്‍ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണം നടക്കുന്നത്. പേജറുകള്‍ വാങ്ങാനുള്ള സാമ്പത്തിക ഇടപാടില്‍ ഇയാളുടെ കമ്പനി ഉള്‍പ്പെട്ടെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ലബനനില്‍ നടന്ന നിഗൂഢ പേജര്‍ സ്‌ഫോടനങ്ങളില്‍ വയനാട് സ്വദേശിയായ മലയാളി ഉള്‍പ്പെട്ട കമ്പനിക്കു നേരെ അന്വേഷണം തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്തത്.


നോര്‍വീജിയന്‍ പൗരത്വമുള്ള റിന്‍സണ്‍ ജോസിന്റെ നോര്‍ട്ട ഗ്‌ളോബല്‍, നോര്‍ട്ട ലിങ്ക് എന്നീ കമ്പനികള്‍ വഴി പേജറുകള്‍ക്ക് പണം കൈമാറിയെന്നാണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം കിട്ടിയത്. നിലവില്‍ നോര്‍വീജിയന്‍ പൗരത്വമുള്ള റിന്‍സണ്‍ ജോസിനെ കുറിച്ചുള്ള വിവരങ്ങള്‍ യൂറോപ്യന്‍ അന്വേഷണ ഏജന്‍സികള്‍ ഇന്ത്യയ്ക്കും കൈമാറിയിട്ടുണ്ട്. സ്‌ഫോടക വസ്തുക്കള്‍ പേജറിലേക്ക് എവിടെ നിന്നാണ് നിറച്ചതെന്നതടക്കം ഇപ്പോഴും അജ്ഞാതമായി തുടരുകയാണ്.


തങ്ങള്‍ പേജറുകള്‍ നിര്‍മ്മിച്ചിട്ടില്ലെന്നും നോര്‍വീജിയന്‍ കമ്പനിക്ക് ഉപ കരാര്‍ നല്‍കിയിരുന്നുവെന്ന ഹംഗേറിയന്‍ കമ്പനിയുടെ മറുപടിയാണ് അന്വേഷണം നോര്‍വയിലേക്കും അവിടെ നിന്നും ബള്‍ഗേറിയന്‍ കമ്പനിയിലേക്കും തുടര്‍ന്ന് മലയാളിയിലേക്കും എത്തിയത്. ബിഎസിക്ക് ഇടപാടിനുള്ള പണം എത്തിയത് റിന്‍സണ്‍ ജോസിന്റെ സ്ഥാപനങ്ങള്‍ വഴിയാണ്. നോര്‍വെയിലെ ഒസ്ലോയില്‍ സ്ഥിര താമസക്കാരനായ റിന്‍സണ്‍ തന്റെ കമ്പനികള്‍ ബള്‍ഗേറിയയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.


നോര്‍വേയിലെ തന്നെ ഡിഎന്‍ മീഡിയ എന്ന മറ്റൊരു കമ്പനിയില്‍ റിന്‍സണ്‍ ജോലി ചെയ്യുന്നുമുണ്ട്. പണം കൈമാറ്റത്തിനുള്ള നിഴല്‍ കമ്പനിയായി റിന്‍സന്റെ സ്ഥാപനം പ്രവര്‍ത്തിച്ചുവെന്നാണ് അന്വേഷണത്തില്‍ ഇപ്പോഴത്തെ അനുമാനം. ഏതാണ്ട് 15 കോടി രൂപയാണ് റിന്‍സന്‍ വഴി ഹംഗേറിയന്‍ കമ്പനിക്ക് കൈമാറിയത്. പേജറുകള്‍ നിര്‍മ്മിച്ചതിലോ സ്‌ഫോടക വസതുക്കള്‍ ഇതില്‍ നിറച്ച ഇസ്രയേല്‍ നീക്കത്തിലോ റിന്‍സണ് പങ്കുള്ളതായി തല്ക്കാലം തെളിവില്ല. കൂടാതെ രണ്ടിലധികം കമ്പനികള്‍ വഴി പണം കൈമാറിയിട്ടുണ്ടെങ്കിലും പേജറുകള്‍ ആര് നിര്‍മ്മിച്ചു എന്നത് ഇപ്പോഴും ദുരൂഹമായി തന്നെ നിലനില്‍ക്കുകയാണ് . യുകെയില്‍ കുറച്ചു കാലം ജോലി ചെയ്ത ശേഷമാണ് റിന്‍സണ്‍ നോര്‍വേയിലേക്ക് കുടിയേറിയത്. നിലവില്‍ നോര്‍വേയും ബള്‍ഗേറിയയും റിന്‍സന്റെ കമ്പനിക്കെതിരെ അന്വേഷണം തുടങ്ങിയിട്ടുണ്ട്.


ലെബനനില്‍ ഹിസ്ബുല്ലയെ ഞെട്ടിച്ച ആദ്യ സ്‌ഫോടന പരമ്പര ചൊവ്വാഴ്ചയായിരുന്നു. വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഡിവൈസായ ആയിരക്കണക്കിന് പേജര്‍ ഉപകരണങ്ങള്‍ ഒരേസമയം തന്നെ പൊട്ടിത്തെറിക്കുകയായിരുന്നു. തലസ്ഥാനമായ ബെയ്റൂത്തിലടക്കമുണ്ടായ ഈ സ്‌ഫോടന പരമ്പരയില്‍ 12 പേര്‍ കൊല്ലപ്പെട്ടപ്പോള്‍, മൂവായിരത്തോളം പേര്‍ക്ക് പരിക്കേറ്റു. ഈ പൊട്ടിത്തെറിയില്‍ കൊല്ലപ്പെട്ട ഹിസ്ബുല്ല അംഗങ്ങളുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കിടെയാണ് പ്രതികാരമെന്ന നിലയില്‍ ബുധനാഴ്ച വാക്കി-ടോക്കി എന്ന മറ്റൊരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ ഉപകരണം പൊട്ടിത്തെറിക്കുന്ന രണ്ടാം സ്‌ഫോടന പരമ്പരയുണ്ടായത്. വാക്കി-ടോക്കി സ്‌ഫോടനങ്ങളില്‍ 20 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 450ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Follow us on :

More in Related News