Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jul 2024 07:17 IST
Share News :
ചൂരൽമല (വയനാട്): ചൊവ്വാഴ്ച പുലർച്ച 1.20ഓടെ വൻശബ്ദം കേട്ടാണ് ചൂരൽമലയിലെ മാടസ്വാമിയുടെ മകൻ രാജേന്ദ്രൻ ജനൽവാതിൽ തുറന്ന് പുറത്തേക്ക് നോക്കിയത്. മുണ്ടക്കൈ മലയിൽനിന്ന് ഉരുൾപൊട്ടലിൽ ചീറിവന്ന വൻ മരത്തടികളും കല്ലുകളും വീടിന്റെ ചുമരിൽ ഞെങ്ങിയമർന്നിരിക്കുന്നു. അപായംമണത്ത രാജേന്ദ്രൻ പിതാവ് മാടസ്വാമിയെയും അമ്മ മാരിയമ്മയെയും വിളിച്ചുണർത്തി. കാലിന് പരിക്കുള്ള പിതാവിനെ തോളിലേറ്റി എങ്ങനെയോ വാതിൽ തള്ളിത്തുറന്ന് പുറത്തുകടന്നു. മകൻ പ്രിഥ്വിരാജ് അമ്മ മാരിയമ്മയെയും താങ്ങിനടന്നു. ഓടിട്ട വീടിന്റെ കോൺക്രീറ്റ് ചെയ്ത ഭാഗമൊഴികെ മറ്റെല്ലാം തകർന്നുതരിപ്പണമായിരുന്നു. എല്ലാവരും ആയാസപ്പെട്ട് കുന്നിൻമുകളിലേക്ക് വലിഞ്ഞുകയറി. അവിടെ അപ്പോഴേക്കും 35 ആളുകൾ രക്ഷതേടി എത്തിയിരുന്നു. ഞൊടിയിടയിൽ രണ്ടാമത്തെ ഉരുൾപൊട്ടലിന്റെ ഭീമാകാരമായ കുത്തൊഴുക്ക് ചൂരൽമലയെ തേടിയെത്തിയിരുന്നു.
കുന്നിന് താഴെയുള്ളവർ രക്ഷക്കായി അലറിവിളിക്കുന്നത് അവർ കേട്ടെങ്കിലും എല്ലാവർക്കും നിസ്സഹായരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. പിന്നീട് കാപ്പിത്തോട്ടത്തിൽ നേരംവെളുക്കുവോളം കാത്തിരുന്നു. ചൂരൽമല പള്ളിയിൽ അഭയം തേടി. ഒടുവിൽ രക്ഷാപ്രവർത്തകരുടെ വാഹനത്തിലാണ് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയത്. 47കാരനായ രാജേന്ദ്രൻ സേലത്ത് തുണിമില്ലിലാണ് ജോലി ചെയ്യുന്നത്. വാവുബലി അവധിക്കായാണ് വീട്ടിലെത്തിയത്. താൻ വീട്ടിലില്ലായിരുന്നുവെങ്കിൽ ഉറ്റവരുടെ അവസ്ഥ എന്തായിരിക്കുമെന്ന് ആലോചിക്കുമ്പോൾ ഇദ്ദേഹത്തിന് ഉൾക്കിടിലം മാറുന്നില്ല.
Follow us on :
Tags:
More in Related News
Please select your location.