Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Apr 2025 22:33 IST
Share News :
വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായ ഫ്രാൻസിസ് മാർപാപ്പ (88) വിട വാങ്ങി. സഭയെ 12 വർഷം നയിച്ച അദ്ദേഹത്തിന്‍റെ വിയോഗം വത്തിക്കാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ശ്വാസകോശ അണുബാധയെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ പൊതുവേദികളിൽ എത്തിയിരുന്നു. യുഎസ് വൈസ് പ്രസിഡന്‍റ് ജെ.ഡി.വാൻസുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ മാർപാപ്പ വിശുദ്ധവാര ശുശ്രൂഷകളിലും പങ്കെടുത്തിരുന്നു.
2013 ഏപ്രിൽ 13-നാണ് 266-ാം മാർപാപ്പയായി ഇറ്റാലിയൻ വംശജനായ അർജന്‍റീനക്കാരൻ കർദിനാൾ ഹോർഹെ മാരിയോ ബെർഗോളിയോയെ തെരഞ്ഞെടുത്തത്. ബനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തതിനു പിന്നാലെയാണ് ഫ്രാൻസിസ് മാർപാപ്പയെ സഭയുടെ അമരത്ത് എത്തിയത്.
2013 മാർച്ച് 19ന് ഫ്രാൻസിസ് അഥവാ ഫ്രാൻസിസ്കോ എന്ന പേരു സ്വീകരിച്ചുകൊണ്ട് കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനും വത്തിക്കാൻ രാജ്യത്തിന്‍റെ തലവനുമായി അദ്ദേഹം സ്ഥാനമേറ്റു. അന്നു മുതൽ ദോമൂസ് സാംഗ്തേ മാർത്തേ എന്ന ഹോസ്റ്റലിലാണ് മാർപാപ്പയുടെ താമസം.
ഫ്രാൻസിസ് എന്ന പേര് വിശുദ്ധ ഫ്രാൻസിസ് അസീസിയോടുള്ള ആദരംകൊണ്ടു സ്വീകരിച്ചതാണ്. സ്നേഹത്തിന്‍റെയും ഉപവിയുടെയും പ്രവൃത്തികളാൽ രണ്ടാം ക്രിസ്തു എന്നു വിശേഷിപ്പിക്കപ്പെട്ട വിശുദ്ധനാണ് അസീസിയിലെ ഫ്രാൻസിസ്. ഫ്രാൻസിസ് എന്ന പേരു സ്വീകരിച്ച ആദ്യ മാർപാപ്പയുമായിരുന്നു അദ്ദേഹം.
ഈശോസഭയിൽ നിന്നുള്ള പ്രഥമ മാർപാപ്പയും 1,000 വർഷത്തിനിടയിലെ യൂറോപ്യനല്ലാത്ത പ്രഥമ മാർപാപ്പയുമായിരുന്നു പോപ്പ് ഫ്രാൻസിസ്. അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള ആദ്യ മാർപാപ്പ കൂടിയാണ്.
ഇറ്റലിയിലെ ടൂറിനിലാണ് മാർപാപ്പയുടെ കുടുംബവേരുകൾ. ഇറ്റലിയിൽ നിന്നു കുടിയേറിയ റെയിൽവേ തൊഴിലാളിയുടെ മകനായി 1936-ൽ ബുവേനോസ് ആരീസിലാണ് ഫ്രാൻസിസ് മാർപാപ്പയുടെ ജനനം. നാലു സഹോദരീ സഹോദരന്മാരുണ്ട്.
രസതന്ത്രജ്ഞനാകണമെന്ന് ആഗ്രഹിച്ചെങ്കിലും 22-ാം വയസിൽ ഈശോസഭയിൽ ചേർന്നു വൈദികപഠനം ആരംഭിച്ചു. വൈദികനായശേഷം സാഹിത്യം, മനശാസ്ത്രം, തത്വശാസ്ത്രം എന്നിവയുടെ അധ്യാപകനായിരുന്നു. 1973 മുതൽ 79 വരെ അർജന്‍റീനയിലെ ജെസ്വീറ്റ് പ്രൊവിൻഷ്യാളായിരുന്നു. 1980-ൽ സെമിനാരി റെക്ടറായി.
1992-ലാണ് ബുവാനോസ് ഐരിസിന്‍റെ സഹായമെത്രാനായി അദ്ദേഹം നിയമിതനായത്. മെത്രാപ്പോലീത്ത, കർദിനാൾ, കറാച്ചിനോ 1998-ൽ അന്തരിച്ചപ്പോൾ മാർപാപ്പ ആ പദവിയിലേക്ക് ഉയർത്തപ്പെട്ടു. 2001-ൽ കർദിനാൾ സ്ഥാനം ലഭിച്ചു. ഈശോസഭയിലെ വിശുദ്ധനായ റോബർട്ട് ബെല്ലാർമിനോയുടെ നാമത്തിലുള്ള ദേവാലയമാണ് അദ്ദേഹത്തിന് സ്ഥാനികദേവാലയമായി ലഭിച്ചത്.
റോമൻ കൂരിയായിൽ നിരവധി പദവികൾ മാർപാപ്പ വഹിച്ചിട്ടുണ്ട്. വൈദികർക്കായുള്ള തിരുസംഘം, കൂദാശകൾക്കും ദൈവാരാധനയ്ക്കുമായുള്ള തിരുസംഘം, സന്യസ്തർക്കായുള്ള തിരുസംഘം എന്നിവയിൽ അംഗമായിരുന്നു.
മെത്രാപ്പോലീത്ത എന്ന നിലയിൽ ഡ്രൈവർസഹിതം ലഭിച്ച ആഡംബര കാർ ഉപേക്ഷിച്ച് ബസിലും ട്രെയിനിലും യാത്ര ചെയ്തിരുന്ന ആളാണ് മാർപാപ്പ. വിക്ടർ യൂഗോയുടെ പാവങ്ങളിലെ മെത്രാനെപ്പോലെ മെത്രാസനമന്ദിരം ഉപേക്ഷിച്ച് ഒരു ചെറിയ ഫ്ലാറ്റിൽ തങ്ങാനും മാർപാപ്പ മടിച്ചില്ല.
Follow us on :
More in Related News
Please select your location.