Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വലതുപക്ഷത്തിന്റെ അജണ്ടയ്ക്ക് തല വച്ചു കൊടുക്കരുത്; ബിനോയ് വിശ്വത്തിന് പരോക്ഷ മുന്നറിയിപ്പുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ

05 Jul 2024 15:41 IST

Shafeek cn

Share News :

തിരുവനന്തപുരം: മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന പൊതുബോധത്തില്‍ വിധേയപ്പെട്ട് പോകരുതെന്ന് ബിനോയ് വിശ്വത്തിന് പരോക്ഷ മുന്നറിയിപ്പുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. വസ്തുത മനസ്സിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചരിത്രം അറിയില്ല എന്നാണ് വിമര്‍ശനം. ഞങ്ങള്‍ ചരിത്രം പഠിക്കുന്നുമുണ്ട്, പ്രവര്‍ത്തകര്‍ക്ക് പഠിപ്പിക്കുന്നുമുണ്ട്. വിമര്‍ശനങ്ങളെ പോസിറ്റീവ് ആയി കാണുന്നു. എന്നാല്‍ വലതുപക്ഷത്തിന്റെ അജണ്ടയ്ക്ക് തല വച്ചു കൊടുക്കരുതെന്നും പിഎം ആര്‍ഷോ ആവശ്യപ്പെട്ടു. എസ്എഫ്‌ഐ ബാധ്യതയാണ് എന്ന് അഭിപ്രായമുണ്ടെങ്കില്‍ യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പുകളില്‍ എഐഎസ്എഫ് ഒപ്പം മത്സരിക്കില്ല എന്ന് തീരുമാനിക്കണമെന്നും ആര്‍ഷോ ആവശ്യപ്പെട്ടിരുന്നു.


രാഷ്ട്രീയ പക്വത കാണിക്കണം. എസ്എഫ്‌ഐയെ ലക്ഷ്യമാക്കി നടക്കുന്നത് ഇടതുപക്ഷത്തിനെതിരെയുള്ള ആക്രമണമാണെന്നും, എഐഎസ്എഫ് ആത്മ പരിശോധന നടത്തണമെന്നും പി എം ആര്‍ഷോ ആവശ്യപ്പെട്ടു. രാജ്യത്ത് ഇതുപോലെ ആക്രമിക്കപ്പെട്ട സംഘടന എസ്എഫ്‌ഐ പോലെ മറ്റൊന്നില്ല. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ക്രിമിനലുകളാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്നും ആര്‍ഷോ കുറ്റപ്പെടുത്തി.


കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ പുതിയ നോമിനേഷനെതിരെ എസ്എഫ്‌ഐ രംഗത്തെത്തി. സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള ലിസ്റ്റില്‍ നിന്നാണ് ഗവര്‍ണര്‍ അംഗങ്ങളെ നോമിനേറ്റ് ചെയ്തതെന്നാണ് എസ്എഫ്‌ഐ ആരോപണം. സര്‍വ്വകലാശാലകള്‍ പിടിച്ചെടുക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്നും ഗവര്‍ണര്‍ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും പിഎം ആര്‍ഷോ കുറ്റപ്പെടുത്തി.


സര്‍വ്വകലാശാലകളെ തകര്‍ക്കാനാണ് നീക്കമെന്നും സര്‍വകലാശാല ഭരണസമിതിയിലേക്ക് സംഘപരിവാറിനെ തിരുകി കയറ്റാന്‍ ശ്രമിക്കുന്നുവെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കേരള സര്‍വ്വകലാശാല യോഗ്യരായ വിദ്യാര്‍ഥികളുടെ ലിസ്റ്റ് ഗവര്‍ണര്‍ക്ക് നല്‍കിയിരുന്നു. ഇത് മറികടന്നാണ് ഗവര്‍ണറുടെ നാമനിര്‍ദ്ദേശമെന്നും എസ്എഫ്‌ഐ ചൂണ്ടിക്കാണിച്ചു. നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ചത് തെറ്റായ ആരോപണമാണെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ചൂണ്ടിക്കാണിച്ചു.

ക്യാമ്പസുകളില്‍ സംഘര്‍ഷം ഉണ്ടാക്കാന്‍ കെഎസ്യു ശ്രമിക്കുന്നു. പ്രതിപക്ഷ നേതാവിന്റെ ആശിര്‍വാദത്തോടെയാണ് ഇത് നടക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് കാര്യവട്ടത്ത് നടന്നത്. കെഎസ്യു ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കുന്നു. അക്രമ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ കെഎസ്യു തയ്യാറാകണമെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ആവശ്യപ്പെട്ടു.കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിലെ വിഷയത്തിലും ആര്‍ഷോ പ്രതികരിച്ചു. തിരുത്തേണ്ട കാര്യങ്ങളുണ്ട് എന്നതില്‍ തര്‍ക്കമില്ല. എസ്എഫ്‌ഐ നേതാവിന്റെ ചില പദപ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. അത് പരിശോധിക്കും.


കോളേജിലെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പുറത്തുവിടണം. പ്രിന്‍സിപ്പല്‍ എസ്എഫ്‌ഐ നേതാവിന്റെ ചെവി അടിച്ചുപൊളിച്ചുവെന്നും കേള്‍വി ശക്തി നഷ്ടപ്പെട്ടുവെന്നും ആര്‍ഷോ ആരോപിച്ചു. അടി കിട്ടിയാലും ആ നിലയില്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നു. ഒരു പ്രിന്‍സിപ്പിള്‍ വിദ്യാര്‍ഥി നേതാവിന്റെ ചെവി അടിച്ചുപൊളിച്ചത് ഒരു പ്രശ്‌നമായി മാധ്യമങ്ങള്‍ കാണുന്നില്ല. മാധ്യമങ്ങള്‍ നിഷ്പക്ഷമായി ഇടപെടുന്നില്ല. കെഎസ്യു നേതാവ് പ്രിന്‍സിപ്പലിനെ തെറിവിളിക്കുന്നത് ആര്‍ക്കും വാര്‍ത്തയല്ലെന്നും പിഎം ആര്‍ഷോ കുറ്റപ്പെടുത്തി.

Follow us on :

More in Related News