Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Mar 2025 17:36 IST
Share News :
മുക്കം: ഇന്റർ സോക്കർ ഫെസ്റ്റിന്റെ കളിക്കളത്തിൽ വീറോടെ പൊരുതി കരിടം ചൂടിയ ടീമുകൾ ആഹ്ലാദപ്രകടനം ഒരേ ബസ്സിൽ, ഒരുമിച്ച് നടത്തിയത് ആവേശക്കാഴ്ചയായി. മുക്കം ഉപജില്ലയിലെ കുമാരനല്ലൂർ ആസാദ് മെമ്മോറിയൽ യു.പി സ്‌കൂൾ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റിന്റെ കലാശക്കൊട്ടിലാണ് മുക്കം നഗരസഭയിലെ ചേന്ദമംഗല്ലൂർ ഗവ. യു.പി സ്‌കൂളും കാരശ്ശേരി പഞ്ചായത്തിലെ കക്കാട് ഗവ. എൽ.പി സ്‌കൂളും മുഖാമുഖം പോരടിച്ചതും വിജയാഘോഷവും ഒരുമയിലായത്.. കളിമികവിൽ മുൻവർഷത്തെ ജേതാക്കളായ ചേന്ദമംഗല്ലൂർ ജി.എം.യു.പി സ്‌കൂൾ വീണ്ടും കിരീടം ചൂടിയപ്പോൾ കക്കാട് സ്‌കൂളിന് റണ്ണേഴ്‌സപ്പിൽ തൃപ്തിപ്പെടേണ്ടി വന്നു. അതിനിടെ, ഇന്റർ സോക്കർ ഫെസ്റ്റിലെ പോരാട്ട വീര്യം കളത്തിന് പുറത്തെ സൗഹൃദത്തിലും നിറഞ്ഞുനിന്നത് കണ്ടുനിന്നവരുടെയെല്ലാം മനസ്സിന് കുളിര് പകർന്നു.എടത്തിൽ ചേക്കുട്ടിയുടെ പേരിലുള്ള റണ്ണേഴ്‌സ് ആൻഡ് വിന്നേഴ്‌സ് ട്രോഫിയും വിവിധ മെഡലുകളും സംഘാടകർ വിതരണം ചെയ്ത ശേഷം മത്സരത്തിൽ പൊരുതി വീണ കക്കാട് സ്‌കൂൾ ടീമിനുള്ള മധുരപലഹാരപ്പൊതിയുമായി എത്തുകയായിരുന്നു ചേന്ദമംഗല്ലൂർ സ്‌കൂളിലെ മജീദ് മാഷുടെ നേതൃത്വത്തിലുള്ള അധ്യാപക സംഘം. സന്തോഷപൂർവം കുട്ടികളും മറ്റും സന്തോഷപൂർവ്വം സ്വീകരിച്ച് കഴിച്ചു. പിന്നാലെ, ചേന്ദമഗല്ലൂരിലെ ടീം അംഗങ്ങളെ സ്വന്തം ബസിലേക്ക് ക്ഷണിച്ച് നമുക്ക് ആവേശപൂർവം ഒരുമിച്ച് രണ്ടു കിരീടവുമായി പോകാമെന്ന നിർദേശം കക്കാട് സ്‌കൂൾ ടീം മുന്നോട്ടു വെച്ചത് മറ്റൊരു സവിശേഷതയായി. ചേന്ദമംഗല്ലൂർ യു.പി സ്‌കൂളിലെ പ്രധാനാധ്യാപകൻ കെ . മാഷും സംഘവും അതിനെ നിറഞ്ഞ മനസ്സോടെ സ്വാഗതം ചെയ്തതോടെ ടീം അംഗങ്ങൾക്കും കൂടുതൽ ആവേശമായി. തുടർന്ന് ഇരു ടീം അംഗങ്ങളുമായി ഇരു സ്‌കൂളിലെയും ടീം മാനേജേഴ്‌സ് നാളെയുടെ പ്രതീക്ഷയായ കുട്ടിത്താരങ്ങളുമായി ഒരുമിച്ച് ആഹ്ലാദപ്രകടനവുമായി ബസിൽ യാത്ര പുറപ്പെട്ടു. പരസ്പരം പരിചയപ്പെട്ടും സന്തോഷം പങ്കിട്ടുമുള്ള യാത്ര ടീം അംഗങ്ങൾക്ക് പുത്തനുണർവും ആനന്ദവും പകർന്നു. വിദ്യാർത്ഥികളും വിവിധ വിദ്യാലയങ്ങളും തമ്മിൽ അനാരോഗ്യകരമായ മത്സരപ്രവണത വർധിച്ചുവരുന്നതിനിടെയാണ് വിജയത്തെയും തോൽവിയെയും പരസ്പരം ഉൾക്കൊണ്ട് സ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെ ബാലപാഠം പകരാൻ വിദ്യാർത്ഥികളുടെ സ്‌പോർട്‌സ് മാൻ സ്പിരിറ്റ് വളർന്നത്. ഇതിനെ നിറഞ്ഞ കൈയടികളോടെയാണ് കാണികളും ആശ്ലേഷിച്ചത്. ശേഷം കക്കാട് സ്‌കൂളിന്റെ സൽക്കാരത്തിലേക്ക് ചേന്ദമംഗല്ലൂർ ടീമിനെ ക്ഷണിച്ചെങ്കിലും തിരക്കു കാരണം അവർ സന്തോഷം പങ്കുവെച്ച് പിരിഞ്ഞു. കക്കാട് റേഷൻ ഷോപ്പിന് സമീപം ബസ് ഇറങ്ങിയ ശേഷം ചേന്ദമംഗല്ലൂർ താരങ്ങൾ അധ്യാപകർക്കൊപ്പം പ്രകടനവുമായി ഇരുവഴിഞ്ഞി തൂക്കുപാലം കടന്ന് മംഗലശ്ശേരി മൈതാനിയിൽ എത്തിയപ്പോൾ അവരെ സ്വീകരിച്ച് സ്‌കൂളിലേക്ക് ആനയിക്കാൻ ഒട്ടേറെ കളി ആസ്വാദകരാണ് എത്തിയത് കളിയാരവത്തിലെ കൗതുക കാഴ്ചയായി.
മത്സരത്തിൽ ചേന്ദമംഗല്ലൂർ ടീമിലെ സഹൽ നവാസ് മികച്ച കളിക്കാരനായും കക്കാട് ടീമിലെ റസൽ മികച്ച ഗോൾക്കീപ്പറായും നെല്ലിക്കാപറമ്പ് സ്‌കൂളിലെ ഇഷാൻ ടി.പി എമർജിഗ് പ്ലയറായും തെരഞ്ഞെടുക്കപ്പെട്ടു. ചേന്ദമംഗല്ലൂർ തുടർച്ചയായി രണ്ടാം തവണയും കിരീടം ചൂടിയപ്പോൾ സ്വന്തമായൊരു ഗ്രൗണ്ട് പോലുമില്ലാത്ത കക്കാട് സ്‌കൂളിന് ഈ അക്കാദമിക് വർഷത്തെ ഹാട്രിക് കിരീട നേട്ടമാണിത്. സെമിയിൽ നെല്ലിക്കാപറമ്പ് സി.എച്ച് മെമ്മോറിയൽ സ്‌കൂളിനെ തോൽപ്പിച്ചാണ് ചേന്ദമംഗല്ലൂർ ഫൈനലിലെത്തിയത്. ആനയാംകുന്ന് ജി.എൽ.പി.എസ്, മുൻവർഷത്തെ റണ്ണേഴ്‌സപ്പായ ആതിഥേയരായ കുമാരനല്ലൂർ ടീമുകളെ പരാജയപ്പെടുത്തിയാണ് കക്കാട് ജി.എൽ.പി സ്‌കൂൾ ടീം കലാശക്കളിക്ക് അർഹത നേടിയത്.
വിജയികൾക്കുള്ള ട്രോഫികൾ സുജിത്ത് മാസ്റ്റർ വിതരണം ചെയ്തു. സ്‌പോർട്‌സ് കൺവീനർ മുഹമ്മദ് ഷഫീഖ് മാസ്റ്റർ സ്വാഗതവും ജോയിന്റ് കൺവീനർ മൻസൂർ നന്ദിയും പറഞ്ഞു. ചേന്ദമംഗല്ലൂർ ജി.എം.യു.പി സ്‌കൂൾ പ്രധാനാധ്യാപകൻ കെ വാസു മാസ്റ്റർ, കക്കാട് ജി.എൽ.പി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് കെ.സി റിയാസ് ആശംസകൾ നേർന്നു. ഉണ്ണികൃഷ്ണൻ മാസ്റ്റർ, ഷരുൺ മാസ്റ്റർ, ജെമി ടീച്ചർ, ധനൂപ് മാസ്റ്റർ, റബീബ ടീച്ചർ, സ്‌കൂളിലെ മറ്റ് അധ്യാപകർ തുടങ്ങിയവർ മേളക്ക് നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.