Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2026 12:45 IST
Share News :
കുന്ദമംഗലം: ഉദ്യോഗസ്ഥരുടെ അനാസ്ഥയെ തുടർന്ന് സ്‌പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്.ഐ.ആർ) പട്ടികയിൽ പേര് ചേർക്കാൻ കഴിയാതെ 77 വയസ്സുള്ള വയോധിക ഗുരുതര ദുരിതം അനുഭവിക്കുന്നു. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ താമസിക്കുന്ന തെക്കിനിയേടത്ത് രോഹിണിയെയാണ് അനാസ്ഥ ബാധിച്ചിരിക്കുന്നത്.
വർഷങ്ങളായി ഇതേ പ്രദേശത്ത് താമസിച്ചുവരുന്ന രോഹിണി, താമസിച്ചിരുന്ന വീട് മുൻപ് മറ്റൊരാൾക്ക് വിൽപ്പന നടത്തിയിരുന്നെങ്കിലും ഇപ്പോഴും അതേ വീട്ടിലാണ് കഴിയുന്നത്. തൊഴിലുറപ്പ് ജോലി ചെയ്താണ് ഇവർ ഉപജീവനം നടത്തുന്നത്. പേര് ചേർക്കുന്നതിനായി പലതവണ വിവിധ ഓഫീസുകൾ കയറിയിറങ്ങിയെങ്കിലും ഇതുവരെ ഒരു പരിഹാരവും ലഭിച്ചിട്ടില്ലെന്ന് അവർ പറഞ്ഞു.
ആധാർ കാർഡ്, റേഷൻ കാർഡ്, വോട്ടർ ഐഡി, ബാങ്ക് പാസ്ബുക്ക് തുടങ്ങിയ എല്ലാ ആവശ്യമായ രേഖകളും ഹാജരാക്കിയിട്ടും, റസിഡൻസ് സർട്ടിഫിക്കറ്റോ ബി.എൽ.ഒയുടെ കത്തോ ഇല്ലാതെ പേര് ചേർക്കാനാവില്ല എന്ന നിലപാടിലാണ് ഉദ്യോഗസ്ഥർ. ഇതിന് വേണ്ടിയുള്ള സഹായത്തിനായി ബി.എൽ.ഒയെ പലതവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുക്കുന്നില്ലെന്നും രോഹിണി ആരോപിച്ചു.
കാലിന് ഗുരുതരമായ അസുഖമുള്ള ഇവർ, കൊട് വടി കുത്തിപ്പിടിച്ചാണ് നടക്കുന്നത്. സ്വന്തമായി വീടില്ലാത്ത രോഹിണിക്കായി പന്ത്രണ്ടാം വാർഡ് യു.ഡി.എഫ് കമ്മിറ്റി വീട് നിർമ്മിച്ച് നൽകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും നിർമ്മാണം പുരോഗമിക്കുകയാണെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
ഉദ്യോഗസ്ഥരുടെ അവഗണനയെ തുടർന്ന് അവസാനം തന്റെ ദുരവസ്ഥ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കുകയായിരുന്നു രോഹിണി. പരാതിക്ക് മറുപടിയായി 48 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചതോടെ അവസാന പ്രതീക്ഷയോടെയാണ് ഇവർ കാത്തിരിക്കുന്നത്.
അടിസ്ഥാന പൗരാവകാശങ്ങൾ പോലും ഉറപ്പാക്കാൻ കഴിയാത്ത സംവിധാനങ്ങളും, രോഗബാധിതയായ ഒരു വയോധികയോടുള്ള അനാസ്ഥയും കടുത്ത വിമർശനങ്ങൾക്ക് ഇടയാക്കുകയാണ്.
Follow us on :
More in Related News
Please select your location.