Tue Dec 12, 2023 10:56 PM 1ST

Location  

Sign In

'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയിൽ ശ്രദ്ധേയമായി ജയില്‍വകുപ്പിന്റെ സ്റ്റാള്‍

11 May 2025 20:56 IST

Jithu Vijay

Share News :

മലപ്പുറം : കോട്ടക്കുന്നില്‍ 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയിലെ ജയില്‍ വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. സിനിമകളിലും വാര്‍ത്തകളിലും മാത്രം കണ്ടുവരുന്ന ജയിലിനെ പൊതുജനങ്ങള്‍ക്ക് ഇവിടെ പരിചയപ്പെടാം. തവനൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരും ജീവനക്കാരും ചേര്‍ന്ന് നിര്‍മിച്ച സെല്‍ റൂമിന്റെയും ബാരക്കുകളുടെയും മാതൃക, കേരളത്തിലെ സെന്‍ട്രല്‍ ജയിലുകളിലെ പ്രവര്‍ത്തനം, ഫോട്ടോ പ്രദര്‍ശനം, തൂക്കുമരത്തിന്റെ മാതൃക, വിവിധതരം ശിക്ഷാരീതികളെക്കുറിച്ചുള്ള വിവരണം തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ട്.


ജയിലില്‍ ലഭിക്കുന്ന സൗകര്യങ്ങളെ കുറിച്ചും വിവരണം നല്‍കുന്നുണ്ട്. അന്തേവാസികള്‍ നിര്‍മിച്ച കരകൗശല വസ്തുക്കളും പെയിന്റിങുകളും ഇവിടെ കാണാം. അവ വാങ്ങുന്നതിനുള്ള സൗകര്യവും സ്റ്റാളില്‍ ഒരുക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ജയിലിനെക്കുറിച്ചും ജയിലിനുള്ളിലെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും ജയിലിലെ പ്രവര്‍ത്തനരീതികളും നേരിട്ട് മനസ്സിലാക്കാം.


ഇഎംഎസ്, എകെജി തുടങ്ങിയ നേതാക്കന്മാര്‍ ജയില്‍ വാസക്കാലത്ത് സ്വന്തം കൈപ്പടയില്‍ എഴുതിയ  രജിസ്റ്ററുകളും പരോള്‍ അപേക്ഷയും പ്രമുഖരുടെ ജയില്‍ സന്ദര്‍ക രജിസ്റ്ററിലെ കുറിപ്പുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജയില്‍ വകുപ്പിന്റെ കഴിഞ്ഞ ഒന്‍പത് വര്‍ഷത്തെ നേട്ടങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. സംസ്ഥാന രൂപീകരണത്തിന് ശേഷം ആദ്യമായി രൂപംകൊണ്ട കൂത്തുപറമ്പ് സ്‌പെഷ്യല്‍ സബ് ജയിലിന്റെയും തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിന്റെ വിവരങ്ങളും സംസ്ഥാനത്ത് തൂക്കിലേറ്റിയവരുടെ വിവരങ്ങളും വിവിധതരം ശിക്ഷാ നടപടികള്‍, ശിക്ഷാ തടവുകാര്‍ക്കുള്ള അവധികള്‍ തുടങ്ങി ജയില്‍ വകുപ്പിന്റെ ചരിത്രവും കൃത്യമായി സ്റ്റാളില്‍ നിന്ന് മനസ്സിലാക്കാം.

Follow us on :

More in Related News