Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അന്തിയുറങ്ങാനൊരു വീടുവേണം ;ചന്ദ്രൻ്റെ സ്വപ്നം സഫലമാക്കാൻ ഹസ്ത

08 Jul 2024 13:43 IST

Preyesh kumar

Share News :

 പേരാമ്പ്ര: അന്തിയുറങ്ങാൻ അടച്ചുറപ്പുള്ളൊരു വീടു വേണം. കിടപ്പു രോഗിയായ മീറങ്ങാട്ട് മീത്തൽ ചന്ദ്രനും ഭാര്യ ആശയും മക്കൾ ദേവാനന്ദും, ശ്രേയും ഈ സ്വപ്നം കാണാൻ തുടങ്ങിയിട്ട് കാലങ്ങളെറെയായി.പദ്ധതികൾ പലതുവന്നു പോയിട്ടും അപേക്ഷ കൊടുത്തവരെല്ലാം ഈ കുടുംബത്തെ കൈ ഒഴിയുകയായിരുന്നു. വീടെന്ന സ്വപ്നം സഫലികരിക്കാൻ അപേക്ഷയുമായി ചെല്ലുമ്പോൾ സ്വന്തം പേരിൽ സ്ഥലമില്ലെന്ന് പറയും. സ്ഥലമുള്ളതിൻ്റെ രേഖയുമായി ചെന്നാൽ സ്ഥലമുള്ളവരെന്ന പേരിൽ അവഗണിക്കും. പ്രയാസങ്ങളുടെ കെട്ടഴിക്കുമ്പോൾ ഭാര്യ ആശയുടെ മനസ് വിങ്ങിപ്പൊട്ടും. പട്ടിക ജാതിയിൽപെട്ട ഇവർക്ക് ആരുടെയൊക്കയൊ അനാസ്ഥകാരണം ഈ സ്വപ്നങ്ങളെല്ലാം ആഗ്രഹങ്ങൾ മാത്രമായി മനസ്സിൽ കിടക്കുകയായിരുന്നു.


പേരാമ്പ്ര ഗ്രാമ പഞ്ചായത്തിലെ 5-ാം വാർഡിലെ പൈതോത്ത് മീറങ്ങാട്ട് ഭാഗം കുന്നിൻ മുകളിലാണ് ചന്ദ്രനും കുടുംബവും താമസിച്ചത്.കുടുംബക്കാർ ഒന്നിച്ചു താമസിച്ചിരുന്ന വീട്ടിൽ നിന്നും മാറി കുന്നിൻ മുകളിലെത്തെ പ്ലാസ്റ്റിക്ക് ഷീറ്റിട്ട കൂരയിൽ വീടെന്ന സ്വപ്നവുമായി ദിവസങ്ങൾ തള്ളി നീക്കുന്നതിനിടയിലാണ് ഓർക്കാപുറത്ത് ചന്ദ്രൻ്റെ ജീവിതത്തിനു മുകളിൽ രോഗം കരിനിഴൽ വീഴ്ത്തിയത്. അതു വരെ കൂലിപ്പണിക്ക് പോയി ജീവിതം തട്ടി മുട്ടി മുന്നോട്ട് കൊണ്ടുപോയ ചന്ദ്രൻ കിടപ്പു രോഗിയായി മാറിയതോടെ കുടുംബത്തിൻ്റെ ജീവിതതാളവും തെറ്റി. ചന്ദ്രൻ്റെ അസുഖം കാരണം ഭാര്യ ആശക്കും ജോലിക്ക് പോകാൻ കഴിയാതെയായി.വലിയ കഷ്ടപ്പാടിലേക്ക് മാറിയ ഇവരുടെ ജീവിതത്തെ പിന്നീട് മുന്നോട്ട് കൊണ്ടുപോയത് അയൽക്കാരായ വാഴക്കാംകുഴിയിൽ സലാമിൻ്റെയും കുടുംബത്തിൻ്റെയും അകമഴിഞ്ഞ സഹായത്താലാ യിരുന്നു.കൂടാതെ ചന്ദ്രൻ്റെമക്കൾ ദേവാനന്ദും ശ്രേയയും പഠിക്കുന്ന സ്കൂളിൽ നിന്നും അധ്യാപകരിലൂടെയും കുട്ടികളുടെ കൂട്ടായ്മയിലൂടെയും ഈ കുടുംബത്തെ സഹായിച്ചു വന്നിരുന്നു.


രോഗങ്ങൾക്ക് നടുവിൽ വീടെന്ന സ്വപ്നം എങ്ങുമെത്താതിരുന്ന സന്ദർഭത്തിലാണ് സാമൂഹ്യ ജീവകാരുണ്യ വിദ്യാഭ്യാസ രംഗങ്ങളിൽ പേരാമ്പ്രയിൽ പുതിയ ചുവട് വെപ്പുമായി പ്രവർത്തനമാരംഭിച്ച ഹസ്ത ചാരിറ്റബിൾ ട്രസ്റ്റിനെ പറ്റിയും പ്രതിവർഷം 20 സ്നേഹവീടുകൾ നിർമ്മിച്ചു നൽകുന്നതിനെ പറ്റിയും ചന്ദ്രൻ്റെ കുടുംബം അറിയാൻ ഇടയായത്. അതോടെ വീടു ലഭിക്കുന്നതിനു ആവിശ്യമായ രേഖകൾ സഹിതം ഹസ്തക്ക് അപേക്ഷ കൊടുക്കുകയും ചെയ്തു.ഹസ്ത ചാരിറ്റബിൾ ട്രസ്റ്റ് പേരാമ്പ്രയിൽ പിറവിയെടുത്തതിനു ശേഷം ആദ്യത്തെ സ്നേഹവീടൊരുക്കാൻ ഹൃദയത്തോട് ചേർത്തു പിടിച്ചതും ചന്ദ്രനെയും കുടുംബത്തെയുമായിരുന്നു. ഹസ്തയും സലാമിൻ്റെ കുടുംബവും ചേർന്ന് ചികിത്സക്ക് വേണ്ടി ചന്ദ്രനെ ഇപ്പോൾ വടകര ഗവർമെൻ്റ് ആയൂർവേദ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസക്കുള്ള സഹായവും ചെയ്തു വരികയാണ്. പഴയ വീട് പൂർണ്ണമായി പെളിച്ചപ്പോൾ പുതിയ വീട് നിർമ്മിക്കുന്നതു വരെ ചന്ദ്രനും കുടുംബത്തിനും താമസിക്കാനുള്ള വീടു നൽകിയതും സലാമും കുടുംബവുമാണ്.ഹസ്ത ചാരിറ്റബിൾ ട്രസ്റ്റും, പേരാമ്പ്ര പഞ്ചായത്ത് 5-ാം വാർഡ് യൂ ഡി എഫ് കമ്മിറ്റിയും കൈകോർത്ത് കൊണ്ടാണ് പുതിയ വീട് നിർമ്മിക്കുന്നത്. നാട്ടിലെ സുമനസ്സുകൾ കൈയ്യും മെയ്യും മറന്ന് ഈ കുടുംബത്തിന് വീടൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്.സൂപ്പി ചീക്കിലോട് ചെയർമാനായും സുനിൽ നെല്ലാടി കണ്ടി കൺവീനറായും രാജീവൻ പാറാട്ടുപാറ കോഡിനേറ്ററുമായ കമ്മിറ്റിയാണ് വീടിൻ്റെ പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുന്നത്.


വീടിൻ്റെ തറക്കല്ലിടൽ കർമ്മം വടകര എം.പി ഷാഫി പറമ്പിൽ നിർവ്വഹിച്ചു ഹസ്ത ചെയർമാൻ മുനീർ എരവത്ത് അധ്യക്ഷത വഹിച്ചു.മലബാര്‍ ഗോള്‍ഡ് ഡയറക്ടര്‍ കെ. ഇമ്പിച്ച്യാലി മാഖ്യാതിഥിയായി. മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് എസ്.പി. കുഞ്ഞമ്മദ് മുഖ്യ പ്രഭാഷണം നടത്തി. ഹസ്ത ജനറല്‍ സെക്രട്ടറി ഒ.എം. രാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് അംഗം വിനോദന്‍ തിരുവോത്ത്, രാജന്‍ മരുതേരി, കെ. മധുകൃഷ്ണന്‍, കെ. പ്രദീപന്‍, കെ.കെ. റനീഷ് മലബാര്‍, വി. ആലീസ് മാത്യു, പി.എസ്. സുനില്‍ കുമാര്‍, ഇ. ഷാഹി, കെ.പി റസാഖ്, കെ.സി. രവീന്ദ്രന്‍, ടി.എം. കൃഷ്ണന്‍, ചാലില്‍ അബ്ദുറഹിമാന്‍, വാസു വേങ്ങേരി, അശോകന്‍ മഹാറാണി, വി.കെ. അഷറഫ്, കുഞ്ഞിമൊയ്തി മീറങ്ങാട്ട്, എം.പി. മൊയ്തീന്‍ ഹാജി, രതി രാജീവ്, രാജീവന്‍ പാറാട്ടുപാറ, സി.കെ. സുധി തുടങ്ങിയവര്‍ സംസാരിച്ചു. നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ സൂപ്പി ചീക്കിലോട്ട് സ്വാഗതം പറഞ്ഞ ചടങ്ങിന് കണ്‍വീനര്‍ സുനില്‍ നെല്ല്യാടിക്കണ്ടി നന്ദിയും പറഞ്ഞു.

Follow us on :

Tags:

More in Related News