Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ദേശീയപാത 66 നിർമാണ പ്രവർത്തനങ്ങൾ ജനജീവിതം ദുസ്സഹമാക്കുന്നു

01 Jul 2024 08:05 IST

Anvar Kaitharam

Share News :

ദേശീയപാത 66 നിർമാണ പ്രവർത്തനങ്ങൾ ജനജീവിതം ദുസ്സഹമാക്കുന്നു



പറവൂർ: ദേശീയപാത 66 നിർമാണ പ്രവർത്തനങ്ങൾ ജനജീവിതം ദുസ്സഹമാക്കുന്നു. ആവശ്യമായ മുന്നൊരുക്കങ്ങളില്ലാതെയുള്ള നിർമ്മാണ പ്രവർത്തനങ്ങളിൽ ചിറ്റാറ്റുകര പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. ദേശീയപാത അതോറിറ്റിയും, നിർമ്മാണ കമ്പനിയും കടുത്ത അനാസ്ഥയാണ് പുലർത്തുന്നതെന്നാണ് ജനപ്രതിനിധികളുടെ ആരോപണം. വേനൽക്കാലത്ത് പൊടിപടലം മൂലം ജനങ്ങൾ വലഞ്ഞെങ്കിൽ വർഷക്കാലമായതോടെ കനത്ത വെള്ളക്കെട്ടാണ്. ഇവിടെയുണ്ടായിരുന്ന കാനകളും, ഓടകളും മൂടുന്നതാണ് വെള്ളക്കെട്ടിന് കാരണം.

റോഡുകൾ കുണ്ടും കുഴിയും ചെളിയും നിറഞ്ഞതോടെ വാഹനങ്ങൾക്ക് പോകാനാകാത്ത സ്ഥിതിയാണ്. റോഡ് പണിക്കിടെ കുടിവെള്ളക്കുഴൽ പൊട്ടുന്നതും നിത്യസംഭവമാണ്. ഇത് കുടിവെള്ള ക്ഷാമത്തിന് കാരണമാകുന്നു. ദേശീയപാത നിർമാണം തുടങ്ങുന്ന ആദ്യഘട്ടത്തിൽ തന്നെ പഞ്ചായത്തിൻ്റെ ആശങ്ക ഉന്നത ഉദ്യോഗസ്ഥരോട് വ്യക്തമാക്കിയതാണ്. പരിഹാരം ഉണ്ടാകുമെന്ന മറുപടി കിട്ടിയെങ്കിലും ഫലത്തിൽ സഹായകരമായ യാതൊരു നടപടിയും നിർമാണ കമ്പിനിയുടെ ഭാഗത്ത് നിന്നോ ദേശീയപാത അധികൃതരിൽ നിന്നോ ഇതുവരേയും ലഭിച്ചിട്ടില്ല. പ്രശ്നങ്ങൾ പരിഹരിക്കേണ്ട എൻഎച്ച്എഐയും, നിർമാണ കമ്പിനിയായ ഓറിയൻ്റൽ പ്രൈവറ്റ് ലിമിറ്റഡും ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുന്ന സാഹചര്യത്തിലാണ് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തിനി ഗോപകുമാർ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എസ് സനീഷ്, വി എ താജുദീൻ, സിംന സന്തോഷ്, ലൈബി സാജു, സുധീഷ് പട്ടണം, വാസന്തി പുഷ്പൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

Follow us on :

More in Related News