Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂളിലെ കോളിഫ്ലവർ മോഷണം അന്വേഷിക്കാൻ നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി

04 Feb 2025 16:09 IST

Shafeek cn

Share News :

തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എല്‍.പി. സ്‌കൂളിലെ തോട്ടത്തില്‍ നിന്ന് പച്ചക്കറി മോഷണം പോയ സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് കത്തയച്ച് കുട്ടികള്‍. ഉച്ചഭക്ഷണത്തിനായി കുട്ടികള്‍ നട്ടുവളര്‍ത്തിയ പച്ചക്കറികളാണ് ആളില്ലാത്ത നേരം നോക്കി ആളുകള്‍ മോഷ്ടിച്ചത്. കള്ളനെ കണ്ടുപിടിക്കാന്‍ സ്‌കൂളില്‍ സിസിടിവി സ്ഥാപിക്കണമെന്നും കുട്ടികള്‍ കത്തില്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ ലീഡര്‍മാരായ രണ്ട് വിദ്യാര്‍ത്ഥികളാണ് കത്തെഴുതിയിരിക്കുന്നത്.


എന്നാല്‍ സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്ന് മന്ത്രി വി.ശിവന്‍കുട്ടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. കുട്ടികളെഴുതിയ കത്ത് കൂടി ഉള്‍പ്പെടുത്തിയായിരുന്നു മന്ത്രിയുടെ മറുപടി. വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പ്രിയപ്പെട്ട കുഞ്ഞുങ്ങള്‍ വിഷമിക്കേണ്ടന്നും അദ്ദേഹം കുഞ്ഞുങ്ങളെ ആശ്വസിപ്പിച്ചു.


മന്ത്രിയുടെ കുറിപ്പ് ഇങ്ങനെ


തൈക്കാട് ഗവണ്‍മെന്റ് മോഡല്‍ എച്ച്.എസ്.എല്‍.പി. സ്‌കൂളിലെ തോട്ടത്തില്‍ നിന്ന് പച്ചക്കറി മോഷണം പോയതായുള്ള കുഞ്ഞുങ്ങളുടെ പരാതി ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യത്തില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. വിദ്യാഭ്യാസ അധികൃതരോടും കാര്യങ്ങള്‍ അന്വേഷിച്ചറിയാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ എന്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങള്‍ വിഷമിക്കേണ്ട എന്നാണ് എനിക്ക് പറയാനുള്ളത്. നിങ്ങളോടൊപ്പം ഞാനുമുണ്ട്....


അധ്യാപകരും കുട്ടികളും പിടിഎ അംഗങ്ങളും ചേര്‍ന്ന് കൃഷിചെയ്ത പച്ചക്കറികളാണ് മോഷണം പോയത്. കഴിഞ്ഞ മൂന്ന് മാസത്തെ കുട്ടികളുടെ കഷ്ടപ്പാടാണിത്. ഇന്നലെ 18 കോളിഫ്‌ലവറുകളാണ് മോഷണം പോയത്. ഇത് രണ്ടാം തവണയാണ് സ്‌കൂളിലെ പച്ചക്കറിത്തോട്ടത്തില്‍ നിന്നും ഉച്ചഭക്ഷണത്തിന്റെ ആവശ്യത്തിനായി കൃഷി ചെയ്തുണ്ടാക്കിയ പച്ചക്കറികള്‍ മോഷ്ടിക്കപ്പെടുന്നത്. പച്ചക്കറിത്തോട്ടം സ്‌കൂളിന്റെ സൗന്ദര്യമാണെന്നും കള്ളന്മാര്‍ സ്‌കൂളില്‍ കയറാതെ നോക്കാന്‍ പൊലീസിനോട് പറയണമെന്നും കുട്ടികള്‍ മന്ത്രിക്കെഴുതിയ കത്തില്‍ പറയുന്നുണ്ട്. കള്ളനെ കണ്ടെത്താന്‍ സ്‌കൂളില്‍ സിസിടിവി വേണമെന്നാണ് കത്തിലൂടെ കുട്ടികളുടെ ആവശ്യം.



Follow us on :

More in Related News