Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 May 2024 14:45 IST
Share News :
ന്യൂദൽഹി ദൽഹി മദ്യനയ അഴിമതിക്കേസിൽ ഇ.ഡി അറസ്റ്റ് ചെയ്തു ജയിലിൽ കഴിഞ്ഞിരുന്ന മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളിന് ജൂൺ ഒന്നു വരെ സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മുഖ്യമന്ത്രിയെന്ന നിലയിൽ ചുമതലകൾ നിർവഹിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. തന്നെ അറസ്റ്റ് ചെയ്തതു തന്നെ തെറ്റാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു കേജ്‌രിവാളിന്റെ ഹർജി. എന്നാൽ, തിരഞ്ഞെടുപ്പു പ്രചാരണം നടക്കുന്നതിനിടെ പാർട്ടി നേതാവെന്ന പരിഗണനയിൽ കോടതി ജാമ്യം നൽകുകയായിരുന്നു. അറസ്റ്റിനെതിരെ നൽകിയ ഹർജിയിലെ വാദം നീണ്ടു പോകുമെന്ന വിലയിരുത്തലിലാണ് ജാമ്യം.
കേസിൽ കഴിഞ്ഞ മാർച്ച് 21നാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിനെതിരെ നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനിടെ ജാമ്യം അനുവദിക്കുമെന്ന സൂചന നേരത്തേ കോടതി നൽകിയിരുന്നു. ഇന്ന് കേസ് പരിഗണിച്ച ഉടൻ തന്നെ ഇടക്കാല ജാമ്യം അനുവദിക്കുന്നത് പരിഗണിക്കുന്നതിനെ എതിർക്കാൻ ഇ.ഡിക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത തുനിഞ്ഞെങ്കിലും കോടതി അനുവദിച്ചില്ല. തിരഞ്ഞെടുപ്പു പ്രചാരണത്തിന് വേണ്ടി ജാമ്യം അനുവദിക്കുന്നത് അംഗീകരിക്കാനാകില്ലെന്നായിരുന്നു തുഷാർ മേത്തയുടെ വാദം. എന്നാൽ, ഇതു തള്ളിയ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.
ഡൽഹി മുഖ്യമന്ത്രിയെ സ്ഥിരം കുറ്റവാളിയെന്ന നിലയിൽ പരിഗണിക്കാനാകില്ലെന്നാണ് വാദം കേൾക്കുന്നതിനിടെ കോടതി നിരീക്ഷിച്ചത്. മുഖ്യമന്ത്രിയെന്ന നിലയിലുള്ള ചുമതല നിർവഹിക്കരുതെന്ന ഉപാധിയോടെ ഡൽഹി മദ്യനയക്കേസിൽ അരവിന്ദ് കേജ്‍രിവാളിന് ഇടക്കാല ജാമ്യം നൽകുമെന്നു സൂചിപ്പിച്ചിരുന്നു. ഇക്കാര്യത്തിൽ കഴിഞ്ഞ ദിവസം വിധിയുണ്ടാകുമെന്നു കരുതിയെങ്കിലും വാദം ഇന്നത്തേക്കു മാറ്റുകയായിരുന്നു.
തിരഞ്ഞെടുപ്പു കാലമാണെന്നതു കൊണ്ടു മാത്രമാണ് ഇടക്കാല ജാമ്യം അനുവദിക്കുന്ന കാര്യം കോടതി പരിഗണിച്ചത്. മറ്റു കേസുകളിൽനിന്നു വ്യത്യസ്തമായ അസാധാരണ കേസാണ് ഇതെന്നും വാദത്തിനിടെ ബെഞ്ച് നിരീക്ഷിച്ചു. മേയ് 25–നാണ് ഡൽഹിയിൽ വോട്ടെടുപ്പ്. അതിനിടെ, അരവിന്ദ് കേജ്‌രിവാളിന്റെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി മേയ് 20 വരെ ഡൽഹി റൗസ് അവന്യു കോടതി നീട്ടിയിരുന്നു.
മുഖ്യമന്ത്രിയുടെ ചുമതല നിർവഹിക്കരുതെന്ന ജാമ്യ ഉപാധി വയ്ക്കുമെന്ന് വാദത്തിനിടെ സുപ്രീം കോടതി സൂചിപ്പിച്ചതിനെ കേജ്‌രിവാളിന്റെ അഭിഭാഷകൻ അഭിഷേക് മനു സിങ്‌വി അതിശക്തമായി എതിർത്തിരുന്നു. ഇടക്കാല ജാമ്യം നൽകണോ വേണ്ടയോ എന്ന കാര്യം നോക്കട്ടെയെന്നായിരുന്നു അതിനോടു ബെഞ്ചിന്റെ പ്രതികരണം.
Follow us on :
Tags:
Please select your location.