Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഞ്ഞങ്ങാട്ടെ ഹസ്സൻ മാസ്റ്റർ അബുദാബിയിൽ വിടവാങ്ങി

05 Sep 2024 22:11 IST

- Enlight Media

Share News :

അബുദാബി: കാഞ്ഞങ്ങാട്ടെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക കലാ കായിക രംഗത്തെ സജീവ സാന്നിധ്യമായിരുന്ന തെക്കേപ്പുറത്തെ പാറക്കാട് കെ ഹസ്സൻ മാസ്റ്റർ( 84 ) വിടവാങ്ങി.

അബുദാബി നഗരത്തിലെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റി ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഹസ്സൻ മാസ്റ്റർക്ക്‌ വ്യാഴാഴ്ച്ച വൈകിട്ട് 4 മണിയോടെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം ആറര മണിയോടെ ബനിയാസ് മോർച്ചറിയിലേക്ക് മാറ്റി.


ഇക്കഴിഞ്ഞ ഡിസംബർ ആറിനാണ് ഹസ്സൻ മാസ്റ്റർ നാട്ടിൽ നിന്ന് അബുദാബിയിലുള്ള മക്കളുടെ അരികിൽ എത്തിയത്. കഴിഞ്ഞ മൂന്നു മാസം മുമ്പ് നെഞ്ച് വേദനയെ തുടർന്ന് ഷെയ്ഖ് ഖലീഫ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇതിനിടെ രോഗം മൂർച്ഛിക്കുകയായിരുന്നു. 


പരപ്പ കമ്മാടത്തെ കുടുംബാംഗമായ ഹസ്സൻ മാസ്റ്റർ അജാനൂർ മാപ്പിള സ്‌കൂൾ പള്ളിക്കര ഇസ്ലാമിക് സ്‌കൂൾ ചെമ്മനാട് കാസർഗോഡ് തളങ്കര ഹൊസ്ദുർഗ് എന്നിവിടങ്ങളിൽ അദ്ധ്യാപകനായി സേവനം ചെയ്തിട്ടുണ്ട്. മികച്ച അദ്ധ്യാപകനായി അവാർഡ് നേടുകയും ചെയ്തിട്ടുണ്ട്. 

കായിക രംഗത്ത് ഒട്ടേറെ സംഭാവനകൾ ചെയ്ത അദ്ദേഹം കാഞ്ഞങ്ങാട്ടെ കായിക പ്രേമികൾക്ക് പ്രിയപ്പെട്ടവനായിരുന്നു. ആവേശം പകരുന്ന സ്പോർട്സ് കമന്ററിയനുമായിരുന്നു.

അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി, കാഞ്ഞങ്ങാട് മുസ്ലിം യത്തീം ഖാന,ക്രസന്റ് സ്കൂൾ കമ്മിറ്റി അംഗവും വഹിച്ചിട്ടുണ്ട്.


ഫാത്തിമത്ത് സുഹ്റയാണ് ഭാര്യ. ശബീർ ഹസ്സൻ , ഷജീർ ഹസ്സൻ, ഡോക്ടർ ഷബ്‌ന ഹസ്സൻ (മൂവരും അബുദാബി ) ഡോക്ടർ ഷഹിൻ ( ദുബായ്) എന്നിവർ മക്കളാണ്.

നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാളെ നാട്ടിൽ കൊണ്ട് പോകുന്ന മൃതദേഹത്തെ ഭാര്യയും മക്കളും ബന്ധുക്കളും അനുഗമിക്കും. കാഞ്ഞങ്ങാട് തെക്കേപ്പുറം ജുമാ മസ്ജിദ് ഖബർ സ്ഥാനിലാണ് മറവ് ചെയ്യുക.


-റാഷിദ് എടത്തോട് 

 (അബുദാബി)

Follow us on :

Tags:

More in Related News