Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടില്ല; സ്റ്റേ ചെയ്ത് ഹൈക്കോടതി

24 Jul 2024 19:00 IST

Enlight News Desk

Share News :

കൊച്ചി:  സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതി നിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റിറിപ്പോർട്ട് പുറത്ത് വിടുന്നത് ഹൈക്കോടതി താത്കാലികമായി സ്റ്റേ ചെയ്തു. നിർമ്മാതാവ് സജി മോൻ പാറയിലിൻ്റെ ഹർജിയിലാണ് ഹൈക്കോടതി നടപടി. ഒരാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്. സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കാനും ഹൈക്കോടതി തീരുമാനിച്ചിരുന്നു. ഹര്‍ജി ഓഗസ്റ്റ് ഒന്നിന് കോടതി വീണ്ടും പരിഗണിക്കും. സർക്കാരിനും വിവരാവകാശം നൽകിയ മാധ്യമ പ്രവർത്തകർക്കുമാണ് കോടതി നോട്ടീസ് അയക്കുക. ജസ്റ്റിസ് പിഎം മനോജ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിൻ്റേതാണ് ഉത്തരവ്. 

പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങൾ പുറത്ത് വിട്ടില്ലെങ്കിലും പലരിലേക്കും വിരൽ ചൂണ്ടുമെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചിരുന്നു. നീണ്ട വാദത്തിനൊടുവിലാണ് ഹൈക്കോടതി താൽക്കാലിക സ്റ്റേ ചെയ്തത്.

തങ്ങളുടെ വ്യക്തിഗത വിവരങ്ങൾ പുറത്തുവിടാതെ വെളിപ്പെടുത്തലുകൾ നടത്തിയവരുടെ ജീവന് പോലും അപകടമുണ്ടാക്കുന്നതാണ് റിപ്പോർട്ട് പുറത്തു വിടാനുള്ള തീരുമാനമെന്നും ഹർജിയില്‍ സജി മോൻ പറയുന്നുണ്ട്. വിവരാവകാശ കമ്മിഷന്റെ ഉത്തരവ് പ്രകാരമാണ് റിപ്പോര്‍ട്ട് പുറത്തിറക്കാൻ സർക്കാർ തീരുമാനിച്ചത്.

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതി നിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മിറ്റി. സിനിമാരംഗത്തെ വനിത കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപം കൊണ്ടത്. മുന്‍ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി, എന്നിവരടങ്ങിയ മൂന്നംഗ സമിതിയായിരുന്നു കമ്മറ്റിയിൽ ഉണ്ടായിരുന്നത്.

2017-ല്‍ നിയോഗിക്കപ്പെട്ട സമിതി ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. 2019 ഡിസംബറിലാണ് കമ്മീഷന്‍ സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പക്ഷേ വർഷങ്ങൾ കഴിഞ്ഞിട്ടും റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ ഉണ്ടാവുകയോ നടപടികള്‍ എടുക്കുകയോ ഉണ്ടായില്ല. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ഡബ്ല്യൂ.സി.സി അംഗങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അന്ന് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല

Follow us on :

More in Related News