Tue Dec 12, 2023 10:56 PM 1ST

Location  

Sign In

യു ഡി എഫ് വേണോ, അതോ എൽ ഡി എഫോ.. എസ് ഡി പി ഐയിൽ തർക്കം തുടങ്ങി

18 Nov 2024 15:41 IST

Enlight Media

Share News :

പിവി അൻവറിനെയും വെൽഫെയർ പാർട്ടിയെയും കൂട്ടി മൂന്നാം മുന്നണിക്കും ആലോചന; സംസ്ഥാന പ്രതിനിധി സഭ നാളെ കോഴിക്കോട്ട്

കോഴിക്കോട് : വരാനിരിക്കുന്ന നിയമസഭ, തദ്ദേശ തെരഞ്ഞെടുപ്പിൽ ആരെ പിന്തുണയ്ക്കണമെന്ന അങ്കലാപ്പിൽ എസ് ഡി പി ഐ. യുഡിഎഫിനെ പിന്തുണയ്ക്കണമെന്ന് ഒരു വിഭാഗം ആഗ്രഹിക്കുമ്പോൾ, യുഡിഎഫിന്റെ നിരന്തര അവഹേളനങ്ങൾക്കെതിരെ ശക്തമായ മറുപടി നൽകാൻ ഇടതുപക്ഷം ആണ് നല്ലത് എന്ന് മറ്റൊരു വിഭാഗം ആലോചിക്കുന്ന പശ്ചാത്തലത്തിൽ എസ്ഡിപിഐ സംസ്ഥാന പ്രതിനിധി സഭ നാളെ കോഴിക്കോട് ആരംഭിക്കും. രഹസ്യചർച്ചകളിലെ ഈ ഭിന്നത. പ്രതിനിധി സഭയിൽ മറനീക്കി പുറത്തുവരുമെന്ന് സൂചനയുണ്ട്. യുഡിഎഫിന് പിന്തുണ നൽകുന്ന സമീപനത്തിനെതിരെ ശക്തമായ ഭിന്നത പ്രതിനിധി സഭയിൽ ഉണ്ടാകുമെന്നാണ് അറിയുന്നത്. എന്നാൽ ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷ വിരുദ്ധ നിലപാടുകൾ, സംഘപരിവാർ ബന്ധങ്ങൾ, ആർഎസ്എസ് പൊലീസ് കൂട്ടുകെട്ട് തുടങ്ങിയവ സിപിഎം പോലുള്ള പാർട്ടികൾക്ക് പിന്തുണ നൽകുന്നതിനു തടസ്സമാണ് എന്നാണ് യുഡിഎഫ് അനുഭാവ ഗ്രൂപ്പിൻറെ വിശദീകരണം. എന്നാൽ ദീർഘകാലാടിസ്ഥാനത്തിൽ എൽഡിഎഫുമായി സഹകരിക്കുന്നതാണ് പാർട്ടിക്ക് നല്ലതെന്നു മറുഭാഗം പറയുന്നു. എസ്ഡിപിഐ മുന്നോട്ടുവക്കുന്ന സാമൂഹിക ജനാധിപത്യം എന്ന സന്ദേശത്തിന് ബദൽ രാഷ്ട്രീയ പ്രസക്തിയുണ്ട് എന്നുള്ളതാണ് ബഹുഭൂരിപക്ഷം അണികളും കരുതുന്നത്. ഇതിനായി വെൽഫെയർ പാർട്ടി, ബി എസ് പി, പിഡിപി, ഐഎൻഎൽ , പിവി അൻവറിന്‍റെ ഡിഎംകെ തുടങ്ങിയ ചെറു പാർട്ടികളുമായി ചേർന്ന് ബദൽ മുന്നണി ഉണ്ടാക്കണമെന്ന അഭിപ്രായവും ഉയർന്നു വരുന്നുണ്ട്. നവംബർ 19, 20 തീയതികളിൽ കോഴിക്കോട് ബീച്ചിലെ ആസ്പിൻ കോർട്ട്യാഡിൽ കെ.എസ് ഷാൻ നഗറിൽ നടക്കുന്ന സംസ്ഥാന പ്രതിനിസഭയിൽ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. കഴിഞ്ഞ മൂന്ന് വർഷത്തെ പ്രവർത്തന അവലോകന ശേഷം രാഷ്ട്രീയ റിപ്പോർട്ടിംഗിനു മേൽ ചർച്ചകൾ ആരംഭിക്കും. തുടർന്നു നടക്കുന്ന തെരഞ്ഞെടുപ്പിൽ 2024- 27 വർഷത്തെ പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കും. ദേശീയ പ്രസിഡണ്ട് എം കെ ഫൈസി, വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷെഫി രാജസ്ഥാൻ, ജനറൽ സെക്രട്ടറിമാരായ ഇല്യാസ് മുഹമ്മദ് തുംബെ , പി അബ്ദുൽ മജീദ് ഫൈസി, ദേശീയ സെക്രട്ടറി ഫൈസൽ ഇസ്സുദ്ദീൻ, ദേശീയ കമ്മിറ്റി അംഗങ്ങളായ, സി പി എ ലത്തീഫ്, ദഅലാൻ ബാഖവി, സഹീർ അബ്ബാസ് സഅദി , തുടങ്ങിയവർ സംബന്ധിക്കും. 20ന് വൈകുന്നേരം 4 മണിക്ക് കോഴിക്കോട് ബീച്ചിൽ നടക്കുന്ന സ്വീകരണ റാലിയിൽ ആയിരങ്ങളെ അണിനിരത്തുമെന്നാണ് സംഘാകടർ അവകാശപ്പെടുന്നത്. പൊതുസമ്മേളനത്തിൽ ദേശീയ നേതാക്കളുമെത്തുമെന്നാണ് വിവരം.

Follow us on :

More in Related News