Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബഷീറിന്‍റെ മ്യൂസിയം കാലത്തിന്‍റെ കടപ്പാട്: അടൂർ ഗോപാലകൃഷ്ണന്‍

23 Oct 2024 19:24 IST

Basheer Puthukkudi

Share News :

'കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീറിനു മ്യൂസിയമൊരുക്കുകയെന്നത് സാംസ്കാരികകേരളത്തിന്‍റെ കടപ്പാടാണെന്നും ദയാപുരം മ്യൂസിയം നിറവേറ്റുന്നത് അത്തരമൊരു ദൌത്യമാണെന്നും വിഖ്യാതസംവിധായകന്‍ അടൂർ ഗോപാലകൃഷ്ണന്‍ പറഞ്ഞു. മതിലുകള്‍ എന്നു പേരിട്ടിട്ടുള്ള ദയാപുരം മ്യൂസിയം ആന്‍റ് റീഡിംഗ് റൂമിന്‍റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 


നമ്മുടെ ഭാഷയിലെ ഇത്ര ഉജ്വലനായൊരു എഴുത്തുകാരന് സ്മാരകമോ മ്യൂസിയമോ ഉണ്ടാക്കാനുള്ള ശ്രമം മുമ്പും നടന്നിട്ടുണ്ടെങ്കിലും അവ പല കാരണങ്ങളാല്‍ ഫലവത്തായില്ല. ബഷീറിന്‍റെ വീക്ഷണങ്ങളും ജീവിതരേഖകളും കൈയെഴുത്തുപ്രതികളും യോജിപ്പിച്ച് ലളിതവും സവിശേഷവുമായ രീതിയില്‍ സംവിധാനം ചെയ്ത ദയാപുരം മ്യൂസിയം ആ ഒഴിവ് നികത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ സന്ദർശിക്കുന്നവർക്ക് ബഷീറിന്‍റെ ജീവിത്തെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാട് ലഭിക്കുന്ന തരത്തില്‍ പുതിയ സാങ്കേതികവിദ്യകളിലൂടെ കാഴ്ചാ-ശ്രാവ്യ സൌകര്യങ്ങളേർപ്പെടുത്തി ഇതിനിയും വികസിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.  

 

ചുറ്റുപാടുകളിലെ സകല ജീവജാലങ്ങള്‍ക്കും പ്രകൃതിക്കും മനുഷ്യരെപ്പോലെത്തന്നെ ഈ ഭൂമിയില്‍ അവകാശമുണ്ടെന്ന വളരെ ഉന്നതമായ ചിന്ത കൊച്ചുകുട്ടികളുടെ മനസ്സില്‍പ്പോലും പതിയുന്ന തരത്തില്‍ ലളിതമായി അവതരിപ്പിച്ച മഹാനായ എഴുത്തുകാരനാണ് ബഷീർ. സ്കൂളില്‍ പഠിക്കാനുണ്ടായിരുന്നപ്പോള്‍ തന്‍റെ മകള്‍ ഭൂമിയുടെ അവകാശികളെന്നു മന്ത്രംപോലെ ഉരുവിടുമായിരുന്നെന്ന് അദ്ദേഹം ഓർത്തു.


ബാല്യകാലസഖി ആദ്യം ഇംഗ്ലീഷില്‍ എഴുതിത്തുടങ്ങി, പിന്നീട് മലയാളത്തില്‍ എഴുതാനാരംഭിച്ചുവെങ്കിലും എട്ടുവർഷത്തോളം വെട്ടിയും തിരുത്തിയും മാറ്റിയെഴുതിയുമാണ് പൂർത്തീകരിച്ചത്. പൂർണതയിലും എഴുത്തിന്‍റെ ശില്പചാരുതയിലും അത്രയേറെ ജാഗ്രത പുലർത്തുന്ന എഴുത്തുകാരനായിരുന്നു ബഷീർ. നിരന്തരമായി എഴുതാതെ എഴുതണമെന്നു തോന്നുമ്പോള്‍ മാത്രം എഴുതുന്ന രീതിയായിരുന്നു അദ്ദേഹത്തിന്‍റേത്, ഏതെങ്കിലുമൊരു പ്രത്യേകവികാരം പ്രകടിപ്പിക്കാന്‍ ഭാഷയില്‍ മതിയായ വാക്കുകള്‍ കിട്ടാതെ വരുമ്പോള്‍ അദ്ദേഹം സ്വന്തമായി വാക്കുകളുണ്ടാക്കി. 


മതിലുകളെന്ന സിനിമയ്ക്കാണ് തനിക്ക് ഏറ്റവുമധികം സംസ്ഥാന, ദേശീയ, അന്തർദേശീയ ബഹുമതികള്‍ ലഭിച്ചതെന്നും എന്നാല്‍ ആ സിനിമാസംവിധാനത്തിലൂടെ തനിക്കുണ്ടായ ഏറ്റവും വലിയ നേട്ടം ബഷീറുമായുള്ള ആത്മബന്ധം സാധ്യമായി എന്നതാണെന്നും അദ്ദേഹം പറഞ്ഞു. ബഷീർ ജീവിച്ചിരിക്കെ ബഷീറിനെ അവതരിപ്പിക്കാന്‍ പറ്റുന്നത് വലിയ ഭാഗ്യമാണെന്നാണ് മതിലുകളില്‍ അഭിനയിക്കാനായി സമീപിച്ചപ്പോള്‍ മമ്മൂട്ടി പറഞ്ഞെന്നും അദ്ദേഹം ഓർത്തു.


മരക്കാർ ഹാളില്‍ ചേർന്ന പരിപാടിയില്‍ ദയാപുരം ട്രസ്റ്റ് ചെയർമാന്‍ കെ. കുഞ്ഞലവി അധ്യക്ഷനായിരുന്നു. ഡോ. എം എം ബഷീറിന്‍റെ ശേഖരത്തിലുള്ള ബഷീറിന്‍റെ കൈയെഴുത്തുപ്രതികള്‍, പ്രമുഖവ്യക്തികള്‍ക്ക് ബഷീറെഴുതിയ കത്തുകള്‍ തുടങ്ങിയവ മ്യൂസിയത്തിനു നല്കുന്ന സമ്മതപത്രം ഡോ. എം എം ബഷീർ കെ. കുഞ്ഞലവിക്കു കൈമാറി. 


ബഷീർ മ്യൂസിയത്തിന്‍റെ സാക്ഷാത്കാരത്തെക്കുറിച്ച് മ്യൂസിയം ക്യുറേറ്റർ കൂടിയായ ഡല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളേജ് പ്രഫസർ ഡോ. എന്‍.പി ആഷ് ലി വിശദീകരിച്ചു. മ്യൂസിയത്തിന്‍റെ ആർക്കിടെക്റ്റ് സീജോ സിറിയകിന് പാട്രണ്‍ സി.ടി അബ്ദുറഹിം ഉപഹാരം സമ്മാനിച്ചു. കലാപരമായ മേല്‍നോട്ടം വഹിച്ച ചിത്രകാരന്‍ കെ.എല്‍ ലിയോണ്‍ സന്നിഹിതനായിരുന്നു.


ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കല്‍ ഗഫൂർ, ദയാപുരം റസിഡന്‍ഷ്യല്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. ജ്യോതി, ദയാപുരം കോളേജ് പ്രിന്‍സിപ്പല്‍ നിമ്മി വി ജോണ്‍ എന്നിവർ സംസാരിച്ചു. സ്കൂള്‍ പ്രൈം മിനിസ്റ്റർ പി.സി മുഹമ്മദ് സൈഫ് സ്വാഗതവും കോളേജ് യൂണിയന്‍ ചെയർ പേഴ്സണ്‍ ഫിദ ഖമർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News