Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരൂരങ്ങാടി ആര്‍.ടി.ഓഫീസ് വ്യാജ ആര്‍.സി നിര്‍മ്മാണം. മുസ്‌ലിം യൂത്ത്‌ലീഗ് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസ് ഉപരോധിച്ചു

02 Jul 2024 20:31 IST

Jithu Vijay

Share News :



തിരൂരങ്ങാടി : സബ് ആര്‍.ടി.ഓഫീസ് കേന്ദ്രീകരിച്ച് വ്യാജ ആര്‍.സി നിര്‍മ്മിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഓഫീസ് മുസ്‌ലിം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ഉപരോധിച്ചു. ഇന്നലെ രാവിലെ പത്ത് മണിയോടെ ഓഫീസിലെത്തിയ ജോയിന്റ് ആര്‍.ടി.ഒ സി.പി സക്കരിയ്യയെ ഓഫീസില്‍ പ്രവേശിപ്പിക്കാതെ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കവാടത്തില്‍ തടയുകയായിരുന്നു. ഓഫീസിന്റെ വാതില്‍ പൂട്ടിയ പ്രവര്‍ത്തകര്‍ നിലത്ത് കുത്തിയിരുന്നു പ്രതിഷേധിച്ചു. മുദ്രാവാക്യവും പ്രസംഗവുമായി ഏറെ നേരം കഴിഞ്ഞ ശേഷമാണ് തിരൂരങ്ങാടി പൊലീസ് സ്ഥലത്തെത്തിയത്. 

പ്രവര്‍ത്തകരെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. കുറച്ചു സമയം പ്രവര്‍ത്തകരും പൊലീസും ഉന്തും തള്ളും അരങ്ങേറി. വീണ്ടും മുദ്രാവാക്യവുമായി നിലത്ത് ഇരിപ്പുറപ്പിച്ച പ്രവര്‍ത്തകരെ കൂടുതല്‍ പൊലീസെത്തി പിടിച്ചു മാറ്റാന്‍ ശ്രമിച്ചു. ബഹളം രൂക്ഷമായതോടെ പൊലീസ് വീണ്ടും പിന്തിരിഞ്ഞു. അപ്പോഴേക്കും പരപ്പനങ്ങാടി പൊലീസും സ്ഥലത്തെത്തിയിരുന്നു. 

വ്യാജ ആര്‍.സി നിര്‍മ്മിച്ച പരാതിയില്‍ കൃത്യമായ അന്വേഷണം നടത്തി ഇന്ന് തന്നെ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നും ഇല്ലാത്ത പക്ഷം സമരം സ്റ്റേഷനിലേക്ക് മാറ്റാമെന്നും തിരൂരങ്ങാടി എസ്.ഐ വിനോദ് മുസ്‌ലിം യൂത്ത്‌ലീഗ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. 

തിരൂരങ്ങാടി സബ് മോട്ടോര്‍ വാഹന വകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ ആര്‍.സി ബുക്കുകളുണ്ടാക്കി ഉടമ അറിയാതെ വാഹനം വില്‍പ്പന നടത്തിയ സംഭവത്തില്‍ സമഗ്ര അന്വേഷണവും വകുപ്പ് തല നടപടിയും ആവശ്യപ്പെട്ടായിരുന്നു സമരം. സാമ്പത്തിക പ്രയാസം മൂലം അടവിന് എടുക്കുന്ന വാഹനത്തിന്റെ അടവ് തെറ്റുന്ന സമയത്ത് സേട്ടുമാര്‍ പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഉടമ അറിയാതെ പുതിയ ആര്‍.സി ഉണ്ടാക്കി മറ്റൊരാള്‍ക്ക് വില്‍ക്കുന്നതിനാണ് തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ് ഓഫീസില്‍ നിന്നും ഒത്താശ ചെയ്തിരിക്കുന്നത്.  

ഓരേ വാഹനത്തിന് ഒറിജിനലായി രണ്ട് ആര്‍.സിയോ മറ്റോ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് വിവരം പുറത്തായത്. പിടിച്ചെടുത്ത വാഹനത്തിന്റെ ഉടമ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരായതിനാല്‍ പരാതികളില്ലാതെ കേസ് ഒതുക്കി തീര്‍ക്കാനാണ് ശ്രമങ്ങള്‍ നടക്കുന്നത്. പരാതിയുമായെത്തിയവരെ പണം നല്‍കി സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ് നടന്നിരുന്നത്. പരാതിയിലെ വിവരങ്ങള്‍ പുറത്ത് നല്‍കാനോ കേസ് രജിസ്റ്റര്‍ ചെയ്യാനോ പൊലീസ് തെയ്യാറാകാത്ത സാഹചര്യത്തിലായിരുന്നു യൂത്ത്‌ലീഗ് സമരവുമായി രംഗത്തെത്തിയത്. 

സമരത്തിന് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് പ്രസിഡന്റ് യു.എ റസാഖ്, മണ്ഡലം ഭാരവാഹികളായ സി.കെ മുനീര്‍, ഉസ്മാന്‍ കാച്ചടി, റിയാസ് തോട്ടുങ്ങല്‍. അയ്യൂബ് തലാപ്പില്‍, സി.എച്ച് അബൂബക്കര്‍ സിദ്ധീഖ്, കെ മുഈനുല്‍ ഇസ്ലാം, പി.കെ സല്‍മാന്‍, കെ അലി, ബാപ്പുട്ടി ചെമ്മാട് നേതൃത്വം നല്‍കി.

Follow us on :

More in Related News