Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സത്യസരണിയിലേക്കുള്ള സംഘപരിവാര്‍ മാര്‍ച്ച് തടഞ്ഞെന്ന കേസ്: മുഴുവന്‍ പേരെയും കോടതി വെറുതെവിട്ടു

23 Jul 2024 18:27 IST

Jithu Vijay

Share News :


മലപ്പുറം : മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിലേക്ക് സംഘപരിവാർ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് തടഞ്ഞെന്ന കേസില്‍ മുഴുവന്‍ പേരെയും കോടതി വെറുതെവിട്ടു. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന വ്യാജ ആരോപണം ഉന്നയിച്ച് ഹിന്ദു ഐക്യവേദി നടത്തിയ മാര്‍ച്ച് തടയുകയും കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് ആരോപിച്ച് മഞ്ചേരി പോലിസ് രജിസ്റ്റര്‍ കേസിലാണ് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകരായ 27 പേരെയും ചീഫ് ജൂഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി ടി ബി ഫസീല വെറുതെവിട്ടത്. മുഹമ്മദലി എന്ന കുഞ്ഞാപ്പു, അബ്ദുല്‍മജീദ് ഖാസിമി, അക്ബര്‍, മുഹമ്മദ് റാഫി, ഉണ്ണി മുഹമ്മദ്, റിയാസ്, അമീര്‍, അബ്ദുല്‍ മുനീര്‍, അബ്ദുര്‍ റഷീദ്, സുബൈര്‍, മുഹമ്മദ് അശ്‌റഫ്, അബ്ദുല്‍ മജീദ്, മുഹമ്മദ് നിയാസ്, അബ്ദുല്‍ നസീര്‍, അബ്ദുല്ല, ഷഫീഖ്, ഇബ്രാഹീം, ശിഹാബുദ്ദീന്‍, മുഹമ്മദ് അന്‍സാര്‍, മുഹമ്മദ് അശ്‌റഫ്, ഷാഹുല്‍ ഹമീദ്, ഇബ്രാഹിം കുട്ടി, ഷുക്കൂര്‍, അബ്ദുല്‍ നസീര്‍, കുഞ്ഞാലി, സുലൈമാന്‍ എന്നിവരെയാണ് കോടതി വെറുതെവിട്ടത്.


2016 ആഗസ്ത് 20നാണ് കേസിനാസ്പദമായ സംഭവം. വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച് മതസ്ഥാപനങ്ങള്‍ കൈയേറാനുള്ള ഫാഷിസ്റ്റ് നീക്കം ജനകീയമായി തടയുമെന്ന് പ്രഖ്യാപിച്ച് നിരവധി പേര്‍ മഞ്ചേരിയില്‍ സംഘടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹിന്ദു ഐക്യവേദിയുടെ മാര്‍ച്ച് സത്യസരണി സ്ഥിതി ചെയ്യുന്ന ചെരണി ഭാഗത്തേക്ക് അനുവദിക്കാതെ മഞ്ചേരി ബസ് സ്റ്റാന്റില്‍ പോലിസ് തടയുകയായിരുന്നു. ഈ സംഭവത്തിന്റെ പേരിലാണ് പോപുലര്‍ ഫ്രണ്ട് മുന്‍ പ്രവര്‍ത്തകരായ 29 പേര്‍ ഉള്‍പ്പെടെ 2000ത്തോളം പേര്‍ക്കെതിരേ കേസെടുത്തിരുന്നത്. ആയുധങ്ങളുമായി സംഘടിക്കുക, വിദ്വേഷ പ്രസംഗം നടത്തുക, ഗതാഗതം തടസ്സപ്പെടുത്തുക, പോലിസിന്റെ ഉത്തരവ് ലംഘിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമായിരുന്നു മഞ്ചേരി പോലിസ് കേസെടുത്തത്. അനുമതിയില്ലാതെ മാരകായുധങ്ങളായ മരവടി ഉള്‍പ്പെടെയുള്ളവയുമായെത്തി ഹിന്ദുമതത്തിനെതിരേ പ്രകോപനമുദ്രാവാക്യങ്ങള്‍ വിളിക്കുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്‌തെന്നാണ് കേസ്. ഐപിസി 143, 147, 148, 283, 153, 149 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരുന്നത്. പ്രോസിക്യൂഷന്‍ എട്ടു സാക്ഷികളെ വിസ്തരിക്കുകയും എട്ടു രേഖകള്‍ ഹജരാക്കുകയും ചെയ്തു. തിരുവനന്തപുരം സലഫി സെന്ററിലേക്കും സംഘപരിവാര്‍ നടത്തിയ മാര്‍ച്ച് ജനകീയമായി തടഞ്ഞിരുന്നു.

Follow us on :

Tags:

More in Related News