Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Mar 2025 09:56 IST
Share News :
ആരോഗ്യമന്ത്രി വീണാ ജോർജുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെത്തുടർന്ന് നിരാഹാര സമരത്തിലേക്ക് കടക്കാനൊരുങ്ങി ആശാ വർക്കർമാർ. ഇന്ന് മുതലാണ് സെക്രട്ടറിയേറ്റിനു മുന്നിൽ ആശമാരുടെ നിരാഹാര സമരം ആരംഭിക്കുന്നത്. നിരാഹാര സമരത്തിന് മുന്നോടിയായി കണ്ണിൽ പൊടിയിടാനുള്ള ഒരു ചർച്ച മാത്രമായിരുന്നു ഇന്നലെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് സമരക്കാർ ആരോപിച്ചു. പുതിയ നിർദ്ദേശങ്ങളോ പരിഗണനകളോ ഒന്നും ചർച്ചയിലുണ്ടായില്ലെന്നും അവർ പറഞ്ഞു.
ആശാ വർക്കർമാരുടെ ആവശ്യങ്ങൾ ഒന്നും അംഗീകരിക്കാതെ, സമരം അവസാനിപ്പിക്കണമെന്ന് ആണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. യാഥാർത്ഥ്യ ബോധത്തോടെ കാര്യങ്ങൾ കാണണമെന്ന മന്ത്രി പറഞ്ഞെങ്കിലും സമരക്കാർ വഴങ്ങിയില്ല. ആവശ്യങ്ങൾ ഒന്നും സർക്കാർ പരിഗണിക്കുകയോ അംഗീകരിക്കുകയോ ചെയ്യാതായതോടെയാണ് സമരം തുടരുമെന്ന് ആശാ വർക്കർമാർ പ്രഖ്യാപിച്ചത്.
എൻഎച്ച്എം മിഷൻ സ്റ്റേറ്റ് കോർഡിനേറ്ററുമായി ഇന്നലെ ഉച്ചയ്ക്ക് നടത്തിയ ചർച്ച തീരുമാനമാകാതെ പിരിഞ്ഞതിന് പിന്നാലെയാണ് ആരോഗ്യമന്ത്രിയുമായി ചർച്ച നടന്നത്. ഇന്ന് നിരാഹാര സമരം ആരംഭിക്കുമെന്ന് സമരക്കാർ പ്രഖ്യാപിച്ചപ്പോഴായിരുന്നു ആരോഗ്യമന്ത്രി ചർച്ചക്ക് തയ്യാറായത്. സർക്കാർ ഖജനാവിൽ പണമില്ലെന്ന് ആരോഗ്യമന്ത്രിയും ചർച്ചയിൽ ആവർത്തിച്ചു. ഇന്നലെ നടത്തിയ രണ്ട് ചർച്ചകളും പരാജയപ്പെട്ടതോടെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്ന് ആശാ വർക്കർമാർ വ്യക്തമാക്കി.
അതേസമയം കേന്ദ്ര ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങിയിരിക്കുകയാണ് ആരോഗ്യ മന്ത്രി വീണ ജോർജ്. ഇന്ന് രാവിലെ വീണ ജോർജ് ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തുന്നതിന് ഡൽഹിയിലേക്ക് പോകും. കേന്ദ്രം നൽകാനുള്ള കുടിശ്ശിക തുക നൽകണമെന്ന് കൂടിക്കാഴ്ചയിൽ ആവശ്യപ്പെടും.
Follow us on :
Tags:
More in Related News
Please select your location.