Sat Dec 14, 2024 5:44 AM 1ST

Location  

Sign In

‘സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണം’; പൗരൻമാർക്ക് മുന്നറിയിപ്പ് നൽകി ഇന്ത്യ

07 Dec 2024 11:40 IST

Shafeek cn

Share News :

ന്യൂഡല്‍ഹി: ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. സിറിയയിലെ യുദ്ധ സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാരോട് ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും, കഴിവതും വേഗം നാട്ടിലേക്ക് മടങ്ങാനും വിദേശകാര്യമന്ത്രാലയം നിര്‍ദേശം നല്‍കി.


എംബസിയെ ബന്ധപ്പെടാനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറും പുറത്തുവിട്ടു. യാത്രക്കാര്‍ക്ക് കടുത്ത അപകടസാധ്യതകള്‍ സിറിയയില്‍ നിലനില്‍ക്കുന്നുവെന്നും യാത്രാ മുന്നറിയിപ്പുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. +963 993385973 എന്ന വാട്‌സ്ആപ്പ് നമ്പറിലും hoc.damascus@mea.gov.in എന്ന ഇ-മെയിലോ ബന്ധപ്പെടാം.


സിറിയയുടെ വടക്കന്‍ മേഖലയില്‍ ആക്രമണം രൂക്ഷമാവുകയാണെന്നും സ്ഥിതിഗതികള്‍ വിലയിരുത്തുകയാണെന്നും ജാഗ്രത വേണമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു. വിവിധ യുഎന്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന 14 പേര്‍ ഉള്‍പ്പെടെ 90 ഓളം ഇന്ത്യന്‍ പൗരന്മാര്‍ സിറിയയിലുണ്ടെന്ന് ജയ്സ്വാള്‍ പറഞ്ഞു.


സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ ആസാദ് സര്‍ക്കാരിനെതിരെ, ടര്‍ക്കിഷ് സായുധസംഘടനയായ ഹയാത്ത് തഹ്രീര്‍ അല്‍ ഷാമിന്റെ നേതൃത്വത്തിലാണ് സായുധ കലാപം നടക്കുന്നത്.അലപ്പൊയ്ക്കു പിന്നാലെ മധ്യപടിഞ്ഞാറ് ഹമ പ്രവിശ്യയും വിമത സേന പിടിച്ചെടുത്തിരുന്നു. മയിലെ രണ്ട് വടക്കുകിഴക്കന്‍ ജില്ലകള്‍ വിമതരുടെ നിയന്ത്രണത്തിലാണ്. സെന്‍ട്രല്‍ ജയില്‍ പിടിച്ചെടുത്ത് തടവുകാരെ മോചിപ്പിച്ചതായും വിമതര്‍ അവകാശപ്പെട്ടിട്ടുണ്ട്. 2020 ന് ശേഷം സിറിയ കണ്ട ഏറ്റവും തീവ്രമായ പോരാട്ടമാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്നത്.


Follow us on :

More in Related News