Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Nov 2025 20:56 IST
Share News :
വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്നിരുന്ന പ്രമുഖ സോഷ്യലിസ്റ്റായിരുന്ന തയ്യിൽ ഉണ്ണീരി മാസ്റ്റർ ഓർമ്മയായിട്ട് ഇന്ന് 36 വർഷം തികയുകയാണ്. ത്യാഗപൂർണ്ണമായ സേവനങ്ങളിലൂടെ എന്നും ഓർമ്മിക്കാവുന്ന വ്യക്തിത്വമാണ് അദ്ദേഹത്തിൻ്റെത്. അദ്ദേഹത്തോടുള്ള ആദരസൂചികമായി ആർ ജെ ഡി വള്ളിക്കുന്നിൽ അനുസ്മരണ യോഗം നടത്തി.
1933 ജൂലായ് 15ന് തയ്യിൽ മാമുക്കുട്ടിയുടേയും ഉണ്ണൂലിയുടേയും പുത്രനായി ജനിച്ച ഉണ്ണീരി മാസ്റ്റർ ഒരു എൽ.പി.സ്ക്കൂൾ' അദ്ധ്യാപകനായാണ് ഔദ്യോഗിക ജീവിതമാരംഭിച്ചത്. ഭഗീരഥപ്രയത്നം കൊണ്ട് എം.എ . ബിരുദവും ബിഎഡും സമ്പാദിച്ച അദ്ദേഹം ചാലിയം ഇമ്പിച്ചി ഹാജി ഹൈസ്കൂൾ ഹെഡ്മാസ്റ്ററായിരിക്കെ 1985 മാർച്ച് 31 നാണ് സർവ്വീസിൽ നിന്ന് പിരിഞ്ഞത്. സാമൂഹ്യ സേവന രംഗത്ത് ഒരു അത്ഭുത പ്രതീഭാസമായിരുന്നു ഉണ്ണീരി മാസ്റ്റർ . നിസ്വാർത്ഥവും നിഷ്കളങ്കവും ത്യാഗപൂർണ്ണവുമായ പ്രവർത്തന ശൈലിയിലൂടെ യുവാക്കൾക്കും മുതിർന്നവർക്കും സമൂഹ്യ പ്രവർത്തന രംഗത്തേക്കുള്ള ഒരു നല്ല വഴികാട്ടിയായിരുന്നു. വള്ളിക്കുന്ന് കലാ പരീക്ഷത്ത് ആർട്സ് & സ്പോർട്സ് ക്ലബ്ബ്,നവജീവൻ ഗ്രന്ഥാലയം, നവജീവൻ തീയേറ്റേഴ്സ് എന്നിവയുടെ സ്ഥാപകനായിരുന്നു. വള്ളിക്കുന്ന് (കാഞ്ഞിരക്കുഴി) 'വയോജന വിദ്യാഭ്യാസ കേന്ദ്രത്തീന്റെ ശില്പി ഉണ്ണീരി മാസ്റ്ററായിരുന്നു. നവജീവൻ ഗ്രന്ഥാലയത്തിന്റെ സ്ഥാപക പ്രസിഡണ്ടായിരുന്നു ഇദ്ദേഹം . 1989 നവംബർ 18 ന് ഹൃദയസ്തംഭനം മൂലമാണ് വള്ളിക്കുന്നിനോട് വിട പറഞ്ഞത്. 1989 നവംബർ 17 തീയതി വരെ നവജീവൻ ഗ്രന്ഥാലയത്തിന്റെ പ്രസിഡണ്ടായി പ്രവർത്തിച്ചു. ഗ്രന്ഥാലയത്തിന് സ്വന്തമായി ഒരു കെട്ടിടം വേണമെന്ന് ആഗ്രഹിച്ച അദ്ദേഹം കെട്ടിട നിർമ്മാണത്തിന്റെ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്നു കൊണ്ട് ക്ലേശകരവും ത്യാഗോജ്ജ്വലവുമായ പങ്കാണ് നിർവ്വഹിച്ചത്. പൊതുജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത തുക തികയാതെ വന്നപ്പോൾ പ്രൊവിഡണ്ട് ഫണ്ടിൽ നിന്ന് ലോണെടുത്ത് ചെലവഴിക്കാൻ പോലും അദ്ദേഹം മടിച്ചില്ല. ഉണ്ണീരി മാസ്റ്റർ ചാലിയം ഇമ്പിച്ചി ഹാജി ഹൈസ്ക്കൂൾ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ച കാലഘട്ടം പ്രസ്തുത വിദ്യാലയത്തിന് ഒരു സുവർണ്ണ കാലഘട്ടമായിരുന്നു വെന്നാണ് സ്ക്കൂൾ മേനേജ്മെന്റും അധ്യാപകരും വിദ്യാർത്ഥികളും ഒരു പോലെ അനുസ്മരിച്ചരുന്നത്. കോട്ടക്കടവ് പാലം നിർമ്മാണ കമ്മിറ്റി സെക്രട്ടറി, വള്ളിക്കുന്ന് വിദ്യുച്ഛക്തി വികസന സമിതി പ്രസിഡണ്ട്, കടലുണ്ടി റെയിൽവേ പാലം നടപ്പാത നിർമ്മാണ സഹായ കമ്മിറ്റി കൺവീനർ, കച്ചേരിക്കുന്ന് ചോപ്പൻകാവ് റോഡ്, ആനങ്ങാടി കോട്ടക്കടവ് റോഡ്, അത്താണിക്കൽ- ചെട്ട്യാർ മാട് റോഡ് എന്നീ റോഡ് നിർമ്മാണ സഹായ കമ്മിറ്റിയുടെ കൺവീനറായിരുന്നു. കാഞ്ഞിരക്കുഴി ക്ഷീര വികസന സഹകരണ സംഘത്തിന്റെ സ്ഥാപകനും. സ്ഥാപക പ്രസിഡണ്ടുമായിരുന്നു. തിരൂരങ്ങാടി ഗവ.ആശുപത്രിയിൽ പോസ്റ്റ്മോർട്ടം കേന്ദ്രം സ്ഥാപിക്കുന്നതിൽ നിർണ്ണായകമായ പങ്കുവഹിച്ചതും ഇദ്ദേഹമാണ്. കക്ഷിരാഷ്ട്രീയ സാമൂഹ്യ ഭേദമന്യേ സാമൂഹ്യ പ്രവർത്തനങ്ങളിലും സജീവപങ്കാളിത്തം വഹിക്കുന്നതിൽ കർമ്മനിരതനായിരുന്നു ഉണ്ണീരിമാസ്റ്റർ .അദ്ദേഹത്തിന്റെ ഒരോ പ്രവർത്തനങ്ങളും വള്ളിക്കുന്ന് പഞ്ചായത്തിന്റെ വികസനത്തിൽ ഒരു വെള്ളിനക്ഷത്രം പോലെ ഇന്നും തിളങ്ങി നിൽക്കയാണ്. താൻ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന ജോലികൾ അതെത്ര മാത്രം ദുഷ്ക്കരമാണെങ്കിൽ പോലും പൂർത്തികരിക്കാതെ പിന്മാറിയ ചരിത്രം ഉണ്ണീരി മാസ്റ്ററുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. അതിനുവേണ്ടി എന്തുത്യാഗവും സഹിക്കുവാൻ സദാ സന്നദ്ധനായിരുന്നു. അഴിമതിക്കും അനീതിക്കുമെതിരെ സന്ധിയില്ല സമരം ചെയ്തിരുന്നു. അനീതി എവിടെ കണ്ടാലും ആരുടെ ഭാഗത്തുനിന്നായാലും മുഖം നോക്കാതെ അവക്കെതിരെ ധീരമായി നിന്നിരുന്ന ഒരു സ്വഭാവമായിരുന്നു ഉണ്ണീരി മാസ്റ്ററുടേത് .
അനുസ്മരണ യോഗത്തിൽ ബാബുപള്ളിക്കര അധ്യക്ഷത വഹിച്ചു. ആർ.ജെ.ഡി വള്ളിക്കുന്ന് മണ്ഡലം പ്രസിഡണ്ട് ടി കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു . ചന്ദ്രൻ ചേങ്ങോട്ട്, എ.എം വേലായുധൻ, കെ.പി അപ്പുക്കുട്ടൻ, പി.കെ.രാമകൃഷ്ണൻ, കെ.രവീന്ദ്രൻ, അഷ്റഫ് ആനങ്ങാടി ,കെ.മനോജ് കുമാർ എന്നിവർ സംസാരിച്ചു
Follow us on :
Tags:
More in Related News
Please select your location.