Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സീബ്രാ ലൈനുകള്‍ കാണാനില്ല; അകടം മാടിവിളിച്ച് വണ്ണപ്പുറം ഹൈറേഞ്ച് ജങ്ഷന്‍

08 Nov 2024 13:16 IST

ജേർണലിസ്റ്റ്

Share News :

വണ്ണപ്പുറം: വാഹനത്തിരക്ക് ഏറെയുള്ള വണ്ണപ്പുറം ഹൈറേഞ്ച് കവലയില്‍ സീബ്രാലൈന്‍ മാഞ്ഞത് യാത്രക്കാര്‍ക്ക് വിനയാകുന്നു. വണ്ണപ്പുറം ടൗണില്‍ മൂന്ന് പ്രധാന റോഡുകള്‍ സംഗമിക്കുന്ന ഹൈറേഞ്ച് ജങ്ഷനില്‍ ഉണ്ടായിരുന്ന സീബ്രാ ലൈനാണ് യാത്രക്കാര്‍ക്ക് ദൃശ്യമാകാത്ത വിധം മാഞ്ഞ് പോയത്. തൊടുപുഴ - വണ്ണപ്പുറം, ചേലച്ചുവട് - വണ്ണപ്പുറം, മൂവാറ്റുപുഴ - വണ്ണപ്പുറം എന്നീ റോഡുകള്‍ സംഗമിക്കുന്ന ഭാഗത്ത് റോഡ് മുറിച്ച് കടക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ഇതേതുടര്‍ന്നാണ് ഇവിടെ കാല്‍നട യാത്രക്കാര്‍ക്ക് സൗകര്യമാകും വിധം വെള്ളവരകളിട്ടത്. എന്നാല്‍ കാലക്രമേണ ഇവ പൂര്‍ണ്ണമായും മാഞ്ഞ് പോയിരിക്കുകയാണ്. ഇതേ തുടര്‍ന്ന് ഗതാഗത തിരക്കുള്ള ഈ ഭാഗത്ത് ഏത് സമയത്തും അപകടം സംഭവിക്കാവുന്ന സ്ഥിതിയാണ്. ഈ ജംങ്ഷനില്‍ തന്നെ ബസ് സ്റ്റോപ്പുള്ളതിനാല്‍ നിരവധി യാത്രക്കാര്‍ റോഡ്് മുറിച്ച് കടക്കേണ്ട സ്ഥലമാണ് ഇവിടം. അപകട സാധ്യത മുന്നില്‍ക്കണ്ട് രാവിലെയും വൈകുന്നേരവും ഇവിടെ ഹോം ഗാര്‍ഡുകളെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ഡ്യൂട്ടി കഴിഞ്ഞ് പോയാല്‍ പിന്നെ വാഹനങ്ങള്‍ ഡ്രൈവര്‍മാരുടെ തന്നിഷ്ടം പോലെയാണ് ഇതിലെ ഓടിക്കുന്നത്. കാല്‍നട യാത്രക്കാരെ ഡ്രൈവര്‍മാര്‍ പരിഗണിക്കുക പോലും ചെയ്യാറില്ലെന്ന് പരാതിയുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് സ്വകാര്യ ബസും ഓട്ടോറിക്ഷയും സീബ്രാ ലൈനില്‍ വച്ച് കൂട്ടിയിടിച്ചിരുന്നു. ഈ സമയം ഇതുവഴി റോഡ് മുറിച്ച് കടന്നവര്‍ ഭാഗ്യം കൊണ്ടാണ് പരിക്കേല്‍ക്കാതെ രക്ഷപെട്ടത്. മാഞ്ഞ് പോയ സീബ്രാലൈന്‍ പുനസ്ഥാപിക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയ്യാറാകാത്തതില്‍ വ്യപാരികള്‍ക്കും നാട്ടുകാര്‍ക്കുമിടയില്‍ വ്യാപക പ്രതിഷേധമുണ്ട്. അടിയന്തിരമായി ഈ മേഖലയില്‍ സീബ്രാ ലൈന്‍ പുനസ്ഥാപിക്കണമെന്നാണ് ജനങ്ങളുടെയും കാല്‍നട യാത്രക്കാരുടെയും ആവശ്യം. ഇതിന് പുറമേ മൂന്ന് പ്രധാന റോഡുകള്‍ സംഗമിക്കുന്ന ജംഗ്ഷനില്‍ പൊതുമരാമത്ത് വകുപ്പോ പഞ്ചായത്തോ ഇടപെട്ട് അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമാണ്.

Follow us on :

More in Related News