Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അനധികൃത നിയമനം റദ്ദ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ

03 Mar 2025 19:50 IST

PEERMADE NEWS

Share News :

ഇടുക്കി:ജില്ലാ പഞ്ചായത്ത് ഭരണസമിതി നടത്തിയ അനധികൃത നിയമനം റദ്ദ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇടുക്കി വികസന അതോറിറ്റി ജില്ലാ പഞ്ചായത്തിൽ ലയിപ്പിച്ചപ്പോൾ ഇടുക്കി വികസന അതോറിറ്റിയിൽ ഉണ്ടായിരുന്ന ജീവനക്കാരനെ ജില്ലാ പഞ്ചായത്തിൽ നിയമിച്ചിരുന്നു. ഇദ്ദേഹം വിരമിച്ച ഒഴിവിലാണ് നിയമവിരുദ്ധമായ നിയമനം നടത്തിയത്.


  രണ്ടായിരത്തിയേഴ്‌ മാർച്ച്‌ മുപ്പതിനാണ് ഇടുക്കി വികസന അതോറിട്ടിയെ ജില്ലാപഞ്ചായത്തിൽ ലയിപ്പിച്ച് സർക്കാർ ഉത്തരവിറങ്ങിയത്. ഇടുക്കി വികസന അതോറിറ്റിയിൽ അഞ്ച് വർഷത്തിലേറെയായി ദിവസവേതനത്തിൽ ജോലി ചെയ്യുന്ന 55 വയസിൽ താഴെയുള്ള ജീവനക്കാരെ ആവശ്യമുണ്ടെങ്കിൽ ജില്ലാ പഞ്ചായത്ത്‌ സെക്രട്ടറിക്ക് നിലനിർത്താവുന്നതാണെന്നും ഇവർ വിരമിക്കുന്നതോടെ ഈ തസ്തിക ഇല്ലാതാകുമെന്നും ഈ ഉത്തരവിൽ പറയുന്നു .ഇപ്രകാരം ജില്ലാ പഞ്ചായത്തിൽ ജോലി ചെയ്തയാൾ വിരമിച്ചപ്പോഴാണ് 2007 ലെ ഉത്തരവിനെ മറികടന്നുള്ള നിയമനം നടത്തിയത്.


 ജില്ലാ പഞ്ചായത്തിന്റെ 5/3/2024 ലെ ഭരണസമിതി യോഗമാണ് ഈ നിയമനത്തിന് അംഗീകാരം നൽകിയത്. ഈ നിയമന വിഷയത്തിൽ പ്രതിപക്ഷത്തുള്ള 6 അംഗങ്ങളും, ജില്ലാ പഞ്ചായത്ത് സെക്രട്ടറിയും വിയോജനം അറിയിച്ചിരുന്നു. നിയമനം നടത്താൻ അനുമതിയുള്ള തസ്തിക ഇല്ലാത്തതിനാൽ പകരം ജീവനക്കാരെ നിയമിക്കുന്നത് നിയമ വിരുദ്ധമാണെന്ന് പറഞ്ഞാണ് പ്രതിപക്ഷ അംഗങ്ങൾ വിയോജനം രേഖപ്പെടുത്തിയത് .


  നിർത്തലാക്കിയ ഇടുക്കി വികസന അതോറിറ്റിയിൽ ദിവസ വേതനത്തിൽ നിയമിച്ചിരുന്ന ജീവനക്കാരെ ആവശ്യമുണ്ടെങ്കിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നിലനിറുത്താവുന്നതാണെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നതെന്നും അങ്ങനെ നിയമിച്ച വ്യക്തിക്ക് പകരം മറ്റൊരാളെ നിയമിക്കാൻ വ്യവസ്ഥയില്ലെന്നും കൂടാതെ 2019 ലെ ഉത്തരവ് പ്രകാരം താൽക്കാലിക തസ്തികകളിൽ നിയമനം നടത്തുന്നതിന് സർക്കാർ അനുമതി ആവശ്യമാണെന്നും അനുമതി കൂടാതെ നിയമനം നടത്തിയാൽ വേതനം നൽകുന്നതിന് നിയമപരമായി തടസ്സമുണ്ടാകുമെന്നും ജില്ലാ പഞ്ചായത്ത് സെക്രട്ടറി കമ്മറ്റിയെ അറിയിച്ചിരുന്നു. ഇതിനെയെല്ലാം മറികടന്നാണ് ഭരണ സമതി അനധികൃത നിയമനം നടത്തിയത്. നിയമവിരുദ്ധമായ നിയമനം റദ്ദ് ചെയ്യണമെന്നും ഇതുവരെ നൽകിയ ശമ്പളം ഭരണസമിതി അംഗങ്ങളിൽ നിന്ന് ഈടാക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകുമെന്നും ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ പറഞ്ഞു.


  പത്രസമ്മേളനത്തിൽ യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്  ശാരി ബിനു ശങ്കർ,അസംബ്ലി പ്രസിഡന്റ്മാരായ ആൽബിൻ മണ്ണഞ്ചേരിൽ, ആനന്ദ് തോമസ്,യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അലൻ സി മനോജ്‌, കെ. എസ്.യു ജില്ലാ സെക്രട്ടറി അഭിലാഷ് വാലുമേൽ എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News