Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Apr 2024 10:47 IST
Share News :
വിനീത് ശ്രീനിവാസൻ തിരക്കഥ രചിച്ച് സംവിധാനം നിർവഹിച്ച വർഷങ്ങൾക്ക് ശേഷം ഒറ്റ വാക്കിൽ പറഞ്ഞാൽ തരക്കേടില്ലാത്ത ഒരു സിനിമാ അനുഭവം പ്രേക്ഷകർക്ക് നൽകി എന്ന് പറയാം. സിനിമാ മോഹം പേറി കോടമ്പാക്കത്തേക്ക് വണ്ടി കയറിയ ഒരു കാലഘട്ടത്തെയും അന്നത്തെ ജീവിതവും യാതനകളും ഭാഗ്യനിർഭാഗ്യങ്ങളുമെല്ലാം വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച ചിത്രം സംഗീതത്തിനും നർമത്തിനും പ്രാധാന്യം നൽകിയ ഒരു ക്ലീൻ കുടുംബ ചിത്രമാണ് എന്നതിൽ സംശയമില്ല. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നീത പിള്ള എന്നിവർ നായികമാരായി എത്തുന്നു. 1970 കളിൽ നടക്കുന്ന കഥയിൽ മുരളി (പ്രണവ്), വേണു(ധ്യാൻ) എന്നീ രണ്ട് ചെറുപ്പക്കാർ സിനിമാ മോഹവുമായി കോടമ്പാക്കത്തേക്കെത്തുകയാണ്. അവിടെ പല പ്രാരാബ്ധങ്ങളോടും പടവെട്ടിയ അവർ ഏതോ ജീവിത സാഹചര്യങ്ങളുടെ പ്രേരണയിൽ പിരിയുകയും വർഷങ്ങൾക്ക് ശേഷം കണ്ടു മുട്ടുകയും ചെയ്യുകയാണ്. അതിനിടയിൽ സംഭവിക്കുന്ന സ്വാഭാവിക സംഭവവികാസങ്ങൾ മനോഹരമായ സംഗീതത്തിന്റെയും നർമത്തിന്റെയും അകമ്പടിയിലേക്ക് പ്ലേസ് ചെയ്തപ്പോഴാണ് ഒരു വിനീത് ശ്രീനിവാസൻ ചിത്രം എന്ന ഫീൽ പ്രേക്ഷകന് സമ്മാനിക്കുന്നത്. ഒരർത്ഥത്തിൽ, എല്ലാ തരം കാഴ്ചക്കാരെയും തൃപ്തിപ്പെടുത്താൻ ചിത്രത്തിനായിട്ടുണ്ട്. സിനിമയ്ക്കുള്ളിലെ ഒരു പ്രമേയവുമായി എത്തിയപ്പോൾ അത് വ്യത്യസ്‌തത നൽകുന്നതുമായി.
1970 കളിലെ കോടമ്പാക്കവും അവിടത്തെ സ്വാമി ഹോട്ടലും സ്റ്റുഡിയോകളും അതേപടി സെറ്റിട്ടൊരുക്കാൻ ഈ വിനീത് സിനിമയ്ക്ക് കഴിഞ്ഞു എന്ന് പല സിനിമാക്കാരും അഭിപ്രായപ്പെട്ടിട്ടുണ്ടായിരുന്നു. മലയാള സിനിമയിൽ ഇന്ന് കാണുന്ന പഴയ കാല കഥാ ട്രെൻഡ് പറഞ്ഞ് വിജയിപ്പിക്കാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്. എടുത്തു പറയേണ്ടത് സംഗീതം തന്നെയാണ്. കഥയുടെ സിനിമായാത്രയ്‌ക്കൊപ്പം ഒഴുകിപ്പരക്കുന്ന മ്യൂസിക്! വിനീത് -പ്രണവ് ടീമിന്റെ മുൻ ചിത്രം 'ഹൃദയം' പോലെ ഹൃദ്യമാകുന്ന സംഗീതവും പശ്ചാത്തലവും സിനിമയുടെ ഹൈ ലൈറ്റ് ആണ്.
ഒരു മൾട്ടി സ്റ്റാർ ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. നിവിൻ പോളി, ആസിഫ് അലി,ബേസിൽ ജോസഫ്, നീരജ് മാധവ്,അജു വർഗീസ്, അർജുൻ ലാൽ, ദീപക് പറമ്പോൾ, ഭഗത് മാനുവേൽ.... താര നിര അങ്ങനെ നീളുന്നു.... കൂടെ ഒരു കഥാപാത്രവുമായി വിനീത് ശ്രീനിവാസനും എത്തുന്നു. ഇവരിൽ നിവിൻ പോളിയെ സുഹൃത്ത് കൂടിയായ സംവിധായകൻ അഴിഞ്ഞാടാൻ വിട്ടിട്ടുണ്ടെന്നത് ശ്രദ്ധേയം. കടുത്ത മത്സരം നടക്കുന്ന യുവ താരനിരയിൽ തന്റെയൊരു സ്ഥാനം നില നിർത്താൻ നിധിൻ മോളി എന്ന സിനിമാ താരത്തിന്റെ വേഷം മികച്ചതാക്കിയ നിവിൻ പോളിക്ക് കഴിഞ്ഞു.
പ്രണവ് മോഹൻലാലിനെ നന്നായി പ്ലേസ് ചെയ്യിക്കാനും ഡയറക്റ്റർ ക്രാഫ്റ്റ് ഗുണം ചെയ്തിട്ടുണ്ട്. പലയിടത്തും തന്റെ അച്ഛനെ അനുകരിക്കാൻ പ്രണവ് ശ്രമിച്ചിട്ടുണ്ട്. പഴയ വിന്റേജ് ലാലേട്ടനെ സ്‌ക്രീനിൽ പ്രതിഷ്ഠിക്കാനുള്ള വിനീതിന്റെ ഭാവന കൊള്ളാം. പക്ഷെ ലാലേട്ടൻ ലാലേട്ടൻ തന്നെയാണ്... അത് അനുകരിക്കാൻ കഴിയാത്ത ഒരു പ്രതിഭാസവുമാണ്. എങ്കിലും പ്രണവ് തന്റെ റോൾ ഭംഗിയാക്കിയിട്ടുണ്ട്. ജ്യേഷ്ടൻ വിനീത് ശ്രീനിവാസൻ തന്നെ സംവിധാനം ചെയ്ത 'തിര' യിലൂടെയാണ് ധ്യാൻ അഭിനയ ലോകത്തെത്തുന്നത്. എന്നാൽ, അഭിനയത്തിൽ വേണ്ടത്ര ഒതുക്കം പ്രകടിപ്പിക്കാത്ത ഒരു നാടനായാണ് വിലയിരുത്തപ്പെട്ടത്. വർഷങ്ങൾക്ക് ശേഷം സാഹചര്യം മനസ്സിലാക്കി തന്റെ കഥാപാത്രം മികവുറ്റതാക്കുന്നതിൽ ധ്യാൻ വിജയിച്ചിട്ടുണ്ട്. വേണു കൂത്തുപറമ്പിന്റെ കൗമാരവും യുവത്വവും വാർദ്ധക്യവും അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ ഈ നടൻ വിജയിച്ചുവെന്ന് സാരം. അജു ആയാലും ബേസിൽ ആയാലും കിട്ടിയ റോൾ തരക്കേടില്ലാതെ ചെയ്തിട്ടുണ്ട്. സ്ത്രീ കഥാപാത്രങ്ങൾക്ക് വലിയ പ്രാധാന്യം ഇല്ലാത്തത് കൊണ്ട് നീത പിള്ളയ്ക്കും കല്യാണിക്കും കാര്യമായിട്ടൊന്നും ചെയ്യാനില്ല.
വിനീതിന്റെ തിരക്കഥയും സംവിധാനവും മികച്ചതെന്ന് അഭിപ്രായമില്ലെങ്കിലും മോശമല്ല. ഇതുവരെ ആരും പറയാത്ത പ്രമേയം പതിവ് ചേരുവകളിൽ പറഞ്ഞു വെച്ചതാണെങ്കിലും ചിത്രം ബോറില്ലാതെ കണ്ടിരിക്കാം. വിശ്വജിത്തിന്റെ ഛായാഗ്രഹണമികവും കാഴ്ചക്കാരെ കോടമ്പാക്കത്തേക്ക് കൂട്ടിക്കൊണ്ട് പോവുന്നു. സംഗീതത്തെ പറ്റി നേരത്തെ സൂചിപ്പിച്ചതാണ്. അമൃത് രാംനാഥ് ആണ് ഈ വിഭാഗം കൈകാര്യം ചെയ്തത്. ചിത്ര സംയോജനം രഞ്ജൻ എബ്രഹാം.
മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യം നിർമിച്ചിരിക്കുന്നു...
റേറ്റിംഗ് :3/5
✍️സൈഫുദ്ദിൻ റോക്കി
Follow us on :
Tags:
More in Related News
Please select your location.