Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Aug 2024 17:05 IST
Share News :
കോട്ടയം: നാടിനെ ബാധിക്കുന്ന എല്ലാ സാമൂഹികവിഷയങ്ങളിലും ഏറ്റവും ഉത്തരവാദിത്തത്തോടു കൂടി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീയെന്നു സഹകരണ-തുറമുഖ-ദേവസ്വം വകുപ്പു മന്ത്രി വി.എൻ. വാസവൻ. വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി കോട്ടയം ജില്ലയിലെ കുടുംബശ്രീ അംഗങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 1.24 കോടി രൂപയുടെ ചെക്ക് ഏറ്റുവാങ്ങിക്കൊണ്ടു സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ 78 സി.ഡി.എസ്സ്. മുഖേന അയൽക്കൂട്ട അംഗങ്ങൾ, ജീവനക്കാർ, സഹസംവിധാനങ്ങൾ എന്നിവരിൽനിന്ന് 1,24,07297 രൂപയാണ് 'ഞങ്ങളുമുണ്ട് കൂടെ' ക്യാമ്പയിനിലൂടെ കുടുംബശ്രീ വയനാട് ഉരുൾ പൊട്ടൽ ദുരിതബാധിതർക്കായി സമാഹരിച്ചത്.
അർബൻ കോർപ്പറേറ്റീവ് ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ അഭിലാഷ് കെ. ദിവാകർ, അസിറ്റ്ന്റ് കോഡിനേറ്റർ പ്രകാശ് ബി. നായർ, ലൈഫ് മിഷൻ കോഡിനേറ്റർ ഷെറഫ് പി. ഹംസ എന്നിവർ പ്രസംഗിച്ചു. ജില്ലയിലെ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്‌സൺമാർ, ജില്ലാ മിഷൻ ഭാരവാഹികൾ, സി.ഡി.എസ്. അക്കൗണ്ടന്റുമാർ എന്നിവർ പങ്കെടുത്തു.
ചടങ്ങിൽ ഏറ്റുമാനൂർ ബ്‌ളോക്കിലെ സ്റ്റാർട്ടപ്പ് വില്ലേജ് എന്റർപ്രണർഷിപ്പ് (എസ്.വി.ഇ.പി.) പദ്ധതിയിലെ സംരംഭകർ തയാറാക്കിയ ഓണക്കിറ്റ് വിതരണംഉദ്ഘാടനം മന്ത്രി വി.എൻ. വാസവന് നൽകിക്കൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു നിർവഹിച്ചു. ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടു സംരംഭ രൂപീകരണത്തിനായി ആരംഭിച്ച പദ്ധതിയാണ് എസ്.വി.ഇ.പി.
Follow us on :
Tags:
More in Related News
Please select your location.