Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Nov 2024 14:33 IST
Share News :
കോട്ടയം: വിഴിഞ്ഞം തുറമുഖം വികസനം: കേന്ദ്രത്തിനെതിരെ തുറമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. കേന്ദ്ര സർക്കാർ തങ്ങളുടെ പകപോക്കൽ സമീപനം വിഴിഞ്ഞത്തിന്റെ കാര്യത്തിലും തുടരുകയാണ്. പക്ഷപാതപരമായ നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മന്ത്രി കോട്ടയത്ത് പറഞ്ഞു. ഇക്കാര്യം സൂചിപ്പിച്ച് മുഖ്യമന്ത്രി കേന്ദ്ര മന്ത്രി നിർമ്മല സീതാരാമന് കത്തയച്ചിട്ടുണ്ട്. കേന്ദ്രം വയബിലിറ്റി ഗ്യാപ് ഫണ്ട് ആയി 817 കോടി രൂപ നൽകേണ്ടതുണ്ട്. ഈ പണം ലോൺ ആയിട്ടായിരിക്കും തരുന്നതെന്നാണ് കേന്ദ്രം പറയുന്നത്. അങ്ങനെ ആണെങ്കിൽ തിരിച്ചു അടക്കേണ്ടത് പതിനായിരം കോടിക്കണക്കിന് മുകളിൽ വരും. തൂത്തുകുടി പോർട്ടിന് 1411 കോടി വയബിലിറ്റി ഗ്യാപ് ഫണ്ട് നൽകിയപ്പോൾ നിബന്ധന വച്ചില്ലെന്നും മന്ത്രി.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് സംസ്ഥാന സർക്കാർ പലമടങ്ങായി തിരിച്ചടക്കണം എന്ന കേന്ദ്ര സർക്കാർ നിബന്ധന സംസ്ഥാനത്തോടുള്ള ചതിയും വിവേചനവുമാണ്. അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള പി.പി.പി പദ്ധതികളിൽ വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (വിജിഎഫ്) ലഭിച്ച ആദ്യത്തെ തുറമുഖ പദ്ധതിയാണ് വിഴിഞ്ഞം തുറമുഖം. ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് (ധനമന്ത്രാലയം) രൂപീകരിച്ച എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നൽകാൻ ശുപാർശ നൽകിയത്. ഈ തുക ലഭിക്കണമെങ്കിൽ വിജിഎഫ് കേരള സർക്കാർ നെറ്റ് പ്രസൻ്റ് മൂല്യം. (എൻ പി വി ) അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്ന നിബന്ധന അതോടൊപ്പം മുന്നോട്ടു വച്ചിരിക്കുകയാണ്. അതിനർത്ഥം ഇപ്പോൾ നൽകുന്ന തുക 817.80 കോടി രൂപയാണെങ്കിൽ തിരിച്ചടവിൻ്റെ കാലയളവിൽ പലിശ നിരക്കിൽ വരുന്ന മാറ്റങ്ങളും തുറമുഖത്തിൽ നിന്നുള്ള വരുമാനവും പരിഗണിച്ചാൽഏതാണ്ട് 10000-12000 കോടി രൂപയായി തിരിച്ചടക്കണം എന്നാണ്.
വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡങ്ങൾക്ക് അനുസരിച്ച് കൺസഷനയർക്ക് നൽകിയ തുക തിരിച്ചടയ്ക്കേണ്ടതള്ള. അതു ഒറ്റത്തവണ ഗ്രാൻ്റായി നൽകുന്നതാണ്. വായ്പയായി പരിഗണിക്കേണ്ടതല്ല.
വിജിഎഫ് ലഭ്യമാക്കുന്നതിനുള്ള കരാർ ഉണ്ടാക്കുന്നത് കേന്ദ്ര സർക്കാരും അദാനി കമ്പനിയും തുക നൽകുന്ന ബാങ്കും തമ്മിലാണ്. എന്നാൽ തിരിച്ചടക്കാനുള്ള കരാർ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ വേണം എന്നാണ് വിചിത്രമായ നിബന്ധന. വി ജി എഫ് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സംയുക്തമായി നൽകാൻ തീരുമാനിച്ചതാണ്. അതിൽ കേന്ദ്ര വിഹിതമാണ് 817.80 കോടി രൂപ. സംസ്ഥാന വിഹിതം 817.20 കോടി രൂപയാണ്. ഈ വിഹിതം സംസ്ഥാനം നേരിട്ട് അദാനി പോർട്ട് കമ്പനിക്ക് നൽകും. അതേ സമയമാണ്, കേന്ദ്രം നൽകുന്ന തുക വിഴിഞ്ഞം അന്താരാഷ്ട തുറമുഖ കമ്പനിക്ക് (വിസിൽ) ലാഭവിഹിതം ലഭിച്ചു തുടങ്ങുമ്പോൾ അതിന്റെ ഇരുപതു ശതമാനം വെച്ച് കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ നൽകണം എന്നതാണ് വ്യവസ്ഥ വെച്ചിരിക്കുന്നത്. ഇപ്പോൾ കേന്ദ്ര സർക്കാർ തങ്ങൾ നൽകിയ തുക സംസ്ഥാന സർക്കാരിനു നൽകിയ വായ്പയായി വ്യാഖ്യാനിക്കുകയും അതിൻ്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സർക്കാരിൻ്റെ തലയിൽ കെട്ടിവയ്ക്കുകയുമാണ് ചെയ്യുന്നത്. ഇത് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിൻ്റെ യുക്തിയെ തന്നെ നിരാകരിക്കുന്നതാണ് - മന്ത്രി കൂട്ടിച്ചേർത്തു.
കസ്റ്റംസ് ഡ്യൂട്ടിയായി പിരിച്ചെടുക്കുന്ന ഓരോ ഒരു രൂപയിൽ നിന്നും ഇന്ത്യാ ഗവൺമെൻ്റിലേക്ക് വരുന്ന വിഹിതം ഏകദേശം 60 പൈസയാണ്, അതേസമയം കേരള സംസ്ഥാനത്തിന് 3 പൈസയിൽ താഴെ മാത്രമേ കൈവശം വയ്ക്കാൻ കഴിയൂ. വളരെ മിതമായ വിലയിരുത്തലിൽ പോലും ഇന്ത്യാ ഗവൺമെൻ്റിന് പ്രതിവർഷം 6000 കോടി രൂപയുടെ അധിക വരുമാനം വിഴിഞ്ഞം തുറമുഖം വഴി ലഭിക്കും. എന്നിട്ടും സംസ്ഥാന സർക്കാരിനു മേൽ അധിക ബാധ്യത ചുമത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.