Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Jul 2024 19:35 IST
Share News :
അക്രമാസക്തരായി തെരുവുനായ്ക്കൾ; അനങ്ങാപാറ നയവുമായി ഭരണാധികാരികൾ
പറവൂർ: നഗരസഭയിലും സമീപ പ്രദേശങ്ങളിലും തെരുവുനായ്ക്കളുടെ ആക്രമണം ഭയന്ന് ജനങ്ങൾ നട്ടം തിരിയുമ്പോഴും കണ്ടില്ലെന്നു നടിക്കുന്ന അധികാരികൾക്കെതിരെ അമർഷം പുകയുന്നു. കഴിഞ്ഞ രണ്ടു ദിവസം 9 പേരാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിനിരയായത്.
ഇന്നലെ രാവിലെ പെരുവാരം - കിഴേക്കേപ്രം മേഖലയിൽ നാല് പേരെ നായ കടിച്ചു. നന്തികുളങ്ങര സ്വദേശി സുബ്രഹ്‌മണ്യൻ, തമിഴ്‌നാട് സ്വദേശി കുമാരസ്വാമി, ഡിഗ്രി വിദ്യാർഥിനി കൃഷ്ണപ്രിയ, റിട്ട. എക്സൈസ് ഉദ്യോഗസ്‌ഥൻ രവി എന്നിവർക്കാണ് കടിയേറ്റത്. ഏഴിക്കരയിൽ വ്യാഴാഴ്ച വൈകിട്ട് ആശുപത്രിപ്പടി മുതൽ ആയപ്പിള്ളിപ്പടി വരെയുള്ള ഭാഗത്തായിരുന്നു നായയുടെ ആക്രമണം. ആശുപത്രിപ്പടി ഭാഗത്തു വച്ചു സുലൈമാൻ, സുറുമിന എന്നിവരെയും ആയപ്പിള്ളി പടിയിൽ വച്ചു ഷീമോൾ ബാബു തളിയപ്പുറത്ത്, ആഗ്നസ് മാമ്പിള്ളി എന്നിവരെയും കടിച്ചു. ഇടിമൂല കവലയിൽ വച്ചാണ് മുകുന്ദൻ പുല്ലേലിനു കടിയേറ്റത്. സുലൈമാൻ്റെ കാലിൽ ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കടിയേറ്റവരെല്ലാം പറവൂർ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലുമായി ചികിത്സ തേടി. ഏഴിക്കരയിൽ ആക്രമണം നടത്തിയത് ഉപേക്ഷിക്കപ്പെട്ട വളർത്തുനായ ആണെന്നാണ് നിഗമനം. നഗരസഭയിലും സമീപ പഞ്ചായത്തുകളിലും തെരുവുനായ്ക്കളുടെ നിയന്ത്രണ പദ്ധതികൾ ഒന്നും നടപ്പാക്കുന്നില്ല. ഏതാനും ആഴ്‌ചകൾക്ക് മുൻപു ചേന്ദമംഗലം പഞ്ചായത്തിലെ ഗോതുരുത്തിൽ ആറ് തെരുവുനായ്ക്കൾ കൂട്ടമായി ആക്രമിക്കാൻ വരുന്നതു കണ്ടു ഭയന്നു സൈക്കിളിൽ നിന്നു വീണു യുവാവിനു പരുക്കേറ്റിരുന്നു. ഏതാനും ദിവസങ്ങൾക്കു മുമ്പ് കോട്ടുവള്ളി, കൂനമ്മാവ് പ്രദേശങ്ങളിൽ കടിയേറ്റവരും ചികിത്സയിലാണ്. തെരുവുനായ്ക്കളെ നിയന്ത്രിക്കാൻ പദ്ധതികളുണ്ടെങ്കിലും നടപ്പാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ തയ്യാറാകുന്നില്ല. കടിയേറ്റവർ അനുഭവിക്കുന്ന ബുദ്ധിമുട്ടും ചികിത്സ ചിലവും ഭരണാധികാരികളെ ബാധിക്കുന്നുമില്ല.
Follow us on :
Tags:
More in Related News
Please select your location.