Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 May 2024 20:22 IST
Share News :
കോട്ടയം: സഹപ്രവർത്തകനായ ആസാം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശിയായ പാണ്ടി ദുരൈ (29) എന്നയാളെയാണ് വാകത്താനം പോലീസ് അറസ്റ്റ് ചെയ്തത്. വാകത്താനം ഭാഗത്ത് ഇരുവരും ജോലി ചെയ്തിരുന്ന കോൺക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ ഇതേ കമ്പനിയിലെ ഹെൽപ്പർ ആയി ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ ലേമാൻ കിസ്ക് (19) എന്നയാളെ കമ്പനിയിലെ വേസ്റ്റ് കുഴിക്കുള്ളിൽ താഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു.
ഏപ്രിൽ 28 ആം തീയതി വാകത്താനം ഭാഗത്തുള്ള പ്രീഫാബ് കോൺക്രീറ്റ് കമ്പനിയിലെ വേസ്റ്റ് കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് വാകത്താനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രഥമ ദൃഷ്ടിയില്‍ അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ ഇത് കൊലപാതകമാണെന്ന് കണ്ടെത്തുകയുമായിരുന്നു.
ഏപ്രിൽ 26 ആം തീയതി ജോലിക്ക് എത്തിയ യുവാവ് മിക്സർ മെഷീനുള്ളിൽ ക്ലീൻ ചെയ്യാൻ ഇറങ്ങിയ സമയം പാണ്ടി ദുരൈ മെഷീന്റെ സ്വിച്ച് ഓൺ ചെയ്യുകയും, തുടര്‍ന്ന് മെഷീനുള്ളിൽ നിന്ന് താഴെ വീണ യുവാവിനെ ജെസിബി ഉപയോഗിച്ച് കമ്പനിയുടെ വേസ്റ്റ് കുഴിയിൽ കൊണ്ട് തള്ളുകയുമായിരുന്നു. ഇതിനുശേഷം ഇയാൾ കമ്പനിയിൽ സ്ലേറി വേസ്റ്റ് സൂക്ഷിച്ചിരുന്ന സ്ഥലത്തെത്തി ജെസിബി കൊണ്ട് ഈ വേസ്റ്റ് ടിപ്പറിലാക്കിയതിനു ശേഷം യുവാവ് കിടന്നിരുന്ന വേസ്റ്റ് കുഴിയിലേക്ക് കൊണ്ട് തള്ളുകയും ചെയ്തു. പിന്നീട് രണ്ട് ദിവസത്തിനുശേഷം മൃതദേഹം കൈ ഉയർന്ന നിലയിൽ വേസ്റ്റ് കുഴിക്കുള്ളിൽ കാണപ്പെടുകയായിരുന്നു. കമ്പനിയിലെ ഇലക്ട്രീഷ്യൻ വർക്ക് കൂടി ചെയ്തിരുന്ന പാണ്ടി ദുരൈ, സംഭവസമയത്ത് സംഭവസ്ഥലത്തെ സി.സി.ടി.വി ഇൻവെർട്ടർ തകരാർ ആണെന്ന് പറഞ്ഞ് ഓഫ് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Follow us on :
Tags:
More in Related News
Please select your location.