Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Nov 2024 19:58 IST
Share News :
വൈക്കം: സംരംഭക അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിൽ നിലവിലുള്ളതെന്നും മൂന്നരവർഷം കൊണ്ട് 3.25 ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കാൻ ഈ സർക്കാരിന് കഴിഞ്ഞുവെന്നും വ്യവസായ വകുപ്പു മന്ത്രി പി. രാജീവ്. വൈക്കം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച നിക്ഷേപ സംഗമത്തിന്റെ സമാപന സമ്മേളനം വൈക്കം വൈറ്റ് ഗേറ്റ് റെസിഡൻസി കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ കാലയളവിൽ 23,000 കോടി രൂപയുടെ നിക്ഷേപവും 7.75ലക്ഷം തൊഴിലവസരങ്ങളും 1,08,000 സ്ത്രീ സംരംഭകരെയും സൃഷ്ടിക്കാനായെന്നും. 31 സ്വകാര്യ വ്യവസായ പാർക്കുകൾക്കാണ് ഒരു വർഷം കൊണ്ട് അനുമതി നൽകിയതെന്നും ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിനായി 80 അപേക്ഷകളാണ് സർക്കാരിന് മുന്നിലെത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു. പഠിച്ചുകൊണ്ടുതന്നെ വിദ്യാർഥികൾക്കു ജോലി ചെയ്യാനുള്ള അവസരമാണ് ഒരുക്കുന്നതെന്നും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെങ്കിൽ 50 കോടി രൂപയിൽ താഴെ മുതൽമുടക്കുള്ള സംരംഭങ്ങൾക്ക് മിനിറ്റുകൾക്കകം അനുമതി ലഭിക്കുമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. വ്യവസായങ്ങൾ തുടങ്ങി ലൈസൻസ് എടുക്കുന്നതിനുള്ള സമയപരിധി മൂന്നര വർഷമായി വർദ്ധിപ്പിച്ചു കൊണ്ട് കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്ത് തീരുമാനമെടുത്തുവെന്നും മന്ത്രി പറഞ്ഞു. നിക്ഷേപ സംഗമത്തിൽ ഉണ്ടായ സംരംഭങ്ങളും പുതിയ സംരംഭകസാധ്യതകളും പരിശോധിക്കുന്നതിനായി ബ്ലോക്ക് , ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാർ വ്യവസായ വകുപ്പ് ജില്ലാ ജനറൽ മാനേജർ തുടങ്ങിയവർ ഉൾപ്പെട്ട സമിതി രൂപീകരിക്കുമെന്നും. എല്ലാമാസവും അവലോകനം നടത്തി ആറുമാസത്തിനുള്ളിൽ റിപ്പോർട്ട് വ്യവസായ വകുപ്പ് ഡയറക്ടർക്കു സമർപ്പിക്കണമെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. കയർ മുതൽ പപ്പടം വരെയും തുണിത്തരങ്ങൾ മുതൽ വിളക്കുതിരി വരെയുമുള്ള ചെറിയ സംരംഭങ്ങൾക്ക് അനന്തസാധ്യതകളാണ് വൈക്കം പോലുള്ള സ്ഥലങ്ങളിൽ ഉള്ളതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ചടങ്ങിൽ വൈക്കം സ്വദേശികളായ സംരംഭകരെ മന്ത്രി പി. രാജീവ് ആദരിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ ജെൻഡർ സ്റ്റാറ്റസ് പഠനറിപ്പോർട്ട് 'ഉന്നതി' സി.കെ. ആശ എം.എൽ.എയ്ക്കു നൽകി മന്ത്രി പി. രാജീവ് പ്രകാശനം ചെയ്തു.
ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കേരള കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ പി.എസ്. പുഷ്പമണി, ജില്ലാ പഞ്ചായത്തംഗം ഹൈമി ബോബി, നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സുകന്യ സുകുമാരൻ, പി. പ്രീതി, പി.കെ. ആനന്ദവല്ലി, ശ്രീജി ഷാജി, കെ.ആർ. ഷൈലകുമാർ, രമേശ് പി. ദാസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുലോചന പ്രഭാകരൻ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാർ, ജില്ലാ പ്ലാനിങ് ഓഫീസർ എം.പി. അനിൽകുമാർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ വി.ആർ. രാജേഷ്, ബി.ഡി.ഒ. കെ. അജിത്ത് എന്നിവർ പ്രസംഗിച്ചു. വ്യവസായ-ടൂറിസം വകുപ്പുകളുടെ സഹകരണത്തോടെയാണ് നിക്ഷേപക സംഗമം സംഘടിപ്പിച്ചത്. രാവിലെ നടന്ന ചടങ്ങിൽ സി.കെ. ആശ എം.എൽ.എ. നിക്ഷേപസംഗമം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രഞ്ജിത്ത് അധ്യക്ഷത വഹിച്ചു. വൈക്കത്തിന്റെ വികസനത്തിനു കുതിപ്പേകാൻ വൈക്കം ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച നിക്ഷേപക സംഗമത്തിൽ 135 കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ കെ രഞ്ജിത്ത് പറഞ്ഞു. ഹോസ്പിറ്റാലിറ്റി, വിനോദസഞ്ചാരം, ഫ്‌ളാറ്റ് നിർമ്മാണം, ഹൈഡ്രജൻ വാട്ടർ ഉൽപാദനം, റിസോർട്ടുകൾ തുടങ്ങി വിവിധ മേഖലകളിലാണ് സംരംഭകർ നിക്ഷേപ സന്നദ്ധത അറിയിച്ചത്.
Follow us on :
Tags:
More in Related News
Please select your location.