Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അപ്രതീക്ഷിതമായി മലവെള്ളം കുത്തിയൊലിച്ചെത്തി; തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ സഞ്ചാരികളെ സാഹസികമായി രക്ഷിച്ചു

03 Nov 2024 21:10 IST

ജേർണലിസ്റ്റ്

Share News :


തൊമ്മൻകുത്ത്: കനത്ത മഴയിൽ വെള്ളം കുത്തിയൊലിച്ചെത്തിയതിനെ തുടർന്ന് ഇടുക്കി തൊമ്മൻകുത്ത് വെള്ളച്ചാട്ടത്തിന് സമീപം കുടുങ്ങിയവരെ വനം വകുപ്പും ടൂറിസ്റ്റ് ഗൈഡുകളും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ഞായർ

വൈകിട്ട് നാലരയോടെ തൊമ്മൻകുത്ത് ഏഴ് നില കുത്തിന് സമീപമാണ് സംഭവം. അവധി ദിനമായിരുന്നതിനാൽ വെള്ളച്ചാട്ടം കാണാൻ സഞ്ചാരികളുടെ വലിയ തിരക്കുണ്ടായിരുന്നു. അപകട സമയം നൂറിലധികം ആളുകൾ വെള്ളച്ചാട്ടത്തിന് സമീപമുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. വെള്ളച്ചാട്ടത്തിന് സമീപം മഴയില്ലായിരുന്നെങ്കിലും ഇവിടേക്കുള്ള വെള്ളം ഒഴുകിയെത്തുന്ന മലനിരകളായ വെൺമണി, പാൽക്കുളംമേട്, മനയത്തടം എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഇവിടങ്ങളിൽ നിന്നുള്ള മലവെള്ളം അപ്രതീക്ഷിതമായി കുത്തിയൊലിച്ച് വെള്ളച്ചാട്ടത്തിലേക്കെത്തി. ഈ സമയം വെള്ളച്ചാട്ടത്തിന് താഴെയുള്ള ചെറിയ തുരുത്തിൽ ഫോട്ടോ എടുക്കുന്നതിനും കാഴ്ച്ച കാണുന്നതിനുമായി നിരവധിയാളുകൾ ഉണ്ടായിരുന്നു. മലവെള്ളത്തിൻ്റെ ശക്തി കൂടി വരുന്നതിനിടെ ചിലർ വസ്ത്രങ്ങൾ കൂട്ടിക്കെട്ടി മറുകരയിൽ നിന്നവരുടെ സഹായത്തോടെ രക്ഷപെട്ടു. എന്നാൽ അവിടെയുണ്ടായിരുന്ന യുവാവും യുവതിയും കുടുങ്ങിപ്പോയി. ഉടൻ തന്നെ വനം വകുപ്പുദ്യോഗസ്ഥരും സ്ഥലത്തുണ്ടായിരുന്ന ടൂറിസ്റ്റ് ഗൈഡുകളും സ്ഥലത്തേക്കെത്തി. ഗോവണി വച്ച് സമീപത്തെ മരത്തിലൂടെ കയറി ഇരുവർക്കും സമീപമെത്തി. തുടർന്ന് സാഹസികമായി ഇരുവരെയും മരത്തിലേക്ക് കയറ്റി ഗോവണി വഴി മറുകരയിൽ എത്തിച്ചാണ് രക്ഷപെടുത്തിയത്. പ്രദേശത്ത് മഴ ഇല്ലെങ്കിലും ഇവിടേക്കുള്ള വെള്ളത്തിൻ്റെ സ്രാതസുകളായ മല നിരകളിൽ മഴ പെയ്താൽ വെള്ളച്ചാട്ടത്തിലേക്ക് അനിയന്ത്രിതമായ തോതിൽ വെള്ളം കുത്തിയൊലിച്ചെത്തുമെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു. നീരൊഴുക്ക് വർദ്ധിച്ചപ്പോൾ തന്നെ തുരുത്തിലുണ്ടായിരുന്നവരിൽ ഭൂരിഭാഗം ആളുകളും കരയിലേക്ക് രക്ഷപെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.

Follow us on :

More in Related News