Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഇടുക്കിയില്‍ കോണ്‍ഗ്രസ് - ലീഗ് തര്‍ക്കം പരിഹരിച്ചെന്ന് യു.ഡി.എഫ് സംസ്ഥാന നേതൃത്വം

07 Oct 2024 21:06 IST

- ജേർണലിസ്റ്റ്

Share News :


തൊടുപുഴ: നഗരസഭയില്‍ മുസ്ലീംലീഗ് കൗണ്‍സിലര്‍മാരുടെ പിന്തുണയോടെ എല്‍.ഡി.എഫ് അധികാരത്തിലെത്തിയതിന് പിന്നാലെയുണ്ടായ കോണ്‍ഗ്രസ് - ലീഗ് അഭിപ്രായ ഭിന്നതയ്ക്ക് പരിഹാരമായെന്ന് യു.ഡി.എഫ് നേതാക്കള്‍ വ്യക്തമാക്കി. യു.ഡി.എഫ് സംസ്ഥാന സമിതി നിയോഗിച്ച സബ് കമ്മിറ്റി അംഗങ്ങളായ ജോസഫ് വാഴയ്ക്കന്‍, മോന്‍സ് ജോസഫ് എം.എല്‍.എ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ എന്നിവര്‍ തൊടുപുഴയിലെത്തി ജില്ലയിലെ കോണ്‍ഗ്രസ്, മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉണ്ടാക്കിയ ധാരണ തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ് എം.എല്‍.എ എന്നിവര്‍ക്ക് മുമ്പാകെ സമര്‍പ്പിച്ചു. തുടര്‍ന്ന് നേതാക്കള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പ്രശ്നപരിഹാരമായി. ഇതനുസരിച്ച് ചൊവ്വാഴ്ച തൊടുപുഴയില്‍ നടക്കുന്ന യു.ഡി.എഫിന്റെ പ്രതിഷേധ സദസ് ഉള്‍പ്പെടെയുള്ള എല്ലാ പരിപാടികള്‍ക്കും ജില്ലയിലെ യു.ഡി.എഫ് ഘടക കക്ഷികള്‍ ഒറ്റക്കെട്ടായി പങ്കെടുക്കണമെന്നും നേതാക്കള്‍ നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ജില്ലയിലെ മുസ്ലീംലീഗ് നേതൃത്വത്തിന് ഇപ്പോഴുള്ള ധാരണയില്‍ പൂര്‍ണ തൃപ്തിയില്ലെന്നാണ് സൂചന. ജില്ലയിലെ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും നേതാക്കളെ വെവ്വേറെയിരുത്തിയാണ് സംസ്ഥാന സമിതി നിയോഗിച്ച സബ് കമ്മിറ്റി അംഗങ്ങള്‍ ചര്‍ച്ച നടത്തിയത്. തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജില്ലയിലെ നേതാക്കളെ ഒരുമിച്ചിരുത്തി ഒരു ചര്‍ച്ച കൂടി നടത്തുമെന്ന് മൂന്ന് സബ് കമ്മിറ്റി അംഗങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നെന്നും ഇത് പാലിക്കാത്തതിനാലാണ് ഒരു വിഭാഗം ലീഗ് നേതാക്കള്‍ക്ക് അതൃപ്തിയുള്ളതുമെന്നാണ് സൂചന. അതിനാല്‍ ചൊവ്വാഴ്ച നടക്കുന്ന യു.ഡി.എഫിന്റെ പ്രതിഷേധ സദസില്‍ ലീഗ് പൂര്‍ണമായും പങ്കെടുക്കില്ലെന്നാണ് വിവരം. പ്രശ്നപരിഹാരം സംബന്ധിച്ച് കോണ്‍ഗ്രസ് നേതാക്കളും പ്രതികരിക്കാന്‍ തയ്യാറായില്ല. ഓഗസ്റ്റ് 12ന് നടന്ന തൊടുപുഴ നഗരസഭാ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ ഘടകകക്ഷികളായ കോണ്‍ഗ്രസും മുസ്ലീംലീഗും ഓരോ സ്ഥാനാര്‍ത്ഥികളെ വീതം നിര്‍ത്തിയതോടെയാണ് വ്യക്തമായ ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫിന് ഭരണം കൈവിട്ടുപോയത്. മൂന്ന് ഘട്ടങ്ങളായി നടന്ന വോട്ടെടുപ്പിന്റെ അവസാനഘട്ടത്തില്‍ എല്ലാവരെയും ഞെട്ടിച്ച് മുസ്ലീംലീഗ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്‌തോടെ യു.ഡി.എഫിന് ഉറപ്പായിരുന്ന ഭരണം ഇടതുപക്ഷത്തിന് ഭരണം കിട്ടി. തുടര്‍ന്ന് ദിവസങ്ങളോളം ഇരു പാര്‍ട്ടികളുടെയും നേതാക്കള്‍ പരസ്പരം വാക്‌പോര് തുടര്‍ന്നു. യു.ഡി.എഫുമായി സഹകരിക്കില്ലെന്നും ലീഗ് വ്യക്തമാക്കിയിരുന്നു. വൈസ് ചെയര്‍പേഴ്സനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും ലീഗ് വിട്ട് നില്‍ക്കുകയാണുണ്ടായത്.


Follow us on :

More in Related News